പി സി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക പീഡത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ച്ച് പ്രതിഷേധ സമരം നടത്തുന്നവരെയും അപമാനിച്ച് പ്രസ്താവന നടത്തിയ പി സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരേ നടപടി എടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍. ജോര്‍ജ്ജിനെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് കേരള ഡി.ജി.പിക്ക് ഉടന്‍ കത്തയക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ഒരു എം.എല്‍.എ എന്ന നിലക്ക് പീഡനക്കേസിലെ ഇരകള്‍ക്ക് ഒപ്പം നില്‍ക്കുന്നതിനു പകരം അവരെ ആക്ഷേപിക്കുന്ന ജോര്‍ജിന്റെ പ്രസ്താവന ലജ്ജാകരമാണ്. വിഷയത്തില്‍ സ്വമേധയ കേസെടുത്ത് നടപടിയുമായി മുന്നോട്ടുപോവുമെന്നും രേഖ ശര്‍മ്മ അറിയിച്ചു. ഇരയായ കന്യാസ്ത്രീയെ നേരില്‍ കണ്ടിരുന്നു. റേഷന്‍, സ്‌റ്റൈപ്പന്‍ഡ് എന്നീ അടിസ്ഥാന അവകാശങ്ങള്‍ പോലും സഭ അവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. പഞ്ചാബ്, കേരളാ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കമ്മിഷന്‍ അംഗം ശമീനാ ഷഫീഖും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top