Latest News

മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം; രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് നാട്ടുകാര്‍

മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം; രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് നാട്ടുകാര്‍
X

പത്തനംതിട്ട: മോക്ഡ്രില്‍ അപകടത്തെത്തുടര്‍ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരേ ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തി. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സമയോചിതമായി നടന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിട്ടും എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ട് പ്രവര്‍ത്തനരഹിതമരുന്നുവെന്നും ആരോപണമുയര്‍ന്നു. മോക്ഡ്രില്ലില്‍ വിവിധ വകുപ്പുകള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണ്.

വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമന്‍ മുങ്ങി മരിച്ചത്. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം. എന്‍എഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവരുടെ നിര്‍ദേശ പ്രകാരം വെള്ളത്തില്‍ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തില്‍ വീണത്. അരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങിതാഴ്‌ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തകരാറിലായ ഫയര്‍ഫോഴ്‌സിന്റെ മോട്ടോര്‍ ബോട്ട് കയറുകൊണ്ട് കെട്ടിവലിച്ചാണ് കരയ്‌ക്കെത്തിച്ചത്. മരണത്തിന് പ്രധാന കാരണം മോക്ഡ്രില്ലില്‍ പങ്കെടുത്ത വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാവാത്തതാണ്.

കഴിഞ്ഞ ദിവസം രാവിലെയാണ് വെണ്ണിക്കുളം വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെയാണ് തുരുത്തിക്കാട് സ്വദേശി ബിനു സോമന്‍ മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്റെ മരണം രാത്രി 8.10 ഓടെയാണ് സ്ഥിരീകരിച്ചത്.

എല്ലാ വര്‍ഷവും വെള്ളപ്പെക്കത്തില്‍ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒമ്പത് മണിയോടെ മോക്ഡ്രില്‍ തുടങ്ങിയത്. ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്. നീന്തല്‍ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്തനിവാരണ അതോറിറ്റി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്നുപേരും പ്രതീകാത്മക അപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it