Latest News

പശ്ചിമ ബംഗാള്‍ 'ഘര്‍വാപ്പസി', യുപിയുടെ വിധി നിശ്ചയിക്കുമോ?

പശ്ചിമ ബംഗാള്‍ ഘര്‍വാപ്പസി,  യുപിയുടെ വിധി നിശ്ചയിക്കുമോ?
X

പശ്ചിമ ബംഗാളില്‍ നടക്കുന്നത് ഒരു രാഷ്ട്രീയനാടകമാണോ അതോ ഒരു കോമഡി ഷോ ആണോ എന്ന് ഒരാള്‍ സംശയിച്ചാല്‍ ആരും അദ്ഭുതപ്പെടില്ല. അത്ര വിചിത്രമാണ് ബംഗാളിലെ രാഷ്ട്രീയം. 2021ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് കാലാവധി തീരും മുമ്പ് മമത രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തിലെയും ബംഗാളിലെയും ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിച്ചത്. സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവച്ച് കുറച്ചുനാള്‍ നിശ്ശബ്ദനായിരുന്നശേഷം ആദ്യ വെടിപൊട്ടിച്ചുകൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. തൃണമൂല്‍ സ്ഥാപകാംഗമായ മുകുള്‍ റോയിയാകട്ടെ നേരത്തെത്തന്നെ ബിജെപിയില്‍ ഇടം പിടിച്ചിരുന്നു. അധികാരിയുടെ കൊഴിഞ്ഞുപോക്കോടെ പിന്നീട് രാഷ്ട്രീയലോകം കണ്ടത് വലിയൊരു കുത്തൊഴുക്കാണ്.

ജില്ലാ നേതാക്കള്‍ മുതല്‍ എംഎല്‍എമാരും സംസ്ഥാന, പോഷക സംഘടനാ നേതാക്കള്‍ വരെ എത്രയും പെട്ടെന്ന് കളം വിട്ടു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിച്ചവര്‍ പോലും ബിജെപി പാളയത്തിലെത്തിയിരുന്നു. എന്തും സംഭവിക്കാമെന്ന് ലോകം വിലയിരുത്തി. എന്തായാലും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളും മമതയുടെ മൃദുഹിന്ദുത്വ കാര്‍ഡും താന്‍പോരിമയും ഏതാണ് ഉപയോഗപ്പെട്ടതെന്നറിയില്ല, മമത എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൂന്നാം തവണയും ബംഗാളില്‍ മുഖ്യമന്ത്രിയായി. മമതയുടെ തോല്‍വി മാത്രമാണ് ഇതിനിടയില്‍ സംഭവിച്ച വലിയ നഷ്ടം.

സിപിഎം മുന്നണി ഒരു സീറ്റുപോലുമില്ലാതെ അധികാരത്തില്‍ നിന്ന് പുറത്തായി. മറ്റു പാര്‍ട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

വെറും മൂന്ന് സീറ്റുമാത്രമുണ്ടായിരുന്ന ബിജെപിയാണ് മമതയ്ക്ക് മുന്നില്‍ വലിയ പ്രതിബന്ധം സൃഷ്ടിച്ചത്. 77 സീറ്റോടെ ബംഗാളില്‍ ഹിന്ദുത്വ തരംഗത്തിന് വലിയ അടിസ്ഥാനമുണ്ടെന്ന് തെളിയിച്ചുകൊണ്ട് വിജയിച്ചുകയറിയെങ്കിലും അധികാരത്തിലെത്താനായില്ല.

ഇപ്പോള്‍ കാറ്റ് മാറി വീശുകയാണ്.

ജൂണ്‍ 15ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കാണാന്‍ ബിജെപിയുടെ നേതാവും മമതയുടെ മുന്‍ വലംകയ്യുമായിരുന്ന സുവേന്ദു അധികാരി തന്റെ എംഎല്‍എ പറ്റത്തെ ആട്ടിത്തെളിച്ച് പോയപ്പോള്‍ കൂടെയുണ്ടായിരുന്നത് 51 പേരായിരുന്നു. വിജയിച്ച രണ്ട് പേര്‍ നേരത്തെ എംപിമാരായിരുന്നതുകൊണ്ട് അവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ബാക്കി വരുന്ന 75ല്‍ 24 പേര്‍ ഗവര്‍ണറെ കാണാന്‍ തയ്യാറാവാതെ വിട്ടുനിന്നു.

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് 30 പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായിട്ടുണ്ട്. ബിജെപി ഉപാധ്യക്ഷന്‍ മുകുള്‍ റോയി നേരത്തെത്തന്നെ തൃണമൂലില്‍ തിരികെയെത്തി സീറ്റ് പിടിച്ചു.

ഇവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കണമെന്നാണ് ബിജെപിക്കാരുടെ ആവശ്യം. എന്നാല്‍ ഗവര്‍ണര്‍ അസ്വസ്ഥനാണ്. കാരണം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇതുപോലെ കുറേ എംഎല്‍എമാരെയാണ് അമിത് ഷാ തൃണമൂല്‍ കൂടാരം പൊളിച്ച് പുറത്ത് ചാടിച്ചത്. അന്ന് പുറത്തെടുക്കാത്ത കൂറുമാറ്റ നിരോധന നിയമം ഇപ്പോള്‍ ചേരുമോ എന്നാണ് ഗവര്‍ണരുടെ നില പരുങ്ങലിലാക്കുന്നത്. അതേസമയം നിയമം പുറത്തെടുക്കാതിരുന്നാല്‍ അടുത്ത സമ്മേളനത്തോടെ ഇനി എത്ര പേര്‍ ബിജെപിയില്‍ അവശേഷിക്കുമെന്നാണ് അവരുടെ ഭയം.

നിങ്ങളില്ലെങ്കില്‍ ഞാന്‍ വെള്ളത്തിനു പുറത്തുവന്ന വെറും മല്‍സ്യം മാത്രമെന്ന് പഴയ നേതാവായ മമതക്ക് കണ്ണീരില്‍ കുതിര്‍ന്ന കത്തെഴുതിയ സൊണാലി ഗുഹ ആരംഭിച്ച ഘര്‍വാപ്പസി ഇനിയും തുടരുമെന്ന് ബിജെപി കരുതുന്നു. ഇതിനും പുറമെ സുവേന്ദു അധികാരിയെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങളും രൂപം കൊണ്ടിട്ടുണ്ട്.

സുവേന്ദു അധികാരിയുടെ സഹോദരനെതിരേ ടാര്‍പോളിന്‍ മോഷ്ടിച്ചതിന് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. കേസ് തള്ളണമെന്ന അധികാരിയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. അധികാരിയുടെ അനുയായികളില്‍ നിന്ന് മെഷീന്‍ഗണ്ണ് പിടികൂടിയതാണ് മറ്റൊരു വിവാദം. എന്തായാലും അധികാരിയുടെ നില പരിതാപകരമാണ്, സ്വാഭാവികമായും ബിജെപിയുടേതും.

യുപിയിലും ഇതേ സ്ഥിതി ആവര്‍ത്തിക്കുമോയെന്നാണ് ഇപ്പോള്‍ ബിജെപിയുടെ ഭയം. അടുത്ത വര്‍ഷമാണ് യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയെ സംബന്ധിച്ചിടത്തോളം യുപിയില്‍ നേതൃത്വഅഭാവം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി അജയ് സിങ് ബിസാത്ത് അഥവാ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പദം ലഭിച്ചേക്കുമെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുപിയിലെ 250 എംഎല്‍എമാര്‍ ഇതിനകം തങ്ങളുടെ മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിക്കഴിഞ്ഞു. അതും സ്വന്തം ഒപ്പോടുകൂടിയുള്ള പരാതി. കേന്ദ്ര നേതൃത്വത്തിലെ രാധാമോഹന്‍ സിങ്ങിനാണ് അവര്‍ പരാതി നല്‍കിയത്. തങ്ങളുടെ ഭാവി മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്നാണ് കത്തിന്റെ ചുരുക്കം.

പ്രശ്‌നം രൂക്ഷമായതോടെ യോഗി ഡല്‍ഹിയ്ക്കും ലഖ്‌നോവിനുമിടയില്‍ ഷട്ടില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തെ നേരിടുന്നതില്‍ ആദിത്യനാഥ് പരാജയമാണെന്നാണ് എംഎല്‍എമാരുടെ കത്തിലുള്ളത്. ഇത് ബിജെപിക്ക് ആദിത്യനാഥിലുള്ള വിശ്വാസം മാത്രമല്ല, യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ആത്മവിശ്വാസവും കെടുത്തിയിട്ടുണ്ട്. അടുത്ത 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമത നരേന്ദ്ര മോദിയെ ബനാറസില്‍ നേരിടുമെന്ന കിംവദന്തിയും രാഷ്ട്രീയരംഗത്തുണ്ടെന്ന് പറഞ്ഞാല്‍ ബംഗാള്‍ രാഷ്ട്രീയം യുപിയെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെയും ഉലയ്ക്കുന്നുണ്ടെന്ന് ബോധ്യമാവും.

Next Story

RELATED STORIES

Share it