Environment

'ഒഴുകണം പുഴകള്‍'; ഡോ. എ ലതക്കുള്ള ആദരമായി സംസ്ഥാനതല കാംപയിന്‍

പുഴകളുടെ ഒഴുക്കിനായി അശ്രാന്തം പരിശ്രമിച്ച ഡോ. എ ലതയ്ക്കുള്ള ആദരമായി 'ഫ്രണ്ട്‌സ് ഓഫ് ലത' രണ്ട് മാസം നീണ്ടുനില്‍ക്കുന്ന 'ഒഴുകണം പുഴകള്‍' എന്ന സംസ്ഥാനതല ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു.

ഒഴുകണം പുഴകള്‍;  ഡോ. എ ലതക്കുള്ള ആദരമായി സംസ്ഥാനതല കാംപയിന്‍
X


തൃശൂര്‍: പുഴകളുടെ ഒഴുക്കിനായി അശ്രാന്തം പരിശ്രമിച്ച ഡോ. എ ലതയ്ക്കുള്ള ആദരമായി 'ഫ്രണ്ട്‌സ് ഓഫ് ലത' രണ്ട് മാസം നീണ്ടുനില്‍ക്കുന്ന 'ഒഴുകണം പുഴകള്‍' എന്ന സംസ്ഥാനതല ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. പുഴകള്‍ ഒഴുകേണ്ടതിന്റെ അനിവാര്യത പൊതുസമൂഹം ഉള്‍ക്കൊള്ളുന്നതിനും ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുന്നതിനും ക്യാംപെയ്ന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം തന്നെ പുഴകളുടെ ഒഴുക്ക് തിരിച്ചുപിടിക്കാനുള്ള ജനകീയപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

2019 ജനുവരി 22 മുതല്‍ ലോകജലദിനമായ മാര്‍ച്ച് 22 വരെയാണ് ക്യാംപെയ്ന്‍. പുഴത്തടങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാംപെയ്‌ന്റെ ഭാഗമായി ഉണ്ടാകും. സെമിനാറുകള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍, പുഴനടത്തങ്ങള്‍, പുഴയാത്രകള്‍, പുഴയോരജൈവസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരികപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കേണ്ടതുണ്ട്. രാഷ്ട്രീയസാമൂഹികസാംസ്‌കാരികപാരിസ്ഥിതികരംഗത്തെ നിരവധി സംഘടനകള്‍ ഇതിന്റെ ഭാഗമാകുമെന്ന് ചെയര്‍മാന്‍ ഡോ.വി.എസ്.വിജയന്‍, ജനറല്‍ കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍, ചീഫ് കോഓഡിനേറ്റര്‍ എസ്.പി. രവി എന്നിവര്‍ അറിയിച്ചു.

'നാടിന്റെ ജലസുരക്ഷയ്ക്കായി പുഴയൊഴുക്ക് തിരിച്ച് പിടിക്കുക' എന്ന സന്ദേശമുയര്‍ത്തിയാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. 2018 കടന്നു പോകുമ്പോള്‍ കേരളീയര്‍ക്ക് മറക്കാനാകാത്ത ഒന്നാണ് പ്രളയം. പുഴകള്‍ നിറഞ്ഞുകവിഞ്ഞൊഴുകി ഈ നാടു മുഴുവന്‍ പരന്നു; പുഴവഴികള്‍ ഏതൊക്കെയെന്ന് നാം കണ്ടു. നികത്തപ്പെട്ട നിലങ്ങളും കൈയേറിയ ഇടങ്ങളും ഏവര്‍ക്കും മനസ്സിലായി. എന്നാല്‍ മഴ മാറിയതും പുഴവഴികള്‍ വീണ്ടും മെലിഞ്ഞു. വരള്‍ച്ചയാണ് ഇപ്പോള്‍ എങ്ങും കാണുന്നത്. ഇത്ര മഴ കിട്ടിയിട്ടും നമുക്ക് വെള്ളമില്ലാതാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ പുഴകള്‍ ഒരിക്കല്‍ വര്‍ഷം മുഴുവന്‍ 'ഒഴുകിയിരുന്നവയായിരുന്നു'. എന്നാല്‍ ഇന്ന് നമ്മുടെ മഴ കഴിഞ്ഞയുടന്‍ പുഴയിലെ ഓരോ നീര്‍ച്ചാലും അപ്രത്യക്ഷമാകുന്നു. ശുദ്ധജലത്തിന്റെ ഒഴുകുന്ന ഏകസ്രോതസ്സായ പുഴകളൊഴുകാതായാല്‍ നമ്മുടെ കുടിവെള്ളമാണ് ഇല്ലാതാകുക. ഒഴുക്ക് വീണ്ടെടുക്കാനായി ഒന്നിച്ചുനില്‍ക്കേണ്ടവരാണ് നമ്മള്‍. സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.



