നവാസ് ഷെരീഫും മകളും ജയില്‍ മോചിതരാകും; ശിക്ഷ തല്‍കാലത്തേക്ക് റദ്ദാക്കി പാക് കോടതി ഉത്തരവ്റാവല്‍പിണ്ടി: ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ട് പാക് കോടതി ഉത്തരവിട്ടതോടെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം ഷെരീഫിനെയും മരുമകന്‍ മുഹമ്മദ് സഫ്ദാറിനെയും ജയിലില്‍ നിന്ന് താത്കാലികമായി വിട്ടയക്കും.
ശിക്ഷ വിധിക്കെതിരേ കേസില്‍ മൂവരും അപ്പീല്‍ പോയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്വതന്ത്രരാക്കുന്നത്. അപ്പീലില്‍ വിധി വരുന്നത് വരെ തങ്ങളെ സ്വതന്ത്രരാക്കണമെന്ന് മൂവരും റാവല്‍പിണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കോടതി വിധി നവാസ് ഷെരീഫിന് അനുകൂലമായിരുന്നു. പുറത്തിറങ്ങാന്‍ മൂവരും അഞ്ച് ലക്ഷം വീതം കെട്ടിവയ്ക്കണം.
അക്കൗണ്ടബിലിറ്റി കോടതിയാണ് ജൂലൈയില്‍ നവാസ് ഷെരീഫിനെയും മകളെയും മരുമകനെയും യഥാക്രമം പത്ത് വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് വര്‍ഷം എന്നിങ്ങനെ തടവിന് ശിക്ഷിച്ചത്. അനധികൃതമായി നേടിയ സമ്പാദ്യം ലണ്ടനില്‍ ആഡംബര ഫ്‌ലാറ്റായ ആവണ്‍ഫീല്‍ഡ് അപാര്‍ട്‌മെന്റ് വാങ്ങാന്‍ ഉപയോഗിച്ചെന്നായിരുന്നു കേസ്. പനാമ പേപ്പര്‍ തുറന്നുവിട്ട വിവാദത്തിന് പിന്നാലെയാണ് കേസ് തുടങ്ങിയത്. അതേസമയം, കേസില്‍ പ്രതിപാദിക്കുന്ന ആവണ്‍ഫീല്‍ഡ് അപാര്‍ട്‌മെന്റില്‍ നവാസ് ഷെരീഫിന് ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്നതിനുളള തെളിവുകള്‍ എവിടെയെന്ന് കോടതി ആരാഞ്ഞു. ഇത്രയും അന്വേഷിച്ചിട്ടും അതെന്താണ് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയോട് കടുത്ത ഭാഷയില്‍ കോടതി ചോദിച്ചു.

RELATED STORIES

Share it
Top