Latest News

കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തില്‍ ദുരൂഹത

കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെയാണ് (27) ടാക്‌സി കാറില്‍സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തില്‍ ദുരൂഹത
X

മഞ്ചേരി: വിദേശത്തുനിന്നെത്തിയ യുവാവിനെ യാത്രാമധ്യേ വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെയാണ് (27) ടാക്‌സി കാറില്‍സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മഞ്ചേരി- കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്ത് ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം.

തട്ടിക്കൊണ്ടുപോവലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്ന് പോലിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇപ്രകാരമാണ്. രണ്ടു ദിവസം മുമ്പ് കരിപ്പൂരില്‍ വിമാനമിറങ്ങിയ റാഷിദ് കോഴിക്കോട്ട് താമസിച്ചു വരുകയായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് പോകാന്‍ വാഹനവുമായി മഞ്ചേരിയില്‍ എത്താന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഭാര്യപിതാവും സുഹൃത്തുക്കളും കാളികാവില്‍നിന്ന് മഞ്ചേരിയിലെത്തി. ഇതിനിടെ മഞ്ചേരിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പട്ടര്‍കുളത്ത് വച്ച് താന്‍ വന്ന ടാക്‌സി കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതായി റാഷിദ് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി റാഷിദ് സഞ്ചരിച്ച ടാക്‌സി കാറിലെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റി.

ഇതിനിടെ വാഹനം ഇടിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ റാഷിദിനെ സംഘം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് സാധനങ്ങള്‍ ബന്ധുക്കളുടെ വാഹനത്തിലേക്ക് കയറ്റിയതിലും അപകടസ്ഥലത്തേക്ക് ബന്ധുക്കളെത്താന്‍ കാത്തിരുന്നതിലും ദുരൂഹതയുള്ളതായി പോലിസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോയ കാര്‍ വള്ളുവമ്പ്രം സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ കാറിലാണ് ഇയാള്‍ കോഴിക്കോട് ടാക്‌സി സ്റ്റാന്‍ഡില്‍ എത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം.

ഭാര്യപിതാവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. കോഴിക്കോട് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തു. മലപ്പുറം ഡിവൈ.എസ്പി പ്രദീപ്, സിഐ സി അലവി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it