Wayanad

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന്‍ അന്തരിച്ചു

പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന്‍ അന്തരിച്ചു
X

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാകമ്മിറ്റിയംഗവും മുന്‍ജില്ലാ സെക്രട്ടറിയുമായ എം വേലായുധന്‍(71) അന്തരിച്ചു. അസുഖബാധിതനായി ചികില്‍സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച വൈകീട്ട് 6.30 ഓടെ വൈത്തിരിയിലെ ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016 ആഗസ്തില്‍ ജില്ലാ സെക്രട്ടറിയായ വേലായുധന്‍ കഴിഞ്ഞ സമ്മേളനകാലംവരെ തുടര്‍ന്നു. രോഗ ബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. വയനാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്. ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്കുവന്നത്. 1967ല്‍ പാര്‍ട്ടി അംഗമായി. സിപിഎം കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1995 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട് സെക്രട്ടേറിയറ്റ് അംഗമായി.

30 വര്‍ഷത്തോളം ബാലസംഘത്തിന്റെ ജില്ലാ രക്ഷാധികാരിയായിരുന്നു. മികച്ച സഹകാരി കൂടിയായ വേലായുധന്‍ നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. നിലവില്‍ കല്‍പ്പറ്റ ഡ്രൈവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. രണ്ടുതവണ വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ കല്‍പ്പറ്റ എകെജി ഭവനില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 12ന് കോട്ടത്തറയിലെ നായനാര്‍ സ്മാരക ഹാളിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കോട്ടത്തറയിലെ മന്ദലത്ത് ഉക്കണ്ടന്‍ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂണ്‍ എട്ടിനാണ് ജനനം. ഭാര്യ: യശോദ. മക്കള്‍: ആശ(വയനാട് ജില്ലാ സഹകരണ ബാങ്ക്), അജിത്പാല്‍. മരുമക്കള്‍: ബിനു, ശ്രീജ. സഹോദരങ്ങള്‍: ബാലഗോപാലന്‍(ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി), മാളുഅമ്മ, പത്മാവതിയമ്മ.



Next Story

RELATED STORIES

Share it