Latest News

കനയ്യയും മേവാനിയും കോണ്‍ഗ്രസ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?

കനയ്യയും മേവാനിയും കോണ്‍ഗ്രസ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?
X

കനയ്യ കുമാര്‍ ഒടുവില്‍ ആ തീരുമാനമെടുത്തു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അത്തരമൊരു തീരുമാനം പുറത്തുവരും മുമ്പു തന്നെ അദ്ദേഹം സ്വന്തം ചെലവില്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച എയര്‍കണ്ടീഷ്ണര്‍ പറിച്ചുമാറ്റിയിരുന്നു. അത് പുതിയ പാര്‍ട്ടി ഓഫിസില്‍ സ്ഥാപിക്കുമോയെന്ന് വ്യക്തമല്ല. അതേ കുറിച്ചുള്ള വാര്‍ത്തകളൊന്നും വന്നിട്ടുമില്ല.

കനയ്യ കുമാറിന്റെ പാര്‍ട്ടിമാറ്റത്തോടൊപ്പം ജിഗ്നേഷ് മേവാനിയുടെ പാര്‍ട്ടി മാറ്റവും ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. എങ്കിലും കാലുമാറ്റക്കുരുക്കില്‍ പെടേണ്ടെന്ന് കരുതിയാവണം കനയ്യ കുമാറിനൊപ്പം മേവാനി കോണ്‍ഗ്രസ്സ് അംഗത്വം നേടിയിട്ടില്ല. തീര്‍ച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും.

കനയ്യയുടെ വരവും മേവാനിയുടെ വരവും പലരും പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ദേശീയ തലത്തില്‍ തന്റെ പ്രസംഗം കൊണ്ടും ബ്രാഹ്മണ പ്രതിച്ഛായ കൊണ്ടും ജെഎന്‍യു പോലുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി നേതൃത്വം കൊണ്ടും അഭ്യസ്തവിദ്യരായ ഇന്ത്യന്‍ യുവത്വത്തിനും ജനങ്ങള്‍ക്കും സ്വീകാര്യനായ ഒരാളാണ് കനയ്യ കുമാര്‍. ബിജെപിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇന്ത്യന്‍ മതേതരത്വത്തെ വേണ്ട വിധം തഴുകിയും മുന്നോട്ട് പോകുന്ന കനയ്യ ഇന്ത്യന്‍ വിപ്ലവ, മതേതര പ്രസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകാ പുരുഷസ്ഥാനമാണ് സംഭാവന ചെയ്തിട്ടുള്ളത്. മുസ് ലിം രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള മടി ഒരു പരിധിവരെ കനയ്യയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ മുദ്രവാക്യം വിളി കേസില്‍ ദേശവിരുദ്ധനെന്ന പേര് ദോഷം ചെയ്യുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.

ഇതിനിടയിലും സിപിഐ പോലുള്ള താരതമ്യേന ഒരു ചെറിയ പാര്‍ട്ടിയിലാണ് കനയ്യ നിന്നിരുന്നതെന്നതാണ് മറ്റൊരു പോരായ്മ. തിരഞ്ഞെടുപ്പില്‍ അക്കാര്യം തെളിഞ്ഞുവരികയും ചെയ്തു. നാല് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്കാണ് കനയ്യ തോറ്റത്. ആ പോരായ്മയാണ് കനയ്യ തിരുത്തുന്നത്.

കനയ്യയുടെ പഴയ സുഹൃത്തും സഹപാഠിയും അതേ തരംഗത്തില്‍ എംഎല്‍എയുമായ മുഹസിന്‍ പറഞ്ഞത് ശരിയാണ്. കനയ്യയുടെ രാഷ്ട്രീയമല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ്സിന് വേണ്ടത്. അത് സത്യവുമാണ്. ആ രാഷ്ട്രീയത്തിന് എത്ര വോട്ട് ലഭിക്കുമെന്ന് നാം കണ്ടു കഴിഞ്ഞു. ശരിയായ രാഷ്ട്രീയത്തിനല്ലല്ലോ ആളുകള്‍ വോട്ട് ചെയ്യുന്നത്? ആ അര്‍ത്ഥത്തില്‍ സിപിഐയോട് ചേര്‍ത്ത് വച്ച തന്റെ പ്രതിച്ഛായ കോണ്‍ഗ്രസ്സില്‍ വച്ചാല്‍ അത് ഉപകാരപ്പെടുമോയെന്നുള്ളതായിരിക്കണം കനയ്യയുടെ നോട്ടം. കനയ്യയ്ക്കും കോണ്‍ഗ്രസ്സിനും ഒരേസമയം ഗുണം ചെയ്യുന്ന നീക്കം. അത് ഇന്ത്യന്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെങ്കില്‍ തീര്‍ച്ചയായും നല്ലതുതന്നെ. അതുണ്ടാവട്ടെയെന്ന് നമുക്ക് ആശിക്കാം.

അതേസമയം മേവാനി വ്യത്യസ്തനായ ഒരാളാണ്. കനയ്യയെപ്പോലെ പോസ്റ്റര്‍ ബോയിയായല്ല രാഷ്ട്രീയത്തിലെത്തിയത്. ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമശ്രദ്ധയിലെത്തിയ ഒരാളുമല്ല. ദലിത് പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചാണ് അദ്ദേഹം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. സമരങ്ങളുടെയും പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അത്. താരതമ്യേന ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യമില്ലാത്ത ദലിത് പ്രശ്‌നത്തെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചാണ് അദ്ദേഹം സ്വന്തം അസ്ഥിത്വം സ്ഥാപിച്ചത്. അത്തരമൊരു രാഷ്ട്രീയമാണ് മേവാനി കോണ്‍ഗ്രസ്സിന് സംഭാവന ചെയ്യുന്നതെങ്കില്‍ അത് കനയ്യ സൃഷ്ടിക്കുന്നതുപോലെ ചെറിയൊരു ഓളമായിരിക്കുകയില്ല. ഒരു മുന്നേറ്റമായിരിക്കും. അത് സംഭവിക്കുമോയെന്ന് നമുക്ക് ഇപ്പോള്‍ വ്യക്തമല്ല. അതും സംഭവിക്കാവുന്നതുതന്നെ.

എന്തായാലും സംഭവങ്ങളെ ധനാത്മകമായി സമീപിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. ബാക്കി ചരിത്രത്തിന് വിട്ടുകൊടുക്കുകയും.

Next Story

RELATED STORIES

Share it