Latest News

കിഫ്ബിയിലെ ഇന്‍കം ടാക്‌സ് റെയ്ഡിനെ എന്തുകൊണ്ട് തെമ്മാടിത്തരമെന്ന് വിശേഷിപ്പിച്ചു; കൂടുതല്‍ വിശദീകരണവുമായി തോമസ് ഐസക്

കിഫ്ബിയിലെ ഇന്‍കം ടാക്‌സ് റെയ്ഡിനെ എന്തുകൊണ്ട് തെമ്മാടിത്തരമെന്ന് വിശേഷിപ്പിച്ചു; കൂടുതല്‍ വിശദീകരണവുമായി തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബിയിലെ ഇന്‍കം ടാക്‌സ് റെയ്ഡിനെ തെമ്മാടിത്തരമെന്ന് വിശേഷിപ്പിച്ചതിനുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. ഐടി ആക്റ്റിന്റെയും കിഫ്ബി നടപടിക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് നടക്കുന്നതെന്ന് ഐസക് ആരോപിച്ചു.

ഇന്‍കം ടാക്‌സ് നടത്തുന്നത് പൊറാട്ടു നാടകമാണെന്നും ഡല്‍ഹിയിലുള്ള രാഷ്ട്രീയ യജമാനന്‍മാരുടെ ചാവേര്‍പടകളായി ഇന്‍കം ടാക്‌സ് വകുപ്പ് അധപതിക്കരുതെന്നും ഐസക് പരിഹസിച്ചു.

തിരഞ്ഞെടുപ്പു കാലത്ത് കിഫ്ബിയുടെ മേല്‍ ചെളിവാരിയെറിയുക, സിഎജി, ഇഡി, ഇപ്പോള്‍ ഇന്‍കം ടാക്‌സ് തുടങ്ങിയവര്‍ മാറി മാറി പരിശോധിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുക, കിഫ്ബി എന്തോ പ്രതിസന്ധിയിലാണെന്നു വരുത്തി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക, ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കരാറുകാരെ നിരുത്സാഹപ്പെടുത്തുക, കേരളത്തിന്റെ വികസന കുതിപ്പിനെ തകര്‍ക്കുക, ഇതൊക്കെയാണ് ഇന്‍കം ടാക്‌സിന്റെ ഉദ്ദേശ്യമെന്ന് വിശദീകരിച്ച ഐസക് അടുത്തതായി ഇ.ഡിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ഈസ്റ്റര്‍ ഒഴിവിനു മുമ്പ് എത്താനാണ് പരിപാടിയെന്നും ഈ വേലത്തരമെല്ലാം ഏതെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തു മതിയെന്നും ഇത്തരം വിരട്ടലുകള്‍ കേരളത്തില്‍ വേണ്ടെന്നും ഐസക് തിരിച്ചടിച്ചു.

ഐസക് നല്‍കുന്ന വിശദീകരണം ഇതാണ്:

എന്താണ് തര്‍ക്കം? ഐറ്റി ആക്ട് പ്രകാരം കരാര്‍ പ്രവൃത്തികളുടെ നികുതി സ്രോതസ്സില്‍തന്നെ ഈടാക്കി അടയ്‌ക്കേണ്ട ഉത്തരവാദിത്വം കരാര്‍ നല്‍കുന്ന ആള്‍ക്കുണ്ട്. കിഫ്ബി ഇപ്രകാരം ഇന്‍കം ടാക്‌സ് അടച്ചിട്ടില്ല. ഇതാണ് ആദായ നികുതി വകുപ്പിന്റെ ആക്ഷേപം.

കിഫ്ബിയുടെ മറുപടി ഇതാണ് – ആദായ നികുതി സെക്ഷന്‍ 194 പ്രകാരം കരാറുകാരന് 'തുക കൈമാറാന്‍ ഉത്തരവാദിത്വമുള്ള വ്യക്തി'യാണ് റ്റി.ഡി.എസ് കിഴുവു ചെയ്യാനും ബാധ്യസ്ഥപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഉത്തരവാദിത്വം കരാറുകാരെ ടെണ്ടര്‍ വിളിച്ചു നിശ്ചയിക്കുന്ന എസ്.പി.വികള്‍ക്കാണ്. കിഫ്ബിയും കരാറുകാരും തമ്മില്‍ നിയമപരമായ ബന്ധമില്ല. അവരാണ് നികുതി പിടിക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്.

