Latest News

യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, ആഭരണങ്ങളും പണവും കവര്‍ന്നു; കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, ആഭരണങ്ങളും പണവും കവര്‍ന്നു; കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
X

ഹരിപ്പാട്: സൗഹൃദം നടിച്ച് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ആഭരണങ്ങളും പണവും കവരുകയും ചെയ്ത കേസില്‍ മൂന്നു പ്രതികളെ ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. വിഷ്ണു എന്ന യുവാവാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. കൊലക്കേസ് പ്രതിയായ യദുകൃഷ്ണന്‍, വധശ്രമക്കേസുകളിലെ പ്രതിയായ മുഹമ്മദ് ഫാറൂഖ്, അശ്വിന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ബൈക്കില്‍ വന്ന വിഷ്ണുവിനെ ഡാണാപ്പടിയില്‍ വെച്ച് യദുകൃഷ്ണന്‍ ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിഷ്ണുവിനെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയപ്പോള്‍ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് വിഷ്ണുവിനെ മുറിയില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം 15 വയസ്സുള്ള രണ്ടുകുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. പ്രതികള്‍ ഇവരെയും ഉപദ്രവിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആക്രമിച്ചത്.

വിഷ്ണുവിന്റെ രണ്ടു പവന്റെ മാല, അര പവന്റെ മോതിരം, കാതിലെ റിംഗ്, സ്മാര്‍ട്ട് വാച്ച് എന്നിവ ഊരിയെടുത്ത ശേഷം പ്രതികള്‍ 15,000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ വഴി പണം കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷ്ണു സുഹൃത്തുക്കളെക്കൊണ്ട് അവര്‍ നല്‍കിയ നമ്പറിലേക്ക് പണം അയപ്പിച്ചു. പണം കൈമാറുന്നതിനിടെ യദുകൃഷ്ണനും അശ്വിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യദുകൃഷ്ണന്‍ കമ്പിവടി കൊണ്ട് അശ്വിനെ അടിച്ചതോടെ അശ്വിന്‍ ഓടി രക്ഷപ്പെട്ടു. അശ്വിനെ പിടികൂടാനായി ഫാറൂഖും യദുകൃഷ്ണനും പിന്നാലെ ഓടിയ ഈ അവസരം മുതലെടുത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളും വിഷ്ണുവും രക്ഷപ്പെടുകയായിരുന്നു. രാത്രി 11 മണിയോടെ പ്രധാന റോഡിലെത്തിയ വിഷ്ണു സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു.

ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐ ഷെജ, എഎസ്‌ഐമാരായ ശിഹാബ്, പ്രിയ, സിപിഒമാരായ നിഷാദ്, ശ്രീജിത്, സജാദ്, രാകേഷ്, അമല്‍, വിശ്വജിത്ത്, അഭിജിത്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Next Story

RELATED STORIES

Share it