Latest News

ചരിത്രമെഴുതി സംസ്ഥാനത്ത് ഇടതു തരംഗം: തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; തകര്‍ന്നടിഞ്ഞ് യുഡിഎഫ്

സെഞ്ച്വറിയോടടുത്ത് എല്‍ഡിഎഫ്, എല്‍ഡിഎഫ്- 99; യുഡിഎഫ്- 41

ചരിത്രമെഴുതി സംസ്ഥാനത്ത് ഇടതു തരംഗം: തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; തകര്‍ന്നടിഞ്ഞ് യുഡിഎഫ്
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാപ്റ്റന്‍സിയില്‍ സംസ്ഥാന രാഷ്ട്രീയത്തിന് പുതു ചരിത്രം തീര്‍ക്കുന്നു. ഇത്തവണത്തെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നതായിരുന്നു. എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്് പോലെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണ തുടര്‍ച്ച ഉറപ്പിച്ചു. ഇതുവരെയുള്ള കണക്ക് പ്രകാരം എല്‍ഡിഎഫിന് 99 സീറ്റും യുഡിഎഫിന് 41 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. 35 സീറ്റോടെ അധികാരം പിടിക്കുമെന്ന് വീമ്പിളക്കിയ, ബിജെപിക്ക് സിറ്റിങ് സീറ്റുപോലും നിലനിര്‍്ത്താനായില്ല.

പ്രളയകാല- കൊവിഡ് കാല ആശ്വാസ നടപടികളുമാകാം ക്യാപ്റ്റന്‍സി നിലനിര്‍ത്താന്‍ ഇടയാക്കിയത്. ശബരിമലയും ആഴക്കടലും പിന്നാക്ക സംവരണവുമൊക്കെ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിക്കുന്നതായിരുന്നു സെഞ്ച്വറിയോടടുത്ത വിജയം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് മട്ടന്നൂരുകാര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പോലും വിശേഷിച്ച അവര്‍ക്ക് 61035 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

വോട്ടെടുപ്പ് ദിവസം ശബരിമല ലക്ഷ്യമിട്ട് സകല ദേവഗണങ്ങളും ഇടതുപക്ഷത്തിനൊപ്പമാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കേരളം തുടര്‍ ഭരണം ആഗ്രഹിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായറും തുറന്നടിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ശബരിമല തിഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന്്് എല്‍ഡിഎഫ് പോലും ഭയപ്പെട്ടിരുന്നു. അത് മുന്നില്‍ കണ്ട് കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ ചില പൊടിക്കൈകളും പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇടതു തരംഗത്തില്‍ പ്രതിപക്ഷം നിഷ്പ്രഭമാവുകയായിരുന്നു.

ഇടതു മുന്നണിയില്‍ സിപിഎമ്മിന് ഒറ്റക്ക് ഭരിക്കാന്‍ കഴിയുന്ന ഭൂരിപക്ഷമാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. സിപിഐക്ക് വലിയ വിജയമാണ് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എല്‍ഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കായി ചില പരാജയങ്ങളും ഈ തിരഞ്ഞെടുപ്പിലുണ്ടായി. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെയും കുണ്ടറയില്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ 5318 വോട്ടിന്റെ പരാജയവും എല്‍ഡിഎഫിന് ക്ഷീണമായി.

ഭരണത്തുടര്‍ച്ചക്ക് ഇടതുപക്ഷത്തിന് കരുത്തായി മാറിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണിയുടെ ദയനീയ പരാജയവും ഭരണമുന്നണിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍, പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മാണി സി കാപ്പന്‍ മുന്നണി വിട്ടിരുന്നു. മുന്നണി വിട്ട് യുഡിഎഫിനൊപ്പം നിന്ന് മല്‍സരിച്ച് പാലായില്‍ ചരിത്ര വിജയം നേടി.

ടിപി ഘാതകര്‍ക്കെതിരേ മല്‍സരിച്ച് വിജയിച്ച കെ കെ രമയാണ് ഇക്കുറി സഭയിലെ താരം. തീപാറുന്ന പോരാട്ടം നടന്ന തൃത്താലയില്‍ വിടി ബല്‍റാമിനെ എം ബി രാജേഷ് പരാജയപ്പെടുത്തി. ഇതിനൊപ്പം തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട എം സ്വരാജും എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കി. യുഡിഎഫില്‍ കോണ്‍ഗ്രസിനൊപ്പം മുസ്‌ലിംലീഗ് ഉള്‍പ്പടെയുള്ള ഘടക കക്ഷികളും പിന്നാക്കം പോയി. കോണ്‍ഗ്രസിന് കുണ്ടറയില്‍ പി സി വിഷ്ണുനാഥും കരുന്നാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ്, പാലക്കാട് ഷാഫി പറമ്പിലും, കല്‍പറ്റയില്‍ ടി സിദ്ദീഖും ആശ്വാസ വിജയങ്ങളായിരുന്നു. സര്‍വേ ഫലങ്ങളെല്ലാം എതിരായപ്പോഴും, കനത്ത പരാജയം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫിനും പ്രതീക്ഷിച്ച മുന്നേറ്റം നടത്തായില്ല. ഈ കനത്ത പരാജയം യുഡിഎഫില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കും.

Next Story

RELATED STORIES

Share it