Health

സിഐഐ യുടെ ഹെല്‍ത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്ന്, നാല് തീയതികളില്‍ കൊച്ചിയില്‍

ആരോഗ്യ മൂല്യങ്ങള്‍ ലഭ്യമാക്കുന്ന യാത്ര എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കും. നയതന്ത്ര പ്രതിനിധികള്‍, രാജ്യാന്തര ഇന്‍ഷൂറന്‍സ് കമ്പനികള്‍, വിവിധ രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും

സിഐഐ യുടെ  ഹെല്‍ത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്ന്, നാല് തീയതികളില്‍ കൊച്ചിയില്‍
X

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി( സിഐഐ)സംഘടിപ്പിക്കുന്ന ഏഴാമത് ഹെല്‍ത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്ന്, നാല് തീയ്യതികളില്‍ കൊച്ചി ലെ മെറിഡിയനില്‍ നടക്കും. ആരോഗ്യ മൂല്യങ്ങള്‍ ലഭ്യമാക്കുന്ന യാത്ര എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കും. നയതന്ത്ര പ്രതിനിധികള്‍, രാജ്യാന്തര ഇന്‍ഷൂറന്‍സ് കമ്പനികള്‍, വിവിധ രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. വൈദ്യോപകരണ നിര്‍മാതാക്കളുടേയും വൈദ്യശാസ്ത്ര സംബന്ധിയായ സാങ്കേതിക വിദ്യാ രംഗത്തുള്ള സ്ഥാപനങ്ങളുടേയും വിപുലമായ പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും. കേന്ദ്ര വാണിജ്യ, വ്യവസായ അഡീഷണല്‍ സെക്രട്ടറി സുധാന്‍ഷു പാണ്ഡേ, സേവന കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ സംഗീത ഗോഡ്‌ബോളെ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ സംബന്ധിക്കും.

യൂറോപ്പ്, അമേരിക്ക, ദക്ഷിണ പൂര്‍വ്വേഷ്യയിലെ ചില രാജ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നത് ഈ രംഗത്തെ ഇന്ത്യന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആരോഗ്യ സഞ്ചാര രംഗത്തെ ആഗോള വിപണിയുടെ 18 ശതമാനവും ഇന്ത്യയ്ക്കു ലഭിക്കുന്നു എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 2020 ഓടെ ഇത് 20 ശതമാനത്തിലെത്തുകയും ഒന്‍പതു ബില്യണ്‍ ഡോളറിന്റെ വിപണിയായി തീരുകയും ചെയ്യും എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മേഖല ഇന്ത്യയ്ക്ക് വിദേശ നാണ്യം നേടിത്തരുന്ന പ്രധാന മേഖലയായി മാറുമെന്ന് നീതി ആയോഗും ചൂണ്ടിക്കാട്ടുന്നുണ്ട്.

വിനോദ സഞ്ചാര മേഖലയില്‍ കേരളം മുന്‍പന്തിയിലുള്ള സംസ്ഥാനമാണെങ്കിലും ആരോഗ്യ സേവന ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ കൂറവാണ്. ഈ മേഖലകളിലെല്ലാം മുന്നേറാന്‍ സഹായകമായ ചര്‍ച്ചകളും ശില്‍പശാലകളുമാവും ഉച്ചകോടിയില്‍ നടക്കുക. ചികില്‍സാ രംഗത്തെ കേരളത്തിന്റെ മികവ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ആരോഗ്യ ടൂറിസം വികസിപ്പിക്കുന്നതില്‍ സര്‍ക്കാറിന്റെ പങ്ക്, സമഗ്ര ചികില്‍സ പ്രോല്‍സാഹിപ്പിക്കുന്നതില്‍ കേരളത്തിന്റെ മാതൃക, ആരോഗ്യ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതില്‍ വൈദ്യോപകരണ നിര്‍മാതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ പ്രധാനപ്പെട്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും 0484-4012300 എന്ന നമ്പറിലോ saji.mathew@cii.in, cii.kerala@cii.in എന്നീ ഇ- മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it