Health

ഹൃദയാരോഗ്യത്തിന് ഡിജിറ്റല്‍, മൊബൈല്‍ ഹെല്‍ത്ത് സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമെന്ന് ഹൃദ്രോഗ വിദഗ്ദര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍,മൊബൈല്‍ ഹെല്‍ത്ത് ഏറെ പ്രാധാന്യം നേടിയിട്ടുണ്ട്.ഹൃദയമിടിപ്പ്, ഓക്‌സിജന്‍ സാച്ചുറേഷന്‍, രക്തസമ്മര്‍ദ്ദം തുടങ്ങി ഓരോ മിനിറ്റിലും നമ്മുടെ എല്ലാ ചലനങ്ങളും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന നൂതന ഉപകരണങ്ങള്‍ വഴി സമീപഭാവിയില്‍ റിമോട്ട് മോണിറ്ററിംഗ് എന്നത് ഒരു മാനദണ്ഡമായിരിക്കും

ഹൃദയാരോഗ്യത്തിന് ഡിജിറ്റല്‍, മൊബൈല്‍ ഹെല്‍ത്ത് സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമെന്ന് ഹൃദ്രോഗ വിദഗ്ദര്‍
X

കൊച്ചി: ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചുള്ള അവബോധം, പ്രതിരോധം, കൈകാര്യം ചെയ്യല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍, മൊബൈല്‍ ഹെല്‍ത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഹൃദ്രോഗ വിദഗ്ദര്‍.ഇന്ന് പകര്‍ച്ചവ്യാധിയും അതുവഴിയുണ്ടായ മരണനിരക്കും രോഗാവസ്ഥയുമെല്ലാം മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. മാസ്‌കുകള്‍ ധരിക്കുക, ഹാന്‍ഡ് സാനിറ്റൈസേഷന്‍, സാമൂഹിക അകലം, വെര്‍ച്വല്‍ മീറ്റിംഗുകള്‍ തുടങ്ങിയ പുതിയ മാനദണ്ഡങ്ങളുമായി ലോകം ഇന്ന് പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഇവയെല്ലാം പുതിയ സാമൂഹിക ക്രമത്തിന് പുറമേ ഹസ്തദാനം, ആലിംഗനം തുടങ്ങിയ സാമൂഹിക പെരുമാറ്റ ശീലങ്ങളില്‍ ചില അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍,മൊബൈല്‍ ഹെല്‍ത്ത് ഏറെ പ്രാധാന്യം നേടിയിട്ടുണ്ടെന്ന് കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.രാജേഷ് തച്ചാതൊടിയില്‍ പറയുന്നു.ഹൃദയമിടിപ്പ്, ഓക്‌സിജന്‍ സാച്ചുറേഷന്‍, രക്തസമ്മര്‍ദ്ദം തുടങ്ങി ഓരോ മിനിറ്റിലും നമ്മുടെ എല്ലാ ചലനങ്ങളും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന നൂതന ഉപകരണങ്ങള്‍ വഴി സമീപഭാവിയില്‍ റിമോട്ട് മോണിറ്ററിംഗ് എന്നത് ഒരു മാനദണ്ഡമായിരിക്കും. ഒരു വ്യക്തിയുടെ ഒന്നിലധികം ഘടകങ്ങള്‍ നിരീക്ഷിക്കുന്നതിനായി കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.

ഇതു വഴി അനേകം ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ഒരു രോഗിയ്‌ക്കോ അതല്ലെങ്കില്‍ ആരോഗ്യവാനായ ഒരു വ്യക്തിയ്‌ക്കോ അയാളുടെ വൈറ്റല്‍സ് വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍. വൈറ്റല്‍സ് അളവിലും താഴ്ന്നാല്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. ഇതനുസരിച്ച് അവര്‍ക്ക് അടിയന്തര മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ആവശ്യമെങ്കില്‍ രോഗിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടാനും സാധിക്കും. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വസന നിരക്ക് കൂടാതെ, ഓക്‌സിജന്‍ സാച്ചുറേഷനുകള്‍ എല്ലാം വിദൂരമായി നിരീക്ഷിക്കാനും ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് ടെസ്റ്റുകള്‍ (അള്‍ട്രാസൗണ്ട്, ഇസിഎച്ച്ഒ) മുതല്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ വരെ വിദൂരമായി ചെയ്യാനും കഴിയുന്ന വിധത്തില്‍ ശാസ്ത്രം ഇന്ന് പുരോഗമിച്ചിട്ടുണ്ടെന്നും ഡോ.രാജേഷ് തച്ചാതൊടിയില്‍ വ്യക്തമാക്കി.

കൊവിഡിന്റെ സാഹചര്യത്തില്‍ മറ്റ് പല മേഖലകളെയും പോലെ ആരോഗ്യസംരക്ഷണ രംഗത്തും പല മാറ്റങ്ങളും വന്നിട്ടുണ്ടെന്ന് ടെലിമെഡിസിന്‍ സംവിധാനത്തിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിച്ചു കൊണ്ട് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ.സി രാജീവ് പറഞ്ഞു. ടെലിമെഡിസിന്‍ സൗകര്യം വിദൂരത്തുള്ള രോഗികളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പോലും ആരോഗ്യവിദഗ്ധരെ പ്രാപ്തരാക്കി. ചികില്‍സകള്‍ പിന്തുടരുന്നതിന് ഇന്നിത് ഏറെ സ്വീകാര്യമായ മാര്‍ഗമാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടി വരുന്നില്ല എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന്.

കൂടാതെ ചികില്‍സയ്ക്കായി എത്തുന്ന രോഗിയുമായി ശാരീരിക സമ്പര്‍ക്കം വേണ്ടിവരുന്നില്ല എന്നത് ഡോക്ടര്‍മാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നു.ആരോഗ്യ സംരക്ഷണ രംഗത്ത് അതിവേഗത്തിലുണ്ടാകുന്ന മുന്നേറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ.സി രാജീവ് കൂട്ടിച്ചേര്‍ത്തു ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ വിഭാഗം ആളുകളിലും എത്തിയിരിക്കുന്നതിനാല്‍ എംഹെല്‍ത്ത് പ്ലാറ്റ്‌ഫോമുകളിലൂടെ ആരോഗ്യപരിപാലന സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതില്‍ അസമത്വം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിമെഡിസിന്‍ പോലെ ബ്ലൂടൂത്ത് സൗകര്യത്തോടെയുള്ള ഡിജിറ്റല്‍ ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്ററുകള്‍ തുടങ്ങിയവ രോഗികളില്‍ പ്രത്യേകിച്ച് പ്രായമായവരില്‍ വിദൂര നിരീക്ഷണത്തിന് സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it