Shopping

ഓണ്‍ലൈന്‍ ഷോപ്പിങ് ലോകത്തെ വ്യാജന്മാര്‍

ഓണ്‍ലൈന്‍ ഷോപ്പിങ് ലോകത്തെ വ്യാജന്മാര്‍
X

ഏതാണ് തന്ത്രം, ഏതാണ് കുതന്ത്രം എന്നു നിര്‍വചിക്കാന്‍ പ്രയാസമുള്ളൊരു മേഖലയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് മേഖല.ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കുന്നത് ഓണ്‍ലൈന്‍ ആയി ഷോപ്പ് ചെയ്യുന്ന മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്ന മൂന്നിലൊന്ന് ആളുകളും ഈ പ്രശ്‌നം നേരിടുന്നതായി അടുത്തിടെ നടത്തിയ സര്‍വേകളില്‍ വ്യക്തമായി.മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനങ്ങളായ ലോക്കല്‍സര്‍ക്കിള്‍സ്, വെലോസിറ്റി എംആര്‍ എന്നിവര്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പെര്‍ഫ്യൂമുകളിലും സുഗന്ധദ്രവ്യങ്ങളുമാണ് ഇത്തരത്തില്‍ വ്യാജ ഉത്പന്നങ്ങള്‍ അധികവും എന്ന് കണ്ടെത്തിയ സര്‍വെ തുണിത്തരങ്ങളിലും ബാഗ് ഷൂ തുടങ്ങിയ ഫാഷന്‍ ഉത്പന്നങ്ങളിലും സ്‌പോര്‍ട്ട് ഉത്പന്നങ്ങളിലും വ്യാജന്മാരെ കാണാമെന്ന് കണ്ടെത്തി.

തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെയും ഉത്പന്നങ്ങളുടെ നിറം പാക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെയുമാണ് ഉപഭോക്താക്കള്‍ വ്യാജ ഉത്പന്നങ്ങള്‍ തിരിച്ചറിയുക. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ലെന്നും അല്ലാത്തപക്ഷം തിരിച്ചയക്കപ്പെടുന്ന ഉത്പന്നങ്ങളുടെ എണ്ണം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ അധികമായേനെയെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

സൈബറിടങ്ങളുടെ ആസൂത്രണങ്ങള്‍ ഓണ്‍ലൈന്‍ ആസക്തിയടക്കമുള്ള അനന്തരഫലങ്ങളിലേക്ക് നമ്മളറിയാതെ നമ്മളെ കൊണ്ട് പോകുന്നു.നമ്മളില്‍ പലര്‍ക്കും അനുഭവമുള്ളതാണ്, ഷോപ്പിങ് സൈറ്റുകളില്‍ കയറിയാല്‍ പ്രത്യേകിച്ച് ആവശ്യമില്ലാത്തതും അല്ലെങ്കില്‍ ആവശ്യത്തില്‍ കൂടുതലും വാങ്ങിച്ചിട്ടാണ് നാം പുറത്തിറങ്ങുന്നത്. ഇത് യാദൃച്ഛികമായി തോന്നാമെങ്കിലും അത്രയങ്ങു ലളിതമല്ല. പല വെബ്‌സൈറ്റുകളുടെയും ഡിസൈനും പ്രവര്‍ത്തനരീതികളും തന്നെ ഉപഭോക്തൃമനസ്സിന്റെ ദൗര്‍ബല്യങ്ങളെ മുതലെടുക്കുന്നുണ്ട്.

ഉല്‍പന്നം വളരെ കുറച്ചേയുള്ളുവെന്നും പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കയാണെന്നും പല ഓണ്‍ലൈന്‍ സൈറ്റുകളിലും കാണാറുണ്ട്.ഇത് ഉപഭോക്താവിന്റെ ദൗര്‍ബല്യങ്ങളെ മുതലെടുക്കുന്നതാണ്.എന്തെങ്കിലും നഷ്ടപ്പെടുമെന്ന തോന്നലുണ്ടാകുമ്പോള്‍ മുന്‍പിന്‍ നോക്കാതെ അത് നേടാനായി ചാടിയിറങ്ങുന്നത് മനുഷ്യസഹജമാണല്ലോ? ആ നഷ്ടം സംഭവിക്കുന്ന ആള്‍ ഞാനായിരിക്കുമോ എന്ന ചിന്ത പെട്ടെന്ന് തീരുമാനമെടുക്കാന്‍ നമ്മളെ പ്രേരിപ്പിച്ചേക്കാം.വാങ്ങുന്ന വസ്തുവിന്റെ ക്വാളിറ്റിയോ,റിവ്യൂസോ ഒന്നും നോക്കാതെ തീരുമാനമെടുക്കാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു.