പുഴകള്‍ ജനിച്ചുവീഴുന്ന ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളിലെ സ്വാഭാവിക വനങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങിയതാണ് മനുഷ്യന്റെ അനഭിലഷണീയമായ ഇടപെടലുകളുടെ തുടക്കം. മാത്രമല്ല, അണക്കെട്ടുകള്‍, ഡൈവേര്‍ഷനുകള്‍, മണല്‍ഖനനം, മലിനീകരണം, പ്രളയതടങ്ങളുടെ നികത്തല്‍ എന്നിവയെല്ലാം പുഴകളെ കൂടുതല്‍ ക്ഷീണിപ്പിക്കുകയായിരുന്നു.

പശ്ചിമഘട്ടമലനിരകളിലെ നിബിഡവനങ്ങളില്‍ നിന്നും ചോലപ്പുല്‍മേടുകളില്‍ നിന്നും ഉദ്ഭവിക്കുന്ന അസംഖ്യം നീര്‍ച്ചാലുകളാണ് ഓരോ പുഴയെയും പരിപോഷിപ്പിച്ചിരുന്നത്. 200 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 60 ശതമാനവും വനാവൃതമായിരുന്നു. ഇന്ന് പക്ഷേ നിബിഡവനങ്ങള്‍ നാലുശതമാനത്തോളം മാത്രമാണ്. അതോടെ പുഴ വേനലിലൊഴുകാതായി.

കാടില്ലാതായതിനൊപ്പം കരിങ്കല്‍ഖനനത്തിനായി പശ്ചിമഘട്ടത്തിന്റെ വലിയ ഭാഗങ്ങള്‍ തന്നെ ഇല്ലായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇടനാടന്‍കുന്നുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂവിനിയോഗത്തിലെ ഇത്തരം മാറ്റങ്ങളും പുഴകളെ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ്.

പുഴയ്ക്ക് കുറുകെ ഇരുവശത്തെയും മലകളെ ബന്ധിച്ച് നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ സ്വാഭാവിക ജലപ്രവാഹത്തെ പൂര്‍ണ്ണമായി മാറ്റിമറിക്കുന്നു. അണക്കെട്ടുകള്‍ക്ക് മുകളില്‍ കിലോമീറ്ററുകളോളം നീളത്തില്‍ ഒഴുകിയിരുന്ന പുഴ റിസര്‍വോയറിന്റെ 'ഭാഗമാകുന്നു. അണക്കെട്ടുകള്‍ക്ക് താഴെ പുഴ പലപ്പോഴും ടണലുകളിലൂടെയും കനാലുകളിലൂടെയും ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പുകാരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഒഴുകുകയാണ്. ചില പുഴകള്‍/കൈവഴികള്‍ അണക്കെട്ടുകള്‍ക്ക് കുറച്ചു താഴെയായി പുനര്‍ജനിക്കുമ്പോള്‍ മറ്റു ചിലത് പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

