Agriculture

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ച സജീവം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ച സജീവം
X


അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ ബിജെപിയും എല്‍ഡിഎഫും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു. കേസിന്റെ വിചാരണാ തിയ്യതി നാളെ കോടതി പ്രഖ്യാപിക്കും.
പരാജയപ്പെട്ട സ്ഥാനാര്‍ഥി ബിജെപിയിലെ കെ സുരേന്ദ്രനാണു കേസ് ഫയല്‍ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും താന്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എന്നാല്‍ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചതോടെ കേസിലെ വിചാരണയ്ക്കു പ്രസക്തിയില്ലെന്നാണു ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ വാദിക്ക് കഴിഞ്ഞിട്ടില്ല. 67 സാക്ഷികള്‍ക്ക് സ്പീഡ്‌പോസ്റ്റ് സമന്‍സ് അയച്ചിട്ടും ആരും ഇതു കൈപ്പറ്റിയിട്ടില്ല. ഇതോടെ കേസില്‍ ഇനി അഭിഭാഷകര്‍ തമ്മിലുള്ള വാദമാണു നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഫിഡവിറ്റ് ഫയല്‍ ചെയ്താല്‍ മാത്രമേ ആറു മാസത്തിനകം കേസ് തീര്‍ന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്താനാകൂ. ഇതിനു തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്നാണു സൂചന. കേസ് വിചാരണ പൂര്‍ത്തിയാക്കി ഉടന്‍ തിരഞ്ഞെടുപ്പിനു കളമൊരുക്കണമെന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന റിട്ട്. അതേസമയം സ്ഥാനാര്‍ഥികളെക്കുറിച്ചും മുന്നണികള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം 2006ലാണു സിപിഎം പിടിച്ചെടുത്തിരുന്നത്. എന്നാല്‍ 2011 മുതല്‍ യുഡിഎഫ് തുടര്‍ച്ചയായി ജയിച്ചുവരികയായിരുന്നു. രണ്ടാംസ്ഥാനത്ത് ബിജെപിയാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ബി അബ്ദുര്‍റസാഖ് 56870 വോട്ടും ബിജെപിയിലെ കെ സുരേന്ദ്രന്‍ 56781 വോട്ടും സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു 42565 വോട്ടുകളും നേടിയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മണ്ഡലം കൈയിലൊതുക്കാമെന്ന പ്രതീക്ഷയോടെ ബിജെപിയും എല്‍ഡിഎഫും യുഡിഎഫും തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്.
മുന്‍ മന്ത്രി സി ടി അഹമ്മദലി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അശ്‌റഫ്, പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ മകന്‍ ഷഫീഖ് റസാഖ്, എം സി ഖമറുദ്ദീന്‍ എന്നിവരുടെ പേരുകളാണ് ലീഗ് നേതൃത്വത്തിനു മുന്നിലുള്ളത്. സിപിഎം അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ വീണ്ടും കളത്തിലിറക്കാനാണു സാധ്യത. ബിജെപി രവീശതന്ത്രി കുണ്ടാ ര്‍, അഡ്വ. ബാലകൃഷ്ണഷെട്ടി തുടങ്ങിയവരുടെ പേരുകളാണു പരിഗണിക്കുന്നത്. ഇതില്‍ രവീശതന്ത്രി കുണ്ടാറിനാണ് മുന്‍തൂക്കം. മുസ്്‌ലിംലീഗ് അവസാന നിമിഷം സി ടിയെ തന്നെ പരിഗണിച്ചേക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സൗത്ത് കനറയിലെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചിട്ടുണ്ട്. എട്ട് പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 2006ല്‍ ചെര്‍ക്കളത്തെ മൂന്നാംസ്ഥാനത്തേക്കു തള്ളിയാണ് സി എച്ച് കുഞ്ഞമ്പു വിജയിച്ചത്. ഇത് ലീഗിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 2016ലും പി ബി അബ്ദുര്‍റസാഖിന് ഭൂരിപക്ഷം കുറയാന്‍ കാരണമായത് മംഗല്‍പാടിയിലെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it