Latest News

വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍
X

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലിസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി. ആരവല്ലി മലനിരകളിലെ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ 23കാരിയാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷണവില്‍പ്പനക്കാരനായ ഗൗരവ് ഭാട്ടി (25)യെ പോലിസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 1.30യോടെ യുവതി സുഹൃത്തിനൊപ്പം കാറില്‍ ആരവല്ലി മലനിരകളിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെത്തിയ ഗൗരവ് ഭാട്ടി ഇരുവരോടും തര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ഇയാള്‍ സ്വന്തം വാഹനത്തിലേക്ക് നീങ്ങി. ഫോണ്‍ തിരിച്ചെടുക്കാനായി ഇരുവരും ഇയാളെ പിന്തുടര്‍ന്നു. വാഹനത്തിനടുത്തെത്തിയപ്പോള്‍ സുഹൃത്തിനെ തള്ളിയിട്ട ശേഷം യുവതിയെ ബലമായി കാറില്‍ കയറ്റിയ ഗൗരവ് ഭാട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ സുഹൃത്ത് ഉടന്‍ പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പോലിസ് സംഘം തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലൂടെയാണ് പ്രതി വാഹനം ഓടിച്ചിരുന്നതെന്ന് പോലിസ് വ്യക്തമാക്കി. ഇതിനിടെ ചെളിനിറഞ്ഞ വഴിയില്‍ വാഹനം കുടുങ്ങി മുന്നോട്ട് പോകാനാകാത്ത സ്ഥിതിയിലായി. ഇവിടെവച്ച് യുവതി നിലവിളിച്ചതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് യുവതിയെ രക്ഷപ്പെടുത്തി.

Next Story

RELATED STORIES

Share it