Environment

ഓസ്‌ട്രേലിയയില്‍ 20 ലക്ഷം കാട്ടുപൂച്ചകളെ വിഷം നല്‍കി കൊല്ലാന്‍ കാരണം ?

ഓസ്‌ട്രേലിയയില്‍ 20 ലക്ഷം   കാട്ടുപൂച്ചകളെ വിഷം നല്‍കി   കൊല്ലാന്‍ കാരണം ?
X

സിഡ്‌നി: രാജ്യത്തെ 20 ലക്ഷത്തോളമുള്ള കാട്ടുപൂച്ചകളെ കൊന്നൊടുക്കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന് ഒരു കാരണം മാത്രമേയുള്ളു. കാട്ടുപൂച്ചകളെ കൊന്നിട്ടാണെങ്കിലും വംശനാശം സംഭവിക്കുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുക എന്നതാണത്. തുടര്‍ന്നാണ് രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന കാട്ടു പൂച്ചകളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. 2020ഓടെ പൂച്ചകളെ മുഴുവന്‍ ഇല്ലാതാക്കാനായി വിഷം ചേര്‍ത്ത സോസേജ് നല്‍കിയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സാധാരണ വളര്‍ത്തു പൂച്ചകളിലേതിന് സമാനമായ ഈ പൂച്ചകള്‍ മനുഷ്യരുമായി ബന്ധപ്പെടാതെ ഇരകളെ വേട്ടയാടിയാണ് ജീവിക്കുന്നത്. എന്നാല്‍ കാട്ടുപൂച്ചകളെ ഇരകളാക്കുന്ന മറ്റൊരു ജീവിവര്‍ഗം ഇല്ലാത്തതാണ് ഇവ അനിയന്ത്രിതമായി വര്‍ധിക്കാന്‍ ഇടയായത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്.

ഓസ്‌ട്രേലിയന്‍ ദ്വീപിലെ 24ഓളം ജന്തുക്കളുടെ വംശനാശത്തിന് ഈ പൂച്ചകളാണ് കാരണക്കാരെന്ന് പഠനങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവയുടെ മരണമണി മുഴങ്ങിയത്. മേഖലയിലെ പ്രധാന ജന്തുക്കളുടെയും പക്ഷികളുടെയും വംശനാശത്തിന് പൂച്ചകള്‍ കാരണമാവുകയായിരുന്നു. ഇതിനകം തന്നെ ചെറുജീവി വര്‍ഗങ്ങള്‍ പൂച്ചകള്‍ വേട്ടയാടിയതിനെത്തുടര്‍ന്ന് കുറ്റിയറ്റുപോയിട്ടുണ്ട്.

കങ്കാരുവിന്റെ ഇറച്ചി, ചിക്കന്‍ കൊഴുപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയും വിഷവും കൂടെ ചേര്‍ത്താണ് സോസേജ് ഉണ്ടാക്കിയിരിക്കുന്നത്. പൂച്ചകള്‍ ഒരുപാടുളള പ്രദേശങ്ങളില്‍ 50 സോസേജുകള്‍ വീതം വിമാനങ്ങളില്‍ നിന്നും ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. ഇവ കഴിച്ച് ചാവുന്ന പൂച്ചകളുടെ ജഡങ്ങള്‍ പിന്നീട് ശേഖരിച്ച് മറവ് ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം, പൂച്ചകളുടെ കൂട്ടക്കൊലയ്‌ക്കെതിരേ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് ഇവരുടെ ആവശ്യം.



Next Story

RELATED STORIES

Share it