Health

ശ്വാസകോശ കാന്‍സര്‍ ദിനം ഓര്‍മിപ്പിക്കുന്നു; പുകവലി അത്ര കൂള്‍ അല്ല , "പുകവലി ആരോഗ്യത്തിന് ഹാനികരം!'

ശ്വാസകോശ അര്‍ബുദത്തിന് ചികില്‍സ തേടിയെത്തുന്നവരില്‍ പത്തില്‍ ഒമ്പത് പേരും പുകവലിക്കാരാണ്.എന്നാല്‍ ഇപ്പോള്‍ ഈ കാന്‍സറിന് ചികില്‍സ തേടിയെത്തുന്നവരില്‍ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകള്‍ക്കിടയിലും ശ്വാസകോശ അര്‍ബുദം ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു.പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാള്‍ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതാണ് അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്

ശ്വാസകോശ കാന്‍സര്‍ ദിനം ഓര്‍മിപ്പിക്കുന്നു; പുകവലി അത്ര കൂള്‍ അല്ല  , പുകവലി ആരോഗ്യത്തിന് ഹാനികരം!
X

സിനിമയുടെ ടൈറ്റില്‍ മുതല്‍ സിഗരറ്റിന്റെ പാക്കറ്റില്‍ വരെ നാം ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു മുന്നറിയിപ്പാണിത്. എന്നിട്ടും ഇതിവിടെ വീണ്ടും എടുത്തുപറയുന്നത് ഇന്ന്, ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ കാന്‍സര്‍ ദിനമായത് കൊണ്ടാണ്. അതുകൊണ്ട്, പതിവ് പോലെ ഇതിനെയും അവഗണിക്കാതെ, ആരോഗ്യമുള്ള നല്ല നാളെകള്‍ക്കായി തുടര്‍ന്ന് വായിക്കുക.സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ ഒരു സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി തുടങ്ങിയ ശീലമായിരിക്കും പുകവലി. സുഹൃത്തുക്കളുടെയോ സിനിമകളുടെയോ സ്വാധീനം കൊണ്ടായിരിക്കും പലരും പുകവലിച്ചു തുടങ്ങുന്നത്. പക്ഷെ ആ ശീലം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞാല്‍, ഒരിക്കലും നിങ്ങള്‍ പുകവലിച്ച് തുടങ്ങില്ല.

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ കാണുന്ന അര്‍ബുദമാണ് ശ്വാസകോശ കാന്‍സര്‍. ലോകത്താകമാനം ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളില്‍ ഒന്നും അതുതന്നെ. ശ്വാസകോശ അര്‍ബുദത്തിന് ചികില്‍സ തേടിയെത്തുന്നവരില്‍ പത്തില്‍ ഒമ്പത് പേരും പുകവലിക്കാരാണ്.എന്നാല്‍ ഇപ്പോള്‍ ഈ കാന്‍സറിന് ചികില്‍സ തേടിയെത്തുന്നവരില്‍ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകള്‍ക്കിടയിലും ശ്വാസകോശ അര്‍ബുദം ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു.

പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാള്‍ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതാണ് അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഒരു വീട്ടില്‍ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കില്‍ ആ വീട്ടിലെ മുഴുവന്‍ ആളുകളും ശ്വാസകോശ അര്‍ബുദത്തിന്റെ റിസ്‌കിലാണ് എന്നര്‍ഥം.

പക്ഷെ ശ്വാസകോശ കാന്‍സറിന്റെ തുടക്കത്തില്‍ പുറമെ ലക്ഷണങ്ങള്‍ കാണുന്നത് വളരെ അപൂര്‍വമാണ്. കാരണം ശ്വാസകോശത്തിന്റെ ഉള്ളിലായിരിക്കും ആദ്യം ട്യൂമറുകള്‍ ഉണ്ടാവുക. പ്രാഥമിക ടെസ്റ്റുകള്‍ നടത്തിനോക്കിയാല്‍ പോലും അതെളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. പിന്നീട് ട്യൂമറുകള്‍ വലുതാവുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യുമ്പോള്‍ മാത്രമാണ് പലരിലും രോഗം തിരിച്ചറിയുന്നത്.

പുകവലിക്കുന്നവര്‍ അറിയേണ്ടത്

അമ്പത് വയസിനു ശേഷവും സ്ഥിരമായി പുകവലിക്കുന്നവര്‍ ശ്വാസകോശ അര്‍ബുദം ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നത് നല്ലതാണ്. ലോ ഡോസ് സിടി സ്‌കാനിലൂടെ രോഗം നേരത്തെ കണ്ടെത്താനും ചികില്‍സിക്കാനും കഴിയും. പ്രായമേറുന്തോറും അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടും. അതുകൊണ്ട് പുകവലിക്കുന്നവര്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാകണം. സ്ത്രീകളില്‍ മുപ്പത് വയസിനു മുകളിലുള്ളവരിലും ഇപ്പോള്‍ ഈ രോഗം കണ്ടുവരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുകവലി നിര്‍ത്തിയവരും ക്യാന്‍സറിന്റെ റിസ്‌കില്‍ നിന്നും മോചിതരാവണം എന്നില്ല. അങ്ങനെയുള്ളവരും എല്ലാവര്‍ഷവും ലോ ഡോസ് സിടി സ്‌കാനിന് വിധേയരാകേണ്ടത് അത്യാവശ്യമാണ്. സാധാരണ സിടി സ്‌കാനിലൂടെ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ കഴിയില്ല.

പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല കാന്‍സര്‍. അതൊരു ജീവിതശൈലി രോഗമാണ്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചില ശീലങ്ങള്‍ കാരണം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് കാന്‍സറിലേക്ക് നയിക്കുന്നത്. വര്‍ഷങ്ങളോളം സിഗരറ്റ് വലിച്ചിരുന്ന ഒരാള്‍ പുകവലി നിര്‍ത്തിയാലും കാന്‍സര്‍ വന്നേക്കാം. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ സിഗരറ്റുകള്‍ വലിക്കുന്നവരും റിസ്‌കിലാണ്.പുകവലി നിര്‍ത്തേണ്ട കാര്യം ഇല്ല എന്ന് ഇതിന് അര്‍ഥമില്ല. പുകവലി നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയം ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങളുടെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു തുടങ്ങും. കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യും. അതേസമയം സിഗരറ്റ് വലി തുടരുന്ന കാലത്തോളം കാന്‍സര്‍ വരാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലായി തുടരുകയും ചെയ്യും. എത്രയും വേഗം നിര്‍ത്തുന്നുവോ അത്രയും നല്ലത്.

സിഗരറ്റില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ നേരെ ചെല്ലുന്നത് നമ്മുടെ ശ്വാസകോശത്തിലേക്കാണ്. ഈ കെമിക്കലുകള്‍ നമ്മുടെ ശരീരത്തിന്റെ ഡിഎന്‍എയെ ബാധിക്കുന്നു. ഡിഎന്‍എ ഘടന മാറുന്നതോടെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ അര്‍ബുദത്തിലും എന്ന പോലെ ശ്വാസകോശത്തെയും കാന്‍സര്‍ ബാധിക്കുന്നത് ഇങ്ങനെ തന്നെയാണ്. പക്ഷെ ഇവിടെ പാരമ്പര്യത്തിന് വലിയ റോളില്ല.ശ്വാസകോശ അര്‍ബുദം ഗുരുതരമായി കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. കഫത്തില്‍ രക്തം, ശ്വാസംമുട്ട്, നെഞ്ചുവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ആധുനിക ചികിത്സാ രീതികള്‍

ശ്വാസകോശ അര്‍ബുദം തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കും. ചെറിയ ട്യൂമറുകള്‍ ആണെങ്കില്‍ ശസ്ത്രക്രിയ നടത്തി അവ നീക്കം ചെയ്യാം. പ്രായമായവരില്‍ ഓപ്പറേഷന്‍ സാധ്യമല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയിലൂടെയും രോഗത്തെ തോല്‍പ്പിക്കാം.

മുഴ വലുതാണെങ്കില്‍ ഓപ്പറേഷന് ശേഷവും കീമോ, റേഡിയേഷന്‍ തെറാപ്പികള്‍ നടത്താറുണ്ട്. ഇത് കാന്‍സര്‍ മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലാണ്.ഡിഎന്‍എയില്‍ വരുന്ന മാറ്റങ്ങള്‍ കാരണം ഉണ്ടാകുന്ന അര്‍ബുദത്തെ ചെറുക്കാന്‍ ഇപ്പോള്‍ ടാര്‍ഗെറ്റഡ് മോളിക്യൂലര്‍ തെറാപ്പി പ്രയോജനപ്പെടുത്താറുണ്ട്. ബയോപ്‌സി ടെസ്റ്റിലൂടെ ജീനില്‍ വന്നിട്ടുള്ള മാറ്റങ്ങളെ നേരത്തെ തിരിച്ചറിയാം. അതുവഴി കൃത്യമായ മരുന്നുകളിലൂടെ വലിയ ഒരളവ് വരെ കാന്‍സറിനെ ചെറുക്കാന്‍ കഴിയും.

ശ്വാസകോശ അര്‍ബുദത്തിന്റെ ചികില്‍സയില്‍ ഇമ്മ്യൂണോ തെറാപ്പിയ്ക്കും വലിയ പങ്കുണ്ട്. കാന്‍സറിന്റെ അവസാന സ്‌റ്റേജില്‍ (സ്‌റ്റേജ് 4) എത്തിയവരില്‍ 20% പേര്‍ക്ക് ഇമ്മ്യൂണോ തെറാപ്പിയിലൂടെ രോഗം ഭേദമായതായി പുതിയ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊരു വിലയേറിയ ചികില്‍സാ രീതിയാണ്.

വായുമലിനീകരണവും വില്ലന്‍

പുകവലിക്കാത്തവരെയും ശ്വാസകോശ അര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും വായുമലിനീകരണവും അതിന് കാരണമാകുന്നു. തൊഴിലിടങ്ങളില്‍ നിന്നും വിഷാംശമുള്ള പുക ശ്വസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും പ്രത്യേക മാസ്‌ക് ധരിച്ചിരിക്കണം.ശ്വാസകോശ കാന്‍സറിനെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാവുന്നത് പുകവലി പോലെയുള്ള റിസ്‌ക് ഫാക്ടറുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. നല്ല ഭക്ഷണ ശൈലിയും വ്യായാമവും ശീലമാക്കുക. മദ്യപാനം ഒഴിവാക്കുക. വിഷവായു, പദാര്‍ഥങ്ങള്‍ ശ്വസിക്കാന്‍ ഇടയാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.വളരെ പെട്ടെന്ന് സ്ഥിതി വഷളാക്കുന്ന ഒരു രോഗാവസ്ഥയാണ് ശ്വാസകോശ അര്‍ബുദം. വിട്ടുമാറാത്ത ചുമയും കടുത്ത വേദനയും രോഗിയുടെ നില കഠിനമാക്കും. അങ്ങനെയുള്ളവര്‍ക്ക് നിരന്തരം ഓക്‌സിജന്‍ കൊടുക്കേണ്ടത് ആവശ്യമായി വരും. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ പാലിയേറ്റിവ് കെയറിന് വലിയ പ്രാധാന്യമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. അരുണ്‍ ആര്‍ വാര്യര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Next Story

RELATED STORIES

Share it