ബിനാലെയില്‍ ഓസ്‌ട്രേലിയയിലെ തനത് മനുഷ്യ ഗോത്രങ്ങളെ കുറിച്ച് പ്രദര്‍ശനവുമായി ബ്രൂക്ക് ആന്‍ഡ്രൂ

ബിനാലെയില്‍ ഓസ്‌ട്രേലിയയിലെ തനത് മനുഷ്യ ഗോത്രങ്ങളെ കുറിച്ച്  പ്രദര്‍ശനവുമായി ബ്രൂക്ക് ആന്‍ഡ്രൂ

കൊച്ചി: ആദിമമനുഷ്യന്റെ ചരിത്രവും അവനു മേല്‍ കോളോണിയല്‍ ആധിപത്യം വരുത്തിയ പ്രതിഫലനങ്ങളും തുറന്നു കാട്ടുകയാണ് ഓസ്‌ട്രേലിയയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബ്രൂക്ക് ആന്‍ഡ്രൂ എന്ന കലാകാരന്‍. സാമ്രാജ്യത്വ ശക്തികള്‍ ഓസ്‌ട്രേലിയയിലെ ആദിവാസി സമൂഹത്തോട് ചെയ്ത കെടുതികളെക്കുറിച്ചും അത് ഇന്ത്യയിലെ സാമ്രാജ്യത്വ ചരിത്രവുമായുള്ള താരതമ്യവും അന്വേഷിക്കുന്നതാണ് ബ്രൂക്ക് ആന്‍ഡ്രൂവിന്റെ ബിനാലെ പ്രതിഷ്ഠാപനം.


കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദികളിലൊന്നായ മട്ടാഞ്ചേരി ടികെഎം വെയര്‍ ഹൗസിലാണ് ബ്രൂക്ക് ആന്‍ഡ്രൂവിന്റെ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. കാറ്റുനിറച്ച ബലൂണ്‍ പ്രതിമകള്‍ അടങ്ങിയ സീയിംഗ I-IV,സ്‌ക്രീന്‍ പ്രിന്റിംഗ് നടത്തിയ ഇന്‍കോസിക്വെന്‍ഷ്യല്‍ I-IV എന്നിവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലെക്കുമുള്ള സാമ്രാജ്യത്വ കുടിയേറ്റത്തിന്റെ കഥയാണ് സൃഷ്ടികളിലൂടെ അദ്ദേഹം പറയുന്നത്. കേരളത്തിലെയും ഓസ്‌ട്രേലിയയിലെയും സാമ്രാജ്യത്വ ബന്ധങ്ങളുടെ താരതമ്യവും നടത്തുകയാണ് 48 കാരനായ ബ്രൂക്ക്.

ഓസ്‌ട്രേലിയയിലെ ആദിവാസി സമൂഹമായ വിരാദ്ജുറി വംശത്തിലാണ് ബ്രൂക്ക് ജനിച്ചത്. അമ്മ വിരാദ്ജുറിയും അച്ഛന്‍ യൂറോപ്യനുമായിരുന്നു. ബിനാലെ പ്രതിഷ്ഠാപനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മലയാളവും വിരാദ്ജുറി ഭാഷയുമാണ്. 2020 ലെ ബിനാലെ ഓഫ് സിഡ്‌നിയുടെ കലാസംവിധായകന്‍ കൂടിയാണ് ബ്രൂക്ക്.കാറ്റു നിറച്ച വലിയ ഗോളങ്ങളാണ് സീയിംഗ് എന്ന പ്രതിഷ്ഠാപനത്തില്‍ ബ്രൂക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മരങ്ങളിലും ഷീല്‍ഡുകളിലും മറ്റ് കൊത്തിയിരിക്കുന്ന വരകളാണ് സീയിംഗ് എന്നതിലുള്ളത്.

മരത്തിന്റെ തോലി ചെത്തി ഐ സിയൂ എന്നെഴുതിയിട്ടുള്ളത് പലയിടങ്ങളിലും സാധാരണ കാഴ്ചയാണ്. അതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഐ സീ യു എന്ന സൃഷ്ടി. പുരാതന കൊത്തുപണികളും ഫോട്ടോഗ്രാഫുകളുമടങ്ങളുന്നതാണ് ഇന്‍കോണ്‍സിക്വെന്‍ഷ്യല്‍ എന്ന പ്രതിഷ്ഠാപനം. വ്യക്തിഗതവും മ്യൂസിയത്തില്‍ നിന്നുള്ളതുമാണ് ഈ സൃഷ്ടികള്‍. സാമ്രാജ്യത്വത്തിനു മുമ്പുള്ള ഓസ്‌ട്രേലിയന്‍ ജീവിതമാണ് ഇതിലൂടെ കാണിച്ചിരിക്കുന്നത്.താവഴിയുള്ള ബന്ധവും ചരിത്രവും തിരഞ്ഞതില്‍ നിന്നാണ് ബ്രൂക്കിന് ഈ സൃഷ്ടിയിലേക്കുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

മാറ്റി നിറുത്തപ്പെട്ട ചരിത്രത്തിലേക്ക് വെളിച്ചം വീശുകയാണ് ലക്ഷ്യം. അതിനായി ചിട്ടയോടുള്ള പുരാവസ്തു ശേഖരത്തിലൂടെ സമാന്തരമായ ചരിത്രം മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലോകത്തെമ്പാടും യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രാദേശികമായ വസ്തുക്കളും അവയ്ക്ക് സാമ്രാജ്യത്വത്തിന് മുമ്പുള്ള കാലഘട്ടവുമായുള്ള ബന്ധവും മറ്റും മനസിലാക്കുകയാണ് ലക്ഷ്യം.അമ്മയുടെ കുലവുമായി ബന്ധപ്പെട്ട് നിരവധി വിജ്ഞാനം പകര്‍ന്നു കിട്ടിയാണ് വളര്‍ന്നു വന്നതെന്ന് ബ്രൂക്ക് പറഞ്ഞു. താന്‍ എവിടെ നിന്നു വന്നു എന്നെല്ലാം വ്യക്തമായി അറിയാം. പക്ഷെ അതിനുമപ്പുറത്തേക്ക് ഓസ്‌ട്രേലിയയുടെ ആദിമമനുഷ്യകുലത്തെക്കുറിച്ചുള്ള ചരിത്രം രേഖപ്പെടുത്തുകയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു.അവഗണിക്കപ്പെട്ട ചരിത്രത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് ബ്രൂക്കിന്റെ പ്രതിഷ്ഠാപനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top