Latest News

ഇത് എന്തുകൊണ്ട് ലോകമഹായുദ്ധം ആവുന്നു?

ഇത് എന്തുകൊണ്ട് ലോകമഹായുദ്ധം ആവുന്നു?
X

ഇ ജെ ദേവസ്യ

യുക്രെയ്‌നിലെ സ്റ്റാര്‍ വാര്‍ എപ്പിസോഡ്

യുക്രെയ്ന്‍ യുദ്ധത്തെ മുന്‍നിര്‍ത്തി വായനക്കാരെയും കാഴ്ചക്കാരെയും പിടിച്ചിരുത്താന്‍ മാധ്യമങ്ങള്‍ സ്റ്റാര്‍ വാര്‍ സീരീസിന്റെ പുതിയ എപ്പിസോഡ് നിര്‍മാണത്തിരക്കിലായിരുന്നു. സൈനിക ശക്തിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന റഷ്യയോട് 22ാം സ്ഥാനത്തുനില്‍ക്കുന്ന യുക്രെയ്ന്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതിനില്‍ക്കുന്നത് അവര്‍ സ്റ്റോറിയാക്കി. പതിനാലരക്കോടിയിലധികം വരുന്ന റഷ്യന്‍ ജനതയുടെ സര്‍വായുധ സൈനിക മുന്നേറ്റത്തെ ചെറുക്കാന്‍ നാലരക്കോടി മാത്രമുള്ള യുക്രെയ്ന്‍ ജനതയോടു തെരുവിലിറങ്ങി കൈയാങ്കളി നടത്താന്‍ ആഹ്വാനം ചെയ്യുന്ന പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ആടിയുലയുന്ന കപ്പലിലെ കപ്പിത്താനോടുപമിച്ച് അവര്‍ വാര്‍ത്താകഥകളുണ്ടാക്കി. അതു കേട്ടപാതി കേള്‍ക്കാത്തപാതി രാജ്യത്തെ ടെലിവിഷന്‍ ചാനലുകളും റേഡിയോ നിലയങ്ങളും മൊളോട്ടവ് കോക്‌ടെയില്‍ എന്ന പെട്രോള്‍ ബോംബുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനെക്കുറിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ടിവിയും റേഡിയോയും തുറന്നുവച്ചു സ്വയംതൊഴില്‍ സംരംഭ കേന്ദ്രങ്ങളിലെന്നപോലെ വനിതകള്‍ ഉള്‍പ്പെടെ കെയ്‌സ് കണക്കിനു മൊളോട്ടവ് കോക്‌ടെയില്‍ നിര്‍മിക്കുന്ന സചിത്ര വാര്‍ത്തകളും മാധ്യമങ്ങള്‍ പെരുപ്പിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോളും തെര്‍മോകോള്‍ പൊടിയും നിറച്ചു തുണിത്തിരിയുമിട്ട് കീശയില്‍ തീപ്പെട്ടിയുമായി റഷ്യന്‍ സേനയുടെ അത്യാധുനിക പാറ്റണ്‍ടാങ്ക് കാത്തുനില്‍ക്കുന്ന യുക്രെയ്ന്‍ പൗരന്മാരെക്കുറിച്ചും 3500 റഷ്യന്‍ സൈനികരെ വധിച്ചെന്ന യുക്രെയ്‌ന്റെ അവകാശവാദത്തെക്കുറിച്ചും ദേശാഭിമാനം ജ്വലിപ്പിച്ചുതന്നെ മാധ്യമങ്ങള്‍ പൊലിപ്പിച്ചു. ഏറ്റവും ത്രസിപ്പിക്കുന്ന കഥ അതൊന്നുമായിരുന്നില്ല. സര്‍വന്റ്‌സ് ഓഫ് ദി പീപ്പിള്‍ എന്ന ടെലിവിഷന്‍ കോമഡി ഷോയില്‍ രാജ്യത്തിന്റെ പ്രസിഡന്റായി മാറുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വ്‌ളാദിമിര്‍ സെലന്‍സ്‌കി എന്ന ചെറുപ്പക്കാരന്‍ ആ ഷോ ഹിറ്റായപ്പോള്‍ സര്‍വന്റ്‌സ് ഓഫ് ദി പീപ്പിള്‍ എന്ന പേരില്‍ത്തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയായ സിനിമാക്കഥ തോല്‍ക്കുന്ന യുക്രെയ്ന്‍ കഥയായിരുന്നു അത്.