പക്ഷെ, കിഫ്ബിയുടെ നടപടിക്രമ പ്രകാരം കിഫ്ബി നേരിട്ടു കരാറുകാരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നല്‍കുകയാണ് ചെയ്യുന്നത്. അപ്പോള്‍ കിഫ്ബിയാണ് നികുതി പിടിക്കുന്നതിനും അടയ്ക്കുന്നതിനും ചുമതലപ്പെട്ടത് എന്നാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ മറുവാദം.

ഇത് ഐറ്റി ആക്ടിന്റെയും കിഫ്ബി നടപടിക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണെന്നാണ് കിഫ്ബി മറുപടി. എസ്.പി.വിയാണ് ടെണ്ടര്‍ വിളിച്ച് കരാറുകാരനെ നിശ്ചയിക്കുന്നത്. എസ്.പി.വി പണത്തിനുവേണ്ടി കിഫ്ബിക്കു ബില്ല് അയക്കുമ്പോള്‍ മൊത്തം തുകയോടൊപ്പം ഇന്‍കം ടാക്‌സ്, ക്ഷേമനിധി വിഹിതം, ജി.എസ്.ടി, സെസ് എന്നിവയ്ക്കുള്ള തുക പ്രത്യേകമായി കാണിച്ചിരിക്കണം. ഇതു കിഴിച്ചു കരാറുകാരനു നല്‍കേണ്ട ബാക്കി തുകയും പ്രത്യേകമായി കാണിക്കണം. നികുതി വിഹിതം എസ്.പി.വിക്കു കിഫ്ബി നേരിട്ടു നല്‍കും. ബാക്കി തുക കരാറുകാരന്റെ അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുക്കുകയും ചെയ്യും. കരാറുകാരനു പണം നല്‍കുന്നത് കിഫ്ബിയാണെങ്കിലും അതു എസ്.പിവിക്കു വേണ്ടി ചെയ്യുന്ന ഒരു ഏജന്‍സി സേവനം മാത്രമാണ്.

ഈ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കേരള സര്‍ക്കാര്‍ കൃത്യമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഓരോ പ്രവൃത്തിക്കും ടെണ്ടര്‍ വിളിക്കുമ്പോള്‍ ബിഡ്ഡ് ഡോക്യുമെന്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കരാറുകാരനുമായിട്ടുള്ള എഗ്രിമെന്റിലും ഇതു വിശദീകരിക്കുന്നുണ്ട്. കരാറിന്റെ നികുതി വിഹിതം കിഫ്ബിയെ അറിയിക്കുകയും വാങ്ങുകയും ആദായ അടയ്ക്കാനുമുള്ള ചുമതല എസ്.പി.വിക്കാണ്. അഴിമതി ഒഴിവാക്കുന്നതിനും കാലതാമസമില്ലാതെ കരാറുകാര്‍ക്കു പണം നല്‍കുന്നതിനു വേണ്ടിയുമാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

42 എസ്.പി.വികള്‍ 2400 പാക്കേജുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയുടെയെല്ലാം കണക്ക് തയ്യാറാക്കുന്ന ഭാരം കിഫ്ബിക്ക് ഏറ്റെടുക്കാനാവില്ല. അവ ചെയ്യേണ്ടത് എസ്.പി.വികളാണ്. അതിനാണ് അവര്‍ക്ക് സെന്റേജ് നല്‍കുന്നത്. ഇന്‍കം ടാക്‌സ് ആക്ടു പ്രകാരം എസ്.പി.വികളാണ് ജോലി തീര്‍ത്ത വകയില്‍ 'തുക കൈമാറാന്‍ ഉത്തരവാദിത്വമുള്ള വ്യക്തി'.

