Health

ക്ഷയരോഗ നിവാരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ

ക്ഷയരോഗ നിവാരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ
X

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിവാരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ ആരംഭിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സബ് നാഷനല്‍ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്. കേന്ദ്ര ക്ഷയരോഗ നിവാരണ വിഭാഗവും, ലോകാരോഗ്യസംഘടന ഇന്ത്യ പ്രതിനിധികളും, ഐസിഎംആര്‍എന്‍ഐആര്‍ടി, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പ്രിവന്റീവ് & സോഷ്യല്‍ മെഡിസിന്‍ എന്നിവ സംയുക്തമായാണ് സബ് നാഷനല്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയിലൂടെ ക്ഷയരോഗ നിവാരണപ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സബ് നാഷനല്‍ സര്‍ട്ടിഫിക്കേഷന്‍ ആദ്യമായി ആരംഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മാത്രമാണ് ഇന്ത്യയില്‍ ആദ്യമായി മെഡല്‍ നേടിയത്. ഈ വര്‍ഷം സംസ്ഥാനം 14 ജില്ലകളെയും സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലാ ടിബി ഓഫീസര്‍മാരുടെ സഹകരണത്തോടെ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് മാസം പകുതിവരെയാണ് സര്‍വേ നടത്തുന്നത്. സര്‍വേയില്‍ ഓരോ ജില്ലയിലും രണ്ടുപേരടങ്ങുന്ന 15 സംഘങ്ങളുണ്ടാവും.

ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തില്‍ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം നമ്മുടെ ആരോഗ്യമേഖലയില്‍ ഒരു വെല്ലുവിളിയായി തന്നെ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 'ക്ഷയരോഗമുക്ത കേരളം' പദ്ധതി നടപ്പാക്കിവരുന്നു. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ തരണം ചെയ്ത് 2025 ഓടുകൂടി ക്ഷയരോഗ ബാധിതരുടെ എണ്ണം 2015നെ അപേക്ഷിച്ച് 80 ശതമാനം കണ്ട് കുറയ്ക്കുന്നതിനായി കേരളം കര്‍മനിരതയോടെ പ്രവര്‍ത്തിച്ചുവരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it