താന്‍ പ്രസിഡന്റായപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ തന്റെ ചിത്രം തൂക്കിയ ഉദ്യോഗസ്ഥരോട് ആ ചിത്രം മാറ്റി പകരം അവനവന്റെ മക്കളുടെ ചിത്രം തൂക്കാനും പ്രധാന തീരുമാനങ്ങളെടുക്കും മുമ്പ് അതിലേക്കു നോക്കാനും പറഞ്ഞ സെലന്‍സ്‌കിയുടെ കഥയും ആളെ പിടിച്ചിരുത്തുന്നതാണ്. റഷ്യന്‍ ടാങ്കുകള്‍ രാജ്യത്തേക്ക് ഇരച്ചുകയറുമെന്നായപ്പോള്‍ അതു തടയാന്‍ പാഞ്ഞുചെന്നു പാലം ബോംബ് വച്ചു തകര്‍ത്ത് അതിനൊപ്പം സ്വയം പൊട്ടിച്ചിതറിയ സൈനികന്‍ വിറ്റാലി സ്‌കാകുന്‍ വഌദിമിരോവിച്ചിന്റെ വീരകഥ വരുംതലമുറകളെയും പ്രചോദിപ്പിക്കുംവിധം മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ചെറുമക്കളെ കാക്കാന്‍ സൈന്യത്തില്‍ ചേരാനെത്തിയ 80കാരനായ നാട്ടുകാരന്റെ കഥയും റഷ്യന്‍ ഹുങ്കിനെ നേരിടാന്‍ തോക്കേന്തി നിരത്തിലിറങ്ങിയ വനിതാ എംപി കിരാ റുദിക്കിന്റെ കഥയുമെല്ലാം ഹ്യൂമന്‍ ഇന്‍ട്രസ്റ്റീവ് സ്റ്റോറികളാക്കി മാധ്യമങ്ങള്‍ പങ്കുവച്ചു. ഈ കഥകളില്‍നിന്ന് യുക്രെയ്ന്‍ ജനതയുടെയും പ്രസിഡന്റ് സെലന്‍സ്‌കിയുടെയും രാജ്യസ്‌നേഹത്തെയും ധീരതയയെും സംബന്ധിച്ച് ഒന്നും കിഴിച്ചുകളയാനില്ലെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഈ മാധ്യമവിചാരം നടത്തിയതെന്നു പറയട്ടെ. മാധ്യമങ്ങള്‍ പകല്‍നേരം സ്‌ഫോടന ശബ്ദങ്ങളില്‍ കിടുങ്ങുകയും രാത്രികാലങ്ങളില്‍ സ്‌ഫോടനങ്ങളുടെ വര്‍ണക്കാഴ്ചകള്‍ പകര്‍ത്തുകയും ചെയ്തു. അതിലപ്പുറം പറഞ്ഞത് യുദ്ധഭൂമിയിലെ കണ്ണീര്‍ക്കഥകളും മേല്‍പ്പറഞ്ഞതുപോലുള്ള രസക്കഥകളും മാത്രമാണ്. ശരിക്കുള്ള ദൃശ്യങ്ങള്‍ കിട്ടാത്തതിനാല്‍ ഒരു മലയാള ചാനല്‍ പോലും കംപ്യൂട്ടര്‍ ഗെയിമിലെ ദൃശ്യങ്ങള്‍ വച്ചാണ് യുക്രെയ്ന്‍ കാഴ്ചകളെന്ന രീതിയില്‍ യുദ്ധത്തിന്റെ ആദ്യദിനം വാര്‍ത്തയെ പൊലിപ്പിച്ചതെന്ന കാര്യം ഇവിടെയോര്‍ക്കണം!

