Environment

പ്ലാസ്റ്റിക്കിന് വിട; ഇനി ജ്യൂസ് കുടിക്കാന്‍ പുല്‍ സ്‌ട്രോ

പ്ലാസ്റ്റിക്കിന് പകരം പുല്ലു കൊണ്ട് സ്‌ട്രോയുണ്ടാക്കിയാണ് വിയറ്റ്‌നാം പരിസ്ഥിതി സൗഹൃദമാവുന്നത്. സ്‌ട്രോ നിര്‍മാണ കമ്പനിയായ ഓംഗ് ഹട്ട് കോയുടെ ഉടമയായ ട്രാന്‍ മിന്‍ ടിന്‍ ആണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്ലാസ്റ്റിക്കിന് വിട; ഇനി ജ്യൂസ് കുടിക്കാന്‍ പുല്‍ സ്‌ട്രോ
X

ഹാനോയ്: ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൊണ്ടുള്ള സ്‌ട്രോ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ടണ്‍ കണക്കിന് സ്‌ട്രോ ആണ് ഓരോ വര്‍ഷവും കടലില്‍ അടിഞ്ഞു കൂടുന്നത്. ഈ ഗുരുതര പ്രശ്‌നത്തിന് സുന്ദരമായ പരിഹാരവുമെത്തിയിരിക്കുകയാണ് വിയറ്റ്‌നാംകാര്‍.

പ്ലാസ്റ്റിക്കിന് പകരം പുല്ലു കൊണ്ട് സ്‌ട്രോയുണ്ടാക്കിയാണ് വിയറ്റ്‌നാം പരിസ്ഥിതി സൗഹൃദമാവുന്നത്. സ്‌ട്രോ നിര്‍മാണ കമ്പനിയായ ഓംഗ് ഹട്ട് കോയുടെ ഉടമയായ ട്രാന്‍ മിന്‍ ടിന്‍ ആണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മനസില്‍ ഈ പദ്ധതി ഉരുത്തിരിഞ്ഞത്. തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ മെക്കോങ് ഡെല്‍റ്റയില്‍ കാണപ്പെടുന്ന പുല്ലാണ് ഈ സ്‌ട്രോ നിര്‍മിക്കാന്‍ തിരഞ്ഞെടുത്തത്. ഉണങ്ങിയ രൂപത്തിലും പച്ചയായും വിപണിയില്‍ എത്തിക്കുന്ന ഈ പുല്ലുകളുടെ നീളം 20 സെന്റീമീറ്ററാണ്.


കാ ബാങ് എന്നറിയപ്പെടുന്ന ഉള്ളുപൊള്ളയായ രൂപത്തിലുള്ള ഈ പുല്ലിന്റെ തണ്ടുകള്‍ കഴുകിയെടുത്ത് 20 സെന്റീമീറ്റര്‍ വലുപ്പത്തില്‍ മുറിക്കുന്നു. തുടര്‍ന്ന് ഉള്‍ഭാഗം ഒരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നു. വീണ്ടും വെള്ളത്തില്‍ വൃത്തിയാക്കിയ ശേഷം നിശ്ചിത എണ്ണം സ്‌ട്രോകള്‍ വാഴയിലയില്‍ പൊതിഞ്ഞ് വിതരണം ചെയ്യുന്നു. പച്ച പുല്ല് എയര്‍ടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിക്കാം. ഉപ്പുവെള്ളത്തില്‍ ഇട്ട് സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം ഈ പുല്ല് സംരക്ഷിക്കുവാന്‍ സാധിക്കും.

മൂന്ന് ദിവസം വെയിലത്ത് ഉണക്കിയാണ് ഉണങ്ങിയ രൂപത്തിലുള്ള സ്‌ട്രോ നിര്‍മിക്കുന്നത്. തുടര്‍ന്ന് ഓവനില്‍ ഇട്ട് വേവിച്ചെടുക്കുന്നു. ഇവ റസ്‌റ്റോറന്റുകളില്‍ ഒരു തവണയും വീട്ടില്‍ പല തവണയും ഉപയോഗിക്കാം. ഉണങ്ങിയ സ്‌ട്രോ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ആറ് മാസം വരെ കേടുകൂടാതെ ഇരിക്കും. മൂന്നു രൂപയോളമാണ് ഒരു ഉണങ്ങിയ സ്‌ട്രോയുടെ വില.

Next Story

RELATED STORIES

Share it