Latest News

'എന്റെ കൈ എവിടെയമ്മേ, മുറിച്ചു കളഞ്ഞോ?';ഒമ്പതു വയസ്സുകാരിയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ കുടുംബം

എന്റെ കൈ എവിടെയമ്മേ, മുറിച്ചു കളഞ്ഞോ?;ഒമ്പതു വയസ്സുകാരിയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ കുടുംബം
X

കൊല്ലങ്കോട്: ഡോക്ടര്‍മാരുടെ പിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്ന ചികില്‍സാ പിഴവാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ട അവസ്ഥയിലെത്താന്‍ കാരണമെന്ന് കുടുംബം പറയുന്നു.

നിര്‍മാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആര്‍ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ വിനോദിനി.

സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കൈക്ക് പരിക്ക് പറ്റിയത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് കുട്ടിയുടെ കൈയ്ക്ക് അസഹനീയമായ വേദന തുടങ്ങുന്നത്. ഇതോടെ കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പും വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എന്നാല്‍ കൈ മുറിച്ചുമാറ്റുകയല്ലാതെ നിവൃത്തിയുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കൈ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരി തന്റെ കൈ എവിടെയെന്ന് ചോദിക്കുമ്പോള്‍ കണ്ണീരല്ലാതെ മറുപടിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.നിലവില്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിനോദിനിയുടെ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി.

Next Story

RELATED STORIES

Share it