യുദ്ധത്തിലെ വംശീയപക്ഷം

മാധ്യമങ്ങള്‍ ഈ കാണിച്ചതെല്ലാം ടിപിആര്‍ റേറ്റിങ്ങിന്റെയും വരിക്കാരെ കൂട്ടുന്നതിന്റെയും പരമ്പരാഗത തിടുക്കമാണെന്നു വേണമെങ്കില്‍ പറയാം. പക്ഷേ, അതിലപ്പുറം ചില അപകടകരമായ പ്രവണതയും യുക്രെയ്ന്‍ യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ കാണിച്ചു. ഏതു യുദ്ധത്തിലും യുദ്ധഭൂമിക്കപ്പുറത്തും പക്ഷമുണ്ടാവുക സ്വാഭാവികമാണ്. മാധ്യമങ്ങള്‍ക്കും പക്ഷമുണ്ടാവാം. ചൈനീസ് മാധ്യമങ്ങളും റഷ്യന്‍ മാധ്യമങ്ങളും ഇപ്പോള്‍ ആരുടെ പക്ഷത്താണെന്നു രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. അതല്ല ഇവിടെ വിഷയം. ആഗോള രാഷ്ട്രീയ മൂല്യച്യുതിയുടെ ലക്ഷണം മാധ്യമങ്ങള്‍ ഇത്രമാത്രം പ്രകടമാക്കിയ അവസരം യുക്രെയ്ന്‍ യുദ്ധ റിപോര്‍ട്ടിങ്ങിലെന്നപോലെ സമീപകാലത്തു കണ്ടിട്ടില്ലെന്നുള്ളതാണ് സത്യം. യുദ്ധ റിപോര്‍ട്ടിങ്ങിലും യുദ്ധവാര്‍ത്താ വിശകലനങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളെന്നു പേരെടുത്തവപോലും കുത്തിനിറച്ച വംശീയ മുന്‍വിധികള്‍ ഞെട്ടിക്കുന്നതാണ്. അവയെക്കാള്‍ എത്രയോ സംയമനത്തോടെയും കാര്യമാത്ര പ്രസക്തിയോടെയുമാണ് സോഷ്യല്‍ മീഡിയ യുദ്ധവാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളെക്കുറിച്ചുള്ള ഈ വിമര്‍ശനങ്ങളെല്ലാം ഉയരുന്നതുപോലും സോഷ്യല്‍ മീഡിയയിലാണ്. അറബ് പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദ അറബ് ആന്റ് മിഡില്‍ ഈസ്റ്റ് ജേണലിസ്റ്റ് അസോസിയേഷന്‍ അഥവാ എമേജ ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പത്രക്കുറിപ്പുതന്നെ പുറത്തിറക്കിയിട്ടുണ്ട്. ഉക്രെയ്‌നിലെ യുദ്ധം റിപോര്‍ട്ട് ചെയ്യുമ്പോള്‍ രഹസ്യമായും പരസ്യമായുമുള്ള പക്ഷപാതിത്വം വരുന്നത് സൂക്ഷിക്കണമെന്നാണ് അവര്‍ വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

യുക്രെയ്ന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഡേവിഡ് സാക്‌വാറെലിജ് 'ബിബിസി'യുടെ മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത് 'എന്നെ സംബന്ധിച്ചിടത്തോളം ഇതു വളരെ വൈകാരികമായൊരു നിമിഷമാണ്. നീല കണ്ണുകളും സ്വര്‍ണ തലമുടിയുമുള്ള യൂറോപ്യന്‍ ജനങ്ങളെ കൊല്ലുന്നതാണ് ഞാന്‍ കാണുന്നത്' എന്നാണ്. യൂറോപ്യന്‍ ജനതയുടെ മുടിനിറവും തൊലിനിറവും നീലക്കണ്ണുകളുമോര്‍ക്കുമ്പോഴെ യുദ്ധക്കെടുതിയുടെ വേദന സാക്‌വാറെലിജിനെ ബാധിക്കുന്നുള്ളൂ. 'ബിബിസി' ആ വേദന ലോകവുമായി പങ്കുവയ്ക്കുകയാണ് അഭിമുഖത്തില്‍ ചെയ്യുന്നത്. യുക്രെയ്ന്‍ തലസ്ഥാനമായ കിവില്‍നിന്നു യുദ്ധവാര്‍ത്തകള്‍ നേരിട്ടു റിപോര്‍ട്ട് ചെയ്യുന്ന 'സിബിഎസ്' ന്യൂസ് റിപോര്‍ട്ടറുടെ പരാമര്‍ശവും ഉദാഹരിക്കപ്പെട്ടിട്ടുണ്ട്. ഇറാഖിനെയും അഫ്ഗാനിസ്താനെയും പോലെ യുക്രെയ്ന്‍ ഒരു പ്രശ്‌നബാധിത പ്രദേശമായിരുന്നില്ല, ആപേക്ഷികമായി പരിഷ്‌കൃതമായൊരു യൂറോപ്യന്‍ നഗരമായിരുന്നെന്നാണ് ലേഖകന്‍ വിശദീകരിക്കുന്നത്. രാഷ്ട്രീയബോധത്തോടെയാണ് 'അല്‍ജസീറ'യും 'എന്‍ബിസി'യും കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയെന്നൊരു മുന്‍വിധി നമുക്കുണ്ട്. യുദ്ധക്കെടുതിയില്‍നിന്ന് എങ്ങോട്ടെങ്കിലും പലായനം ചെയ്യുന്നതിന്റെ ഭാഗമായി മുന്നില്‍ കണ്ട ട്രെയിനുകളിലേക്ക് യുക്രെയ്ന്‍ ജനത ഓടിക്കയറുന്ന രംഗം റിപോര്‍ട്ട് ചെയ്ത ദൃശ്യത്തിന് 'അല്‍ജസീറ'യുടെ വാര്‍ത്താ അവതാരകന്‍ പീറ്റര്‍ ഡോബി വാക്കുപകര്‍ന്നത്, 'അവരില്‍ നമ്മുടെ കണ്ണുകള്‍ ഉറപ്പിക്കുന്നത് അവരുടെ വസ്ത്രധാരണ രീതിയാണ്. അവര്‍ സമ്പന്നരും മധ്യവര്‍ഗക്കാരുമാണ്. അവര്‍ ഉത്തരാഫ്രിക്കയില്‍നിന്നോ പശ്ചിമേഷ്യയില്‍നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളല്ല. അവര്‍ ഏതൊരു യൂറോപ്യന്‍ കുടുംബത്തെയും പോലെ തന്നെയാണ്. അതെ, നിങ്ങളുടെ അടുത്ത വീട്ടില്‍ താമസിക്കുന്നവര്‍' എന്നാണ്.