രണ്ടാമതൊരു ചിന്തയ്ക്കു സമയം നല്‍കാതെ നമ്മള്‍ വേഗം സാധനങ്ങള്‍ വാങ്ങിച്ചേക്കാം. അതേസമയം, സ്‌ക്രീനിനു പുറത്തുള്ള ലോകത്തെ ഒരു വിപണനകേന്ദ്രത്തില്‍ നാം ക്യൂവില്‍ നില്‍ക്കുന്നതായി സങ്കല്‍പിക്കൂ,സാധനങ്ങളില്‍ കുറച്ചുകൂടി സമയം നോക്കുന്നതും പൈസ കൊടുക്കാന്‍ ഇനിയും സമയലഭ്യതയുണ്ടെന്നുള്ളതും രണ്ടാമതൊരു ചിന്തയ്ക്ക് സാധ്യത വളര്‍ത്തുകയാണ്.യഥാര്‍ഥ ലോകത്തിന്റെ പല കടമ്പകളുമില്ലാത്തതാണ് സൈബറിടങ്ങളുടെ ഗുണവും ദോഷവും എന്നിരിക്കെ, ഷോപ്പിങ് സൈറ്റുകളിലെ ഇടപാടുകളില്‍ കുറച്ചു കൂടി ഘട്ടങ്ങള്‍ ചേര്‍ക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. എടുത്തുചാടിയുള്ള തീരുമാനങ്ങളും ആവശ്യത്തില്‍ കൂടുതല്‍ വാങ്ങാനുള്ള പ്രലോഭനവും കൂടുതല്‍ കടമ്പകളില്‍ തട്ടിയാല്‍ കുറയ്ക്കാമെന്ന മാര്‍ഗ്ഗമാണിതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

അന്തരീക്ഷ താപനിലയനുസരിച്ചു കോളയുടെ വില മാറുന്ന ഓട്ടമാറ്റിക് വെന്‍ഡിങ് യന്ത്രങ്ങള്‍ 90 കളില്‍ തന്നെ കോള കമ്പനികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു,അതിന്റെ നൂറിരട്ടി ശക്തിയുള്ള അല്‍ഗോരിതങ്ങളാണ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതു വില കാണിച്ചാലാണ് നമ്മളൊരു മൊബൈല്‍ ഫോണ്‍ മോഡലില്‍ ക്ലിക്ക് ചെയ്യുക എന്നൊക്കെ ഇപ്പോള്‍ നമ്മുടെ തന്നെ സൈബറിടങ്ങളിലിരുന്നു കണക്കു കൂട്ടികൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നങ്ങളെല്ലാം സൈബര്‍ലോകത്തിന്റെയും അതിനെ ആശ്രയിക്കുന്ന കമ്പനികളുടെയും പ്രവര്‍ത്തനരീതികളിലെ സുതാര്യത എന്ന വിഷയത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ്, ഓണ്‍ലൈന്‍ ആസക്തിയും വാട്‌സാപ് അടക്കമുള്ള സൈബറിടങ്ങള്‍ ആര്‍ക്കൊക്കെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു എന്ന ആശങ്കയും ഇവിടെ ചേര്‍ത്തുവായിക്കുന്നത് .ഏതാണ് തന്ത്രം, ഏതാണ് കുതന്ത്രം എന്നു നിര്‍വചിക്കാന്‍ പ്രയാസമുള്ളൊരു മേഖലയാണിത് എന്നുള്ളപ്പോള്‍ത്തന്നെ, സൈബറിടങ്ങളുടെ രൂപകല്‍പനയും പ്രവര്‍ത്തനരീതികളും ആസക്തികളിലേക്കു നയിക്കുന്നതിനെപ്പറ്റി സാമൂഹികാരോഗ്യ ഉപഭോക്തൃ നിയമ രംഗങ്ങളിലുള്‍പ്പടെ ചര്‍ച്ച ഉണ്ടാവേണ്ടതുണ്ട്.

Next Story

RELATED STORIES

Share it