മലയിറങ്ങി പുഴയിലൂടെ വരുന്ന മഴവെള്ളത്തില്‍ ചെളിയും എക്കലും പാറപൊടിഞ്ഞുണ്ടാകുന്ന മണലും എല്ലാമുണ്ട്. ചെളിയെല്ലാം കഴുകിക്കളഞ്ഞ മണലിനെ പുഴ ഒഴുകുന്ന വഴിയില്‍ പലയിടത്തായി വിതരണം ചെയ്യുന്നു. ഇതിലൊരുഭാഗം അഴിമുഖങ്ങളിലും കടലിലും എത്തിയിരുന്നു. ഇടനാട്ടില്‍ ധാരാളമായുണ്ടായിരുന്ന മണപ്പുറങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളിലൊന്നായിരുന്നു. വെള്ളത്തെ അരിച്ച് ശുദ്ധീകരിച്ചും മത്സ്യങ്ങള്‍ക്ക് മുട്ടയിട്ട് പ്രജനനം നടത്താനുള്ള കളമൊരുക്കിയും പുഴത്തീരങ്ങളെ ശക്തിപ്പെടുത്തിയും ഒഴുക്കിന്റെ വേഗം ക്രമീകരിച്ചും സമീപപ്രദേശങ്ങളിലെ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തിയും ഒട്ടേറെ ധര്‍മ്മങ്ങള്‍ പുഴമണല്‍ ചെയ്തിരുന്നു.



കെട്ടിടനിര്‍മ്മാണത്തിനുള്ള അസംസ്‌കൃതവസ്തുവായും നിലം നികത്താന്‍ എളുപ്പത്തില്‍ ലഭിക്കുന്ന വിഭവമായും കണ്ട് നമ്മള്‍ പുഴമണല്‍ വ്യാപകമായി വാരിത്തുടങ്ങുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ നാലാം പാദത്തിലാണ്. 1520 വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മണല്‍ശേഖരം മുഴുവന്‍ നമ്മള്‍ വാരിത്തീര്‍ത്തു. പുഴയിലെ ജലനിരപ്പ് നാലും അഞ്ചും മീറ്ററും അതിലധികവും താഴാന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലെ കിണറുകള്‍ വറ്റാന്‍ തുടങ്ങി. പലയിടത്തും പുഴയുടെ അടിത്തട്ട് സമുദ്രനിരപ്പിനേക്കാള്‍ താഴെയായി. ഇത് കടലില്‍നിന്നുള്ള ഓരുവെള്ളം പുഴയിലേക്ക് കൂടുതല്‍ കൂടുതല്‍ കടന്നുവരാനിടയാക്കി.

ഒഴുക്കില്ലാതായ പുഴകളില്‍ പലയിടങ്ങളില്‍ നിന്നും മാലിന്യങ്ങളെത്തുകയാണ്. രാസവളങ്ങളും കീടനാശിനികളും വ്യാവസായിക മാലിന്യങ്ങളും നഗരമാലിന്യങ്ങളും നമ്മുടെ പുഴകളെ മാലിന്യവാഹികളായി മാറ്റിയിട്ട് കാലമേറെയായി. ലക്ഷക്കണക്കിന് നഗരവാസികള്‍ ലോകത്തെമ്പാടും കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നതോ ഒഴുക്കില്ലാത്ത, ശുദ്ധജലമില്ലാത്ത ഈ പുഴകളെയുമാണ്.

ഒഴുകുന്ന പുഴയ്‌ക്കേ ജീവനുള്ളൂ. ആ ഒഴുക്ക് മുകളില്‍ മാത്രം ഉണ്ടായാല്‍ പോരാ. പല അടുക്കുകളിലായി പല വേഗങ്ങളിലായി പുഴ ഒഴുകണം. പൂര്‍ണ്ണമായും പുഴകളുടെ പ്രതാപകാലത്തേക്ക് നമുക്കിനി തിരിച്ചുപോകാനാകുമോ എന്നത് സംശയമാണ്. വര്‍ത്തമാനകാലത്തിന്റെ ആവശ്യമറിഞ്ഞ് തോടുകളുടെയടക്കം സംരക്ഷണം പുതുതലമുറ ഏറ്റെടുത്താല്‍ മാത്രമേ ഒഴുക്കുള്ള പുഴകളെ നമുക്ക് വീണ്ടെടുക്കാനാകൂ.

Next Story

RELATED STORIES

Share it