'ഐടിവി' ബ്രിട്ടിഷ് ടെലിവിഷന്‍ ചാനലാണ്. അതിന്റെ റിപോര്‍ട്ടറായ വനിത സംഭവങ്ങള്‍ കണ്ടുള്ള തന്റെ നടുക്കം റിപോര്‍ട്ട് ചെയ്തത്, 'ഇതൊരു വികസ്വര, മൂന്നാം ലോക രാജ്യമല്ല. ഇതു യൂറോപ്പാണ്' എന്നു പറഞ്ഞുകൊണ്ടാണ്. ബ്രിട്ടിഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡാനിയേല്‍ ഹന്നാന്‍ 'ദി ഡെയ്‌ലി ടെലഗ്രാഫി'ല്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്, 'അവര്‍ക്കും ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകളുണ്ട്. അവര്‍ക്കു നമ്മുടെ അതേ ഛായയാണ്. ഒരു ദരിദ്ര ഉള്‍രാജ്യങ്ങളില്‍ എവിടെയുമല്ല ഇതു സംഭവിക്കുന്നത്' എന്നാണ്. 'എന്‍ബിസി' ലേഖകന്റെ വാക്കുകള്‍ അതിലേറെ വംശീയത നിറഞ്ഞതാണ്. 'വ്യക്തമായി പറയുകയാണെങ്കില്‍ ഇവര്‍ സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളല്ല, യുക്രെയ്‌നില്‍നിന്നുള്ള അഭയാര്‍ഥികളാണ്... അവര്‍ ക്രിസ്ത്യാനികളാണ്, അവര്‍ വെളുത്തവരാണ്. അവര്‍ നമ്മളോടു വളരെ സാമ്യമുള്ളവരാണ്...' എന്നാണ് ആ വാക്കുകള്‍. ഇവിടെയാണ് യുക്രെയ്ന്‍ യുദ്ധത്തില്‍ മാധ്യമങ്ങള്‍ നിലകൊള്ളുന്ന വംശീയപക്ഷം മറനീക്കുന്നത്.

റഷ്യ യുദ്ധത്തിനു പോയതാണോ?

