മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്- പുതിയ തിരഞ്ഞെടുപ്പു മന്ത്രവുമായി മോഡിന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പ് നേരിടാന്‍ പ്രവര്‍ത്തകര്‍ക്കു 'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' (എന്റെ പോളിങ് ബൂത്ത്, ഏറ്റവും ശക്തം) എന്ന പുതിയ മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി സംവദിക്കവേയാണ് മോദി ഇതേക്കുറിച്ച് പറഞ്ഞത്.
എല്ലാവരും അവരവരുടെ പോളിങ് ബൂത്തുകളില്‍ പിടിമുറുക്കണം. മേരാ ബൂത്ത് സബ്‌സെ മസ്ബൂത്ത് എന്നതാകണം നമ്മുടെ ഏക മന്ത്രവും ശക്തിയും. പ്രവര്‍ത്തകര്‍ വോട്ടര്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. ചുരുങ്ങിയത് 20 കുടുംബങ്ങളുമായി ഒരാള്‍ ബന്ധപ്പെടണം. എല്ലാ പോളിങ് ബൂത്തിലും യുവാക്കള്‍ സജീവമാകണം. കാറ്റ് ബിജെപിക്ക് അനുകൂലമാണ്. 2014നേക്കാള്‍ വിജയസാധ്യത ശക്തമാണ്. കാറ്റില്‍ ഉലഞ്ഞുപോകാതിരിക്കാനാണു പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നത്- മോദി പറഞ്ഞു.
ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടുമെന്നും മഹാസഖ്യമെന്നതു സര്‍ക്കാരിനെതിരെ ചില അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി പറഞ്ഞു.

RELATED STORIES

Share it
Top