ഇങ്ങനെ ഇതിനകം 73 കോടി രൂപ നികുതിയടയ്ക്കുന്നതിനു വേണ്ടി എസ്.പി.വികള്‍ക്കു കൈമാറിയിട്ടുണ്ട്. അവര്‍ ആദായ നികുതി വകുപ്പിന് അടച്ചിട്ടില്ലെങ്കില്‍ അത് അവരോടു ചോദിക്കണം. അല്ലാതെ കിഫ്ബിയുടെ മേക്കിട്ടു കയറുകയല്ല വേണ്ടത്. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാക്കാം. ഇടയ്ക്കിടെ എസ്.പി.വികളെ കിഫ്ബി ഇന്‍സ്‌പെക്ട് ചെയ്യാറുണ്ട്. നികുതിയും മറ്റു നിയമപരമായ കിഴിവുകളും അടച്ചോയെന്നതും പരിശോധനയില്‍ ഉള്‍പ്പെടും. ഇന്നേവരെ ഒരു തട്ടിപ്പു കേസും കണ്ടിട്ടില്ല. അങ്ങനെ 73 കോടി രൂപ വാങ്ങി കൈയ്യില്‍ വച്ചിട്ടാണ് കിഫ്ബിയില്‍ റെയ്ഡ് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഫെബ്രുവരി മാസത്തില്‍ കൃത്യമായ ഉത്തരങ്ങളും വിശദീകരണങ്ങളും നല്‍കിയതാണ്. ഇനി വേറെ അധികം രേഖകള്‍ വേണമെങ്കില്‍ അവയും ലഭ്യമാക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. കിഫ്ബിയുടെ കണക്കുകളും രേഖകളുമെല്ലാം ഓണ്‍ലൈനാണ്. പ്രോജ്ക്ട് ആന്‍ഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പാസുവേര്‍ഡ് ഇന്‍കം ടാക്‌സുകാര്‍ക്കു നല്‍കാമെന്നും പറഞ്ഞതാണ്. എത്ര വേണമെങ്കിലും സമയമെടുത്ത് അവര്‍ രേഖകളൊക്കെ പരിശോധിച്ചുകൊള്ളട്ടെ.

പക്ഷെ, ഇന്‍കം ടാക്‌സുകാര്‍ക്ക് അതൊന്നും പോരാ. റെയ്ഡ് തന്നെ വേണം. 15 പേരുടെ ടീം. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ മഞ്ജിത് സിംഗ് തന്നെ നേതാവ്. 12 മണിക്ക് റെയ്ഡ് ആരംഭിച്ചു. അപ്പോഴേയ്ക്കും മാധ്യമങ്ങള്‍ക്കെല്ലാം വിവരം ലഭിച്ചിരുന്നു. രാത്രി 9 ആയിട്ടും ഒന്നും കിട്ടിയില്ല. ആകെയൊരു ചമ്മല്‍. കിഫ്ബിയിലെ സോഫ്ടുവെയര്‍ അധിഷ്ഠിതമായ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം ഇന്‍കം ടാക്‌സ് സംഘത്തെ വിസ്മയിപ്പിച്ചുവെന്നു വേണം പറയാന്‍. അപ്പോള്‍ അതുവരെ തിരുവനന്തപുരത്തു എവിടെയോ ഇരുന്ന് ഫോണിലൂടെ നിര്‍ദ്ദേശം കൊടുത്തിരുന്ന സാക്ഷാല്‍ മഞ്ജിത് സിംഗ് തന്നെ നേരിട്ടു രംഗപ്രവേശനം ചെയ്തു. അദ്ദേഹം കിഫ്ബി സിഇഒയെ രാത്രി 11.30 വരെ ചോദ്യം ചെയ്തു. ഇന്ത്യന്‍ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ അവാര്‍ഡായ സഹാറ കേസിന്റെ സൂത്രധാരന്‍ ഡോ. കെ.എം. എബ്രഹാം ഉണ്ടോ വഴങ്ങുന്നു. ഒരു കിഴിഞ്ചും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവസാനം കുറച്ചു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് മടങ്ങുന്നു. സോഫ്ടുവെയറുകളുടെ പാസുവേര്‍ഡ് അവര്‍ക്കു വേണ്ട. രേഖകളുമായിട്ട് നേരിട്ടുതന്നെ എത്തണം.

Next Story

RELATED STORIES

Share it