യുദ്ധം അവസാനിച്ചെങ്കിലോ എന്നൊരു ആശങ്ക ഉള്ളതുപോലെ മാധ്യമങ്ങള്‍ ഒരുകാര്യം തുറന്നുപറയാന്‍ മടിച്ചിട്ടിട്ടുണ്ട്. റഷ്യ യുദ്ധത്തിനാണ് യുക്രെയ്‌നിലേക്കു പുറപ്പെട്ടിരുന്നതെങ്കില്‍ ആ യുദ്ധത്തിന് ഒരു രണ്ടാംനാള്‍ ഉണ്ടാവുമായിരുന്നില്ല എന്ന ലോകയാഥാര്‍ഥ്യമാണ് അത്. ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവുന്ന തീര്‍ത്തും ലളിതമായൊരു യാഥാര്‍ഥ്യം. അത് ഉള്‍ക്കൊണ്ടു മാത്രമേ യുക്രെയ്ന്‍ യുദ്ധത്തിന്റെ ലോകരാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ സാധിക്കൂ. അമേരിക്ക യുദ്ധസാഹചര്യം ഒഴിവാക്കാമായിരുന്ന ക്ലാസിക്കല്‍ ഡിപ്ലോമസി കളഞ്ഞുകുളിച്ചെന്നു ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. റഷ്യയുമായി നേരിട്ടു ചര്‍ച്ചചെയ്തു പ്രശ്‌നം പരിഹരിക്കുന്നതിനുപകരം ബൈഡന്‍ പരസ്യപ്രസ്താവനകളും സൈനികനീക്കവും പൊങ്ങച്ചം പറച്ചിലും ഉപരോധ ഭീഷണിയും കൊണ്ടു റഷ്യയെ പ്രകോപിപ്പിക്കുകയും യുക്രെയ്‌നെ എരികേറ്റുകയും ചെയ്തു എന്നാണ് മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി കെ പി ഫാബിയാനെ പോലുള്ളവര്‍ വിമര്‍ശിക്കുന്നത്. ബോള്‍ഷെവിക് വിപ്ലവത്തിന്റെ സന്താനമായ യുക്രെയ്‌നു ചരിത്രപരമായി നിലനില്‍ക്കാന്‍ അവകാശമില്ലെന്നു പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെയും ഇനി എന്തുവന്നാലും നാറ്റോ നോക്കിക്കോളുമെന്നു കരുതി ജനതയെ കുരുതികൊടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെയും അവര്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കയോ നാറ്റോയോ സൈനികമായി ഇടപെടാതിരുന്നതിനാല്‍ ലോകമഹായുദ്ധം ഒഴിവായെന്ന് ആശ്വസിക്കുന്നവരും ഉണ്ട്. പക്ഷേ, യുക്രെയ്‌നില്‍ ഇത്രയൊക്കെ സംഭവിച്ചിരിക്കുന്നു. അമേരിക്കയോ നാറ്റോയോ യുക്രെയ്‌നിലെയെന്നല്ല ഒരു അധിനിവേശത്തിലെയും യുദ്ധത്തിലെയും അവസാനവാക്കുമല്ല. അതിവിടെയും തെളിയിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ, ഐക്യരാഷ്ട്ര സഭ പോലെ ഉത്തരവാദപ്പെട്ടവര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ?

ഇത് ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധവുമല്ല. എന്നിട്ടും എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം. നാറ്റോയുടെ പിറവിതന്നെ സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ബ്ലോക്കിനെ തടഞ്ഞുനിര്‍ത്താന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതാളിത്ത ബ്ലോക്ക് ആയിട്ടാണ്. ലോകത്തെ പരസ്പരം ചേരിതിരിച്ചുകൊണ്ടിരിക്കുന്ന ശീതയുദ്ധകാല സന്തതിയാണ് 1949ല്‍ പിറന്നുവീണ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ. ശീതയുദ്ധം തീര്‍ന്നു. സോവിയറ്റ് യൂനിയന്‍ തകര്‍ന്നു. പക്ഷേ, അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ വളര്‍ന്നു. അതിനു തെളിവാണ് സോവിയറ്റ് യൂനിയന്റെ പതനത്തനു ശേഷവും കൂടുതല്‍ അംഗരാജ്യങ്ങളെ ചേര്‍ത്തു നാറ്റോ വികസിച്ചതും ഇപ്പോള്‍ അമേരിക്കയും കാനഡയും 28 യൂറോപ്യന്‍ രാജ്യങ്ങളുമായി സഖ്യം 30 അംഗരാജ്യങ്ങളില്‍ എത്തിനില്‍ക്കുന്നതും. ഇനി നാറ്റോയ്ക്ക് പ്രസക്തിയില്ല, അതു പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്‌നെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമം വരുന്നത്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലെന്ന പുടിന്റെ നിലപാടില്‍ റഷ്യനേരിടുന്ന വലിയ ഭീഷണിയെക്കുറിച്ചുള്ള വിചാരമുണ്ട്. അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ ചേരിക്കു തലയിണയ്ക്കടിയില്‍ ബോംബ് വയ്ക്കാന്‍ അവസരം നല്‍കലാവും അതെന്നു പുടിന് നല്ല ഉറപ്പുണ്ട്. ആ ഭീഷണിക്ക് അവസരം ലഭിക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് യുക്രെയ്‌നെ പിന്തുണയ്ക്കുന്ന ആര്‍ക്കുമറിയാം. യുക്രെയ്‌നെ സംബന്ധിച്ചു നിലനില്‍പ്പിന്റെ പ്രശ്‌നമാണെങ്കില്‍പ്പോലും. യുക്രെയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നു റഷ്യ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുള്ളതും അമേരിക്കയും സഖ്യകക്ഷികളും അതിനു ചെവികൊടുക്കാത്തതും റഷ്യക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതേസമയം, യുക്രെയ്‌ന് അംഗത്വം കൊടുക്കാതെ തന്നെ ഭീഷണി ഉയര്‍ത്താനാണ് അമേരിക്ക ശ്രമിച്ചതെന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.

