Soft News

തോല്‍ക്കാന്‍ മനസില്ല; സ്വപ്‌നങ്ങള്‍ക്ക് നിറമേകി ജിഷയും വിനിഷയും

തോല്‍ക്കാന്‍ മനസില്ല; സ്വപ്‌നങ്ങള്‍ക്ക് നിറമേകി ജിഷയും വിനിഷയും
X

കോട്ടയം: പിണങ്ങിനില്‍ക്കുന്ന ശരീരത്തെ മനസുകൊണ്ട് തോല്‍പ്പിച്ചാണ് ജിഷയും വിനിഷയും അക്ഷരനഗരിയിലെത്തി ചായക്കൂട്ടുകളാല്‍ സ്വപ്‌നം രചിക്കുന്നത്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമം' പരിപാടിയുടെ ഭാഗമായ വനിതാ ചിത്രകലാ ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ ഇരുവരുടെയും സ്വപ്‌നങ്ങളില്‍ നിറയെ യാത്രകളും പ്രകൃതിയുമാണ്. 'ഓസ്റ്റിയോ ജനിസിസ് ഇംപെര്‍ഫെക്ടാ' എന്ന എല്ലുകള്‍ ഒടിഞ്ഞുപോവുന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറിലാണ് കണ്ണൂര്‍ ആലക്കോട് മഠത്തില്‍വീട്ടില്‍ എം ആര്‍ ജിഷ. വീല്‍ചെയറിലെ ജീവിതത്തിനിടയില്‍ നിറക്കൂട്ടുകളെയും ബ്രഷുകളെയും ചേര്‍ത്തുപിടിച്ചു.

വരകളിലധികവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ്. ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹിച്ച മലകളും മരങ്ങളുമാണ് ചിത്രങ്ങളില്‍ നിറയുന്നത്. കുറഞ്ഞത് 15 തവണയെങ്കിലും ജിഷയുടെ ശരീരത്തിലെ പലഭാഗങ്ങളിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. അശ്രദ്ധമായ ചെറിയ അനക്കങ്ങള്‍ പോലും ശരീരത്തിന് ആഘാതം സൃഷ്ടിക്കും. സ്‌കൂളിലേക്കുള്ള യാത്രയടക്കം ബുദ്ധിമുട്ടിലായതോടെ പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. വേദനകള്‍ക്കിടയില്‍ ജിഷയ്ക്ക് ചായക്കൂട്ടുകള്‍ കൂട്ടായി. 2009 ലും 2010 ലും സൂര്യ ഫെസ്റ്റിവലിലടക്കം വിവിധ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ജിഷയുടെ ചിത്രങ്ങള്‍ക്ക് ചിറകേകുന്നത് അമ്മ ഭാര്‍ഗവിയും അനിയന്‍ ജിതിനുമാണ്. അവരോടൊപ്പമാണ് ജിഷ കോട്ടയത്തെത്തിയത്.

മലപ്പുറം ജില്ല വിട്ട് ആദ്യമായി യാത്രചെയ്തതിന്റെ സന്തോഷത്തിലാണ് അങ്ങാടിപ്പുറം തട്ടാരക്കാട് ഓര്‍ക്കോട്ടുപറമ്പില്‍ ഒ വിനിഷ. പേശികളുടെ ശക്തി തിരിച്ചുകിട്ടാത്തവിധം ക്രമേണ കുറഞ്ഞുവരുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അസ്‌ട്രോഫിയെന്ന ജനിതക രോഗ ബാധിതയാണ് ഇരുപത്തിമൂന്നുകാരിയായ വിനിഷ. ചിത്രങ്ങള്‍ വരയ്ക്കാന്‍ അധികനേരം ബ്രഷ് കൈയില്‍ പിടിക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിലും നിറങ്ങളില്‍ സ്വപ്‌നം ചാലിച്ച് കാന്‍വാസില്‍ മനോഹര ചിത്രങ്ങള്‍ തീര്‍ക്കുന്നു. ജന്‍മനായുള്ള ശാരീരിക അവശതകളെ മറികടന്ന് പ്ലസ്ടു പൂര്‍ത്തീകരിച്ചശേഷം വിദൂരവിദ്യാഭ്യാസം വഴി കാലിക്കട്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം നടത്തുകയാണ് വിനിഷ.

ഒമ്പതാം ക്ലാസിലാണ് ചിത്രകലയിലേക്ക് തിരിഞ്ഞത്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് വിനിഷയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. അമ്മ സരസ്വതിയും അച്ഛന്‍ ശിവശങ്കരനും ചേട്ടനും അനിയത്തിയും വിനിഷയുടെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് കരുത്തായി നിന്നു. യൂട്യൂബിലടക്കം നോക്കിയാണ് ചിത്രകല പഠിച്ചത്. തുടര്‍ച്ചയായി ഇരിക്കാനോ ബ്രഷ് പിടിക്കാനോ കഴിയാത്തതിനാല്‍ ഫിസിയോതെറാപ്പിയിലൂടെ ശാരീരിക അവശതകളെ മറികടക്കാനുള്ള കഠിനശ്രമം നടത്തുന്നു. മൈന്‍ഡ് എന്ന ഗ്രൂപ്പിലൂടെയാണ് ചിത്രകലാ ക്യാംപിനെക്കുറിച്ച് അറിഞ്ഞത്.

മാതാപിതാക്കളെ ആഗ്രഹമറിയിച്ചപ്പോള്‍ അവര്‍ ഒപ്പം നിന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതാ കലാകൃത്തുക്കള്‍ക്കൊപ്പം അഞ്ചുദിവസം ക്യാംപില്‍ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് മകളെന്ന് അമ്മ സരസ്വതി പറയുന്നു. നിരവധി കലാകാരന്‍മാര്‍ ഇരുവര്‍ക്കും പിന്തുണയേകി ക്യാംപിലെത്തുന്നുണ്ട്. നവംബര്‍ 30 വരെ നടക്കുന്ന വനിത ചിത്രകലാ ക്യാംപില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 25 കലാകാരികള്‍ പങ്കെടുക്കുന്നു. വിദ്യാര്‍ഥിനികള്‍ക്കായി ചിത്രകലാ കളരിയും നടക്കുന്നു. ക്യാംപിന്റെ ഭാഗമായി 20,000 രൂപ വീതം ലളിതകലാ അക്കാദമി പങ്കെടുക്കുന്ന കലാകൃത്തുക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന് ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

Next Story

RELATED STORIES

Share it