Life Style

ന്യൂറോളജി വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തിനു തുടക്കം

ന്യൂറോളജി സംബന്ധമായ രോഗാവസ്ഥകളും വൈകല്യങ്ങളും നേരിടാന്‍ ഏറ്റവും പുതിയ രോഗനിര്‍ണ്ണയ ചികില്‍സ സംവിധാനങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും ന്യൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും എല്ലാ രോഗികളുടെയും ചികില്‍സയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഡോ. കെ.എ സലാം

ന്യൂറോളജി വിദഗ്ദ്ധരുടെ രാജ്യാന്തര  സമ്മേളനത്തിനു തുടക്കം
X

കൊച്ചി : ന്യൂറോളജി വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം 'മണ്‍സൂണ്‍ സമ്മിറ്റ് 2019' കൊച്ചി ഗ്രാന്റ് ഹയാത്തില്‍ ആരംഭിച്ചു.നാഡി പേശി വ്യവസ്ഥകളെ ബാധിക്കുന്ന രോഗങ്ങളുടെ നിര്‍ണ്ണയം, പ്രതിരോധം, ചികില്‍സ എന്നീ മേഖലകളില്‍ വൈദ്യശാസ്ത്രം നടത്തുന്ന ഏറ്റവും പുതിയ കാല്‍വയ്പുകളും സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനം.ന്യൂറോളജിയിലെ തീവ്രപരിചരണം , ജനിതക ന്യൂറോ മസ്‌കുലാര്‍ രോഗങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ശില്‍പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ശില്‍പശാലകളുടെ ഉദ്ഘാടനം ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. കെ.എ സലാം നിര്‍വ്വഹിച്ചു. ന്യൂറോളജി സംബന്ധമായ രോഗാവസ്ഥകളും വൈകല്യങ്ങളും നേരിടാന്‍ ഏറ്റവും പുതിയ രോഗനിര്‍ണ്ണയ ചികിത്സ സംവിധാനങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും ന്യൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും എല്ലാ രോഗികളുടെയും ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ മെഡിക്കല്‍ നേട്ടങ്ങളുടെയും വിജയപ്രാപ്തി അത് ഏറ്റവും സാധാരണക്കാരനു കൂടി പ്രയോജനപ്പെടുമ്പോള്‍ മാത്രമാണെന്നും ഡോ. കെ.എ സലാം പറഞ്ഞു.

നാഡീ, പേശി രോഗങ്ങളായ അപസ്മാരം, ഓര്‍മ്മക്കുറവ്, പാര്‍ക്കിന്‍സണ്‍സ്, മറ്റു ചലന വൈകല്യങ്ങള്‍, ന്യൂറോ ജനിതക വൈകല്യങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ളിറോസിസ്, സ്ട്രോക് എന്നിവ ബാധിച്ചവര്‍ ജനസംഖ്യയില്‍ 3 കോടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. വി ജി പ്രദീപ് കുമാര്‍ പറഞ്ഞു. അപകടങ്ങളില്‍ നാഡീ ക്ഷതം സംഭവിച്ചവരെയും ന്യൂറോ അണുബാധ ഉള്ളവരെയും ഒഴിച്ചുള്ള കണക്കാണത്.വിവിധ ഗ്രാമീണ മേഖലകളടക്കം രാജ്യത്തെ വലയൊരു ജനസംഖ്യയുടെ രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കുമായി വേണ്ടത്ര ന്യൂറോളജിസ്റ്റുകള്‍ ഇന്നില്ല. കൂടുതല്‍ വിദഗ്ധരുടെ സേവനം, ന്യൂറോ സ്പെഷ്യാലിറ്റി ക്ളിനിക്കുകള്‍, ന്യൂറോ പുനരധിവാസ കേന്ദങ്ങള്‍, രോഗീ ചികിത്സാക്രമം പാലിക്കുന്നത് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ആവശ്യമാണെന്ന് ഡോ.വി ജി പ്രദീപ്കുമാര്‍ പറഞ്ഞു.വിവിധ പ്രദേശങ്ങളില്‍ ജനസംഖ്യ അടിസ്ഥാനത്തിലുള്ള ജനിതക സ്വാധീനം, രോഗപ്രതിരോധം എന്നിവയെ അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തേണ്ടത് നാഡി - പേശി രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികില്‍സ സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ അത്യാവശ്യമാണെന്ന് ഡോ. കെ പി വിനയന്‍ പറഞ്ഞു.കേരള അസോസ്സിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് (കെ എ എന്‍) ആണ് മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും, ശാസ്ത്രജ്ഞന്മാരും പതിനഞ്ചിലധികം രാജ്യാന്തര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it