യുദ്ധം തുടങ്ങുന്നതിനു മുമ്പ് യുക്രെയ്‌നെക്കാള്‍ വലിയവായില്‍ റഷ്യക്കെതിരേ ഭീഷണി മുഴക്കിയ അമേരിക്കയാണ് യുദ്ധം തുടങ്ങിയപ്പോള്‍ അനങ്ങാതിരുന്ന് ഉപരോധത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നത്. അതുകൊണ്ട് റഷ്യയുടെ നീക്കം സ്വയം പ്രതിരോധത്തിന്റേതാണെന്ന് ഒരര്‍ഥത്തില്‍ പറയാം. പക്ഷേ, അമേരിക്കയോളം ഒരുപക്ഷേ, അമേരിക്കയെക്കാള്‍ സാമ്രാജ്യത്വ താല്‍പ്പര്യമുള്ള റഷ്യയാണ് ഇന്നത്തേത്. അതു പഴയ സോവിയറ്റ് റഷ്യയല്ല. യുക്രെയ്‌നില്‍ റഷ്യ വര്‍ഷിക്കുന്ന ഓരോ ബോംബും അമേരിക്കയുടെയും നാറ്റോയുടെയും നെഞ്ചിനു തൊടുക്കുന്ന മുഴങ്ങുന്ന വെള്ളിടിയാണ്, മറിച്ച് യുക്രെയ്‌നെ ആക്രമിക്കുന്നതല്ല. പഴയ സോവിയറ്റ് റഷ്യന്‍ റിപബ്ലിക്കുകള്‍ റഷ്യയുടെ സമാന്തരാജ്യങ്ങളാവണമെന്നാണ് പുടിന്റെ റഷ്യയുടെ സാമ്രാജ്യത്വ സ്വപ്നം. തീവ്ര ദേശീയത ജ്വലിപ്പിച്ചു ചൈനയിലും ഇന്ത്യയിലുമൊക്കെ നടത്തുന്നതുപോലെ ഒരു രാജ്യം ഒരു രാഷ്ട്രീയം ഒരു ഭരണാധികാരി എന്ന നിലയിലേക്കു മാറി മറ്റൊരു സാര്‍ ചക്രവര്‍ത്തിപദമാണ് പുടിന്റെ സ്വപ്നം. റഷ്യക്ക് പിന്തുണയുമായി ചൈന വന്നിട്ടുള്ളത് ഇവിടെ കാണണം. നാറ്റോയ്ക്കു ബദലായി മറ്റൊരു സാമ്രാജ്യത്വ ചേരിതന്നെയാണ് റഷ്യയും ചൈനയുമെല്ലാം ലക്ഷ്യം വയ്ക്കുന്നത്. പണ്ട് ബംഗ്ലാദേശ് യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാംകപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവേശിച്ചപ്പോള്‍ കുതിച്ചെത്തിയ സോവിയറ്റ് റഷ്യയുടെ നാവികപ്പടയെ ഇന്ത്യ ചരിത്രത്തില്‍ മറക്കില്ല. പക്ഷേ, ഇന്നു ചൈന ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി സൈനികത്താവളങ്ങളും പാലങ്ങളും നിര്‍മിച്ചു ഭീഷണി ഉയര്‍ത്തുമ്പോള്‍ പുടിന്റെ റഷ്യയെ നമുക്കു പ്രതീക്ഷിക്കാനാവില്ലെന്നു പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.

(തേജസ് ദൈ്വവാരികയുടെ മാര്‍ച്ച് 15-31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Next Story

RELATED STORIES

Share it