Latest News

ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതാര്? - വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മുന്നില്‍ കൈമലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതാര്? - വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മുന്നില്‍ കൈമലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കൊവിഡ് സാഹചര്യത്തില്‍ സ്വന്തം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കുന്ന ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ പേരാണ് വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നതെങ്കിലും വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ഐടി മന്ത്രാലയം ഒഴിഞ്ഞുമാറി.

ഒഴിഞ്ഞുമാറാതെ ആരാണ് യഥാര്‍ത്ഥത്തില്‍ നിര്‍മിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കാനാവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് കത്തയച്ചു. ഒഴിഞ്ഞുമാറിയുളള മറുപടി അസ്വീകാര്യമാണെന്നും കമ്മീഷന്‍ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു.

മുഖ്യഇന്‍ഫര്‍മേഷന്‍ ഓഫിസറടക്കം ആര്‍ക്കും മറുപടി നല്‍കാനാവുന്നില്ല. അരാണ് ഈ ആപ്പ് നിര്‍മിച്ചത്? അതുമായി ബന്ധപ്പെട്ട ഫയലുകളെവിടെ? എന്താണിത്ര രഹസ്യം- കമ്മീഷന്‍ ചോദിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങള്‍ നവംബര്‍ 24നകം കമ്മീഷനുമുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരാവകാശ പ്രവര്‍ത്തകനായ സൗരവ് ദാസാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. താന്‍ ആവശ്യപ്പെട്ട ആപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രാലയം തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നായിരുന്നു പരാതി.

ആരാണ് ആപ്പിന്റെ പ്രൊപ്പോസല്‍ നല്‍കിയത്, ആരാണ് അനുമതി നല്‍കിയത്, അതിന്റെ രേഖകള്‍, ഏതൊക്കെ കമ്പനികളാണ് ആപ്പുമായി ബന്ധപ്പെട്ടിട്ടുള്ളത്, ഏതൊക്കെ വ്യക്തികള്‍, വകുപ്പുകള്‍ ആപ്പ് നിര്‍മാണത്തിലും തീരുമാനമെടുക്കുന്നതിലും ഭാഗമായി, സ്വകാര്യവ്യക്തികളുമായി ബന്ധപ്പെട്ട് നടത്തിയ എഴുത്തുകുത്തുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളായിരുന്നു ചോദിച്ചത്.

അപേക്ഷ നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. അപേക്ഷ വിവിധ വകുപ്പുകള്‍ പരസ്പരം തട്ടിക്കളിച്ചു. ആപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തങ്ങളുടെ കൈവശമില്ലെന്ന് എന്‍ഐസി ഒടുവില്‍ കൈമലര്‍ത്തിക്കൊണ്ടുളള മറപടി അയച്ചു. ഐടി വകുപ്പാകട്ടെ ലഭിച്ച അപേക്ഷ, ദേശീയ ഇ-ഗവേണന്‍സ് വിഭാഗത്തിന് കൈമാറുകയും ചെയ്തു.

ഇ ഗവേണന്‍സ് വകുപ്പിലെ വിവരാവകാശ ഓഫിസര്‍മാര്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it