Home

വീടിനുള്ളില്‍ പ്രകാശം പരക്കട്ടെ

വീടിനുള്ളില്‍ പ്രകാശം പരക്കട്ടെ
X
ഒരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും മിക്കവരും മാറ്റിവയ്ക്കുന്നത് സ്വന്തമായൊരു വീടു നിര്‍മിക്കാന്‍വേണ്ടിയാണ്.എന്നാല്‍ വീട് നിര്‍മാണ സമയത്ത് ഒരുപാട് കര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.അതില്‍ ഒന്നാണ് പ്രകാശത്തിന്റെ ലഭ്യത.എപ്പോഴും വീട്ടില്‍ വെളിച്ചവും പ്രകാശവും നിറഞ്ഞ് നില്‍ക്കണം എന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും വീട് നിര്‍മ്മിച്ച് വരുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച അത്രയും വെളിച്ചം കിട്ടിയെന്ന് വരില്ല.വീടിനകത്ത് ആവശ്യത്തിനുള്ള വെളിച്ചം ലഭിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ മാനസികാവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.വെളിച്ചത്തിന്റെ ലഭ്യത കുറവ് പലപ്പോഴും നമുടെ മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ രൂപപ്പെടാന്‍ കാരണമാകുന്നുണ്ട്.ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സവിശേഷതയായി പ്രകൃതിദത്ത വെളിച്ചം തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളുമെന്നാണ് ഈ അടുത്ത് നടത്തിയ സര്‍വ്വേ പ്രകാരം കണ്ടെത്തിയിരിക്കുന്നത്.

എന്തൊക്കെയാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം

ഇളം നിറങ്ങള്‍

ഇളം നിറങ്ങള്‍ മുറിയില്‍ പ്രവേശിക്കുന്ന പ്രകൃതിദത്ത പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ നമ്മുടെ വീടിന് ഉള്‍വശം നിറമുള്ളതായി മാറും.അതിനാല്‍ ഡാര്‍ക്ക് ബ്ലോക്ക് നിറങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ചുവരുകളില്‍ ഇളം നിറങ്ങള്‍ പതിപ്പിക്കാന്‍ ശ്രദ്ധിക്കുക. ചുവരുകളില്‍ തിളങ്ങുന്ന വെളുത്ത പെയിന്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക,പകരം ഒരു ഓഫ്‌വൈറ്റ് ഷേഡ് കൂടുതല്‍ ഊഷ്മളമായ പ്രഭാവം സൃഷ്ടിക്കാന്‍ സഹായിക്കും. ഇത് കൂടാതെ സാറ്റിന്‍ ഫിനിഷുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നത് മാറ്റ് പെയിന്റിനേക്കാള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

തിളങ്ങുന്ന പ്രതലങ്ങള്‍

തിളങ്ങുന്ന ടൈല്‍സ് ഉപയോഗിക്കുന്നത് വീട്ടില്‍ തിളക്കവും പ്രകാശവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. പ്രത്യേകിച്ച് അടുക്കളയിലും കുളിമുറിയിലും ഇത്തരത്തിലുള്ള ടൈല്‍സ് ഉപയോഗിക്കാവുന്നതാണ്. ഇത് മുറിയിലേക്കെത്തുന്ന വെളിച്ചം കൂടുതല്‍ ഫില്‍ട്ടര്‍ ചെയ്ത് പ്രതിഫലിപ്പിക്കും. അടുക്കളയില്‍ ആവുമ്പോള്‍ ഒരു ഇളം നിറത്തിലുള്ള ടൈല്‍സ്, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത. ഇതോടൊപ്പം നീലയോ ചാരനിറമോ പോലെയുള്ള ഏത് നിറവും ഉപയോഗിക്കാവുന്നതാണ്.

പച്ചപ്പ്

പൂക്കളും,ചെടികളും, പൂന്തോട്ടവുമെല്ലാം മനസിന് കുളിര്‍മ്മയേകുന്നവയാണ്.അതിനാല്‍ വീടിനകത്ത് ഇന്‍ഡോര്‍ പ്‌ലാന്റുകള്‍ വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.എന്നാല്‍ വീടിന് പുറത്തുള്ള പച്ചപ്പ് ഉള്ളിലെ പ്രകാശ തലങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിങ്ങളുടെ വാതിലുകളിലും ജനലുകളിലും വളരുന്ന മരങ്ങള്‍, കുറ്റിക്കാടുകള്‍ അല്ലെങ്കില്‍ വീടിനു മുകളിലേക്ക കയറുന്ന ചെടികള്‍ എന്നിവ വെട്ടിമാറ്റുക. ഇത് പലപ്പോഴും വീട് കാട് പിടിക്കുന്ന അവസ്ഥയിലേക്കും ഇരുണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഗ്ലാസ്

വീട്ടില്‍ സ്വാഭാവിക വെളിച്ചം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വലിയ ജനലുകളും വാതിലുകളും സ്ഥാപിക്കുക എന്നതാണ്.കഴിയുന്ന അത്രയും ഭാഗം ഗ്ലാസാക്കി മാറ്റിയാല്‍ വീട്ടില്‍ വെളിച്ചം ധാരാളമായി ലഭിക്കും.ശ്വാസം മുട്ടുന്ന കാഴ്ചകള്‍ ഒഴിവാകുകയും ചെയ്യും.

കൃത്രിമ വെളിച്ചം

മനസ് ശാന്തമാക്കി വയ്ക്കാനും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനും പ്രകൃതിദത്ത വെളിച്ചത്തിന് കഴിയുന്ന അത്രയും കൃത്രിമ വെളിച്ചത്തിന് സാധ്യമാകില്ല.എന്നാലും പ്രകൃതിദത്ത വെളിച്ചത്തിന് എത്തിച്ചേരാന്‍ കഴിയാത്ത കോണുകളിലും ഇടനാഴികളും കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നത് വീടിനെ പ്രകാശ പൂരിതമാക്കാന്‍ സഹായകമാകും.

ലൈറ്റ് ഫര്‍ണിച്ചറുകള്‍

ഇരുണ്ട ഫര്‍ണിച്ചറുകളും ആക്‌സസറികളും ഉള്ള സ്ഥലത്തെല്ലാം ഇളം ഷേഡുകള്‍ നല്‍കാവുന്നതാണ്. പ്രത്യേകിച്ചും അവ ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും വെളിച്ചം തടയുന്ന അവസ്ഥയെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇരുണ്ട വിന്‍ഡോ ട്രീറ്റ്‌മെന്റുകള്‍ നിങ്ങളുടെ വീട്ടിലേക്ക് വെളിച്ചം കടക്കുന്നത് തടയും,അതിനാല്‍ കര്‍ട്ടനുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

വീടിനുള്ളിലെ വെളിച്ചം നിങ്ങളുടെ ജീവിതത്തിലും പ്രകാശം നിറയ്ക്കും.

Next Story

RELATED STORIES

Share it