Nature

വിസ്മയമാണ് തുമ്പികളുടെ ഈ ലോകം

കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 103 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

വിസ്മയമാണ് തുമ്പികളുടെ ഈ ലോകം
X

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.


ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 103 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 178 ഇനം തുമ്പികൾ. ഇതിൽ നമുക്ക് ചുറ്റും കാണുന്ന ചില തുമ്പികളെ നമുക്ക് പരിചയപ്പെടാം.

തവിട്ടുവെണ്ണിറാൻ


ഉൾനാടൻ ജലായശങ്ങൾക്കു സമീപം സാധാരണായി കാണപ്പെടുന്ന ഒരു വിഭാഗം കല്ലൻ തുമ്പിയാണ് തവിട്ടുവെണ്ണിറാൻ (Rufous backed marsh Hawk). നേർത്ത നീലകലർന്ന ചാരനിറമുള്ള ഇവയുടെ ഉരസ്സിന് ചെമ്പിച്ച തവിട്ടുനിറമാണ്. കറുപ്പുനിറത്തിലാണ് വാലിന്റെ അഗ്രഭാഗത്തെ ഖണ്ഡങ്ങൾ കാണപ്പെടുന്നത്. ചെടികൾ നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങളിലും ചതുപ്പു പ്രദേശങ്ങളിലുമാണ് ഇവയുടെ പ്രജനനം.

പവിഴവാലൻ

സൂര്യോദയത്തിലോ അസ്തമയത്തിലോ സജീവമാകുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ. ഇവ പകൽ സമയങ്ങളിൽ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ വിശ്രമിക്കുന്നു. മേഘാവൃതമായ ഇരുൾമൂടിയ ദിവസങ്ങളിൽ പകൽസമയത്തും ഇവ പറക്കാറുണ്ട്.


ഇവയിലെ ആൺതുമ്പികളുടെ മുകൾ ഭാഗം ചുവന്ന നിറത്തിലും, വശങ്ങൾ മഞ്ഞ കലർന്ന നേർത്ത തവിട്ടുനിറം കലർന്ന ഉരസ്സുമാണുള്ളത്. കൂടാതെ ചുവപ്പുനിറത്തിലുള്ള വാലും, നേർത്ത നീലനിറം കലർന്ന വെള്ളയിൽ പൊട്ടുകളും തവിട്ടു ഛായയോടു കൂടിയ ചിറകും കാണപ്പെടുന്നു. ആകെ വിളർത്ത തവിട്ടു നിറമാണ് പെൺതുമ്പികളുടേത്.

കനൽവാലൻ ചതുപ്പൻ

കുളങ്ങൾക്ക് സമീപവും, വൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന സ്ഥലങ്ങളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം വർണ്ണ ശോഭയുള്ള സൂചിത്തുമ്പിയാണ് കനൽവാലൻ ചതുപ്പൻ (Orange tailed Marsh Dart). ഏഷ്യയിൽ ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇവയുടെ ആവാസകേന്ദ്രങ്ങളാണ്.


കാലുകൾ മഞ്ഞ നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ കണ്ണുകളും ശരീരവും പച്ച നിറത്തിൽ കാണപ്പെടുന്നു. വാലിലെ മിക്ക ഖണ്ഡങ്ങളും കറുപ്പു കലർന്ന നിറമാണെങ്കിലും വാലിന്റെ ആരംഭവും അവസാനവും ചുവപ്പു നിറമാണ്. ഇവയുടെ ചിറകുകൾ സുതാര്യ​മാണ്. പുല്ലുകൾക്കും കുറ്റിച്ചെടികൾക്കും ഇടയിലായി കാണപ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം കൊതുകുകളും ചെറു ഷഡ്പദങ്ങളുമാണ്.

മഞ്ഞക്കാലി പാൽത്തുമ്പി

പാൽത്തുമ്പി കുടുംബത്തിൽ ഉള്ള വളരെ നീണ്ടു നേർത്ത ശരീരമുള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞക്കാലി പാൽത്തുമ്പി (Yellow Bush Dart). ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളായ ബ്രൂണൈ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, നേപ്പാൾ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങൾ ഇവയുടെ സഹജമായ വാസമേഖലകളാണ്.


ശരീരത്തിൽ മഞ്ഞ വരകളും ഉരസ്സിന് പിച്ചള നിറം കലർന്ന കറുപ്പു നിറവുമാണ്. ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ്. വാലിൽ വെള്ളക്കുത്തുകളും അറ്റത്തായി വെള്ള പൊട്ടും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും അവയെ അപേക്ഷിച്ച് ഭംഗി കുറവാണ്. ഇടനാട്ടിലും വന മേഖലകളിലും ഇവയെ കാണാം. ചതുപ്പുപ്രദേശങ്ങളാണ് ഇവയുടെ വിഹാരമേഖല.

ചെന്തവിടൻ വയലി

കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി അഥവാ ചെന്തവിടൻ വ്യാളി (Brown backed Red Marsh Hawk) ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള ഉദരവും തവിട്ടുനിറമുള്ള ഉരസ്സുമാണുള്ളത്. പെൺതുമ്പികൾക്ക് ആകെ ചുവപ്പുകലർന്ന തവിട്ടുനിറമാണ്.


ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു. കേരളം ഉൾപ്പെടെ ഇന്ത്യ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.

ചിത്രങ്ങൾ പകർത്തിയത് ഫോട്ടോ ജേർണലിസ്റ്റ് അബ്ദുൾ സലാം പറേമ്മൽ.

Next Story

RELATED STORIES

Share it