Latest News

ലൗജിഹാദ് ആരോപണം തിരിച്ചടിക്കുമ്പോള്‍

ലൗജിഹാദ് ആരോപണം തിരിച്ചടിക്കുമ്പോള്‍
X

ലൗ ജിഹാദ് എന്ന ആരോപണം ആദ്യം ഉന്നയിക്കുന്നതും പ്രചാരം നേടുന്നതും കേരളത്തില്‍നിന്നാണ്. യുക്തിവാദികളും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനുമാണ് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടിടത്തോളം ഈ ആരോപണം ആദ്യം ഉന്നയിക്കുന്നത്. മുസ് ലിം ചെറുപ്പക്കാന്‍ മതംമാറ്റാന്‍ വേണ്ടി ഇതര മതസ്ഥരായ യുവതികളെ വലവീശിപ്പിടിച്ച് വിവാഹം ചെയ്യുന്നുവെന്നായിരുന്നു ആദ്യ ആരോപണം.

മതത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമമായാണ് അന്ന് അത് ഉന്നയിച്ചത്. പക്ഷേ, കാലം കഴിഞ്ഞതോടെ ആരോപണം കുറച്ചുകൂടെ മാറി. ഐഎസ് പോലുള്ള സായുധസംഘങ്ങള്‍ക്കുവേണ്ടിയും അവരുടെ നിര്‍ദേശപ്രകാരവുമാണ് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് സിറിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടത്തിക്കൊണ്ടുപോകുന്നതെന്നായി ആരോപണം. തീവ്രവാദം, ഭീകരത, സായുധാക്രമണം ഇങ്ങനെ ഈ ആഖ്യാനം ഇടംനല്‍കി.

ഇതേ ആരോപണം ബിജെപിയും പിന്നീട് ഉന്നയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ച ആരോപണത്തിന്റെ ചുവടുപിടിച്ചായിരുന്നു അവരുടെ വരവ്. ഇക്കാര്യം പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറി. ബിജെപി ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങള്‍ ലൗജിഹാദിനെതിരേ നിയമനിര്‍മാണവും നടത്തി.

ഒരുപക്ഷേ, ജിഹാദ് എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് വിവിധ പ്രയോഗങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ വാക്ക് സാധ്യതയൊരുക്കി. ഇന്റലക്ച്വല്‍ ജിഹാദ് തുടങ്ങി നിരവധി ശൈലികള്‍ രൂപംകൊള്ളുന്ന സാഹചര്യം ഇതായിരുന്നു.

ഇപ്പോള്‍ ഒരു സിപിഎം പ്രാദേശിക നേതാവിന്റെ ക്രിസ്ത്യന്‍ യുവതിയുമായുള്ള വിവാഹവും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സിപിഎം നേതാവ് മുസ് ലിമായതാണ് ആരോപണത്തിന്റെ മര്‍മം. പ്രാദേശിക നേതാവ് ലൗജിഹാദ് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ഒരാളുമായി വിവാഹം നടത്തിയതാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. അവര്‍ കടുത്ത രീതിയില്‍ തന്നെ ഇതിനോട് പ്രതിരോധിച്ചു. പ്രകടനവും പ്രതിഷേധവും നടന്നു.

എന്നാല്‍ ഒരു പ്രതികരണം ഇതിനെയൊക്കെ കടത്തിവെട്ടി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസാണ് വംശീയമായ പ്രതികരണവുമായി രംഗത്തുവന്നത്. വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റി ഐഎസ്സിലേക്കുള്ള ട്രയിനിങ്ങിന് ചേര്‍ക്കാനാണ് കൊണ്ടുപോകുന്നത്, കോടഞ്ചേരിയിലെ പ്രണയം പാര്‍ട്ടിക്ക് ഡാമേജുണ്ടാക്കി, പാര്‍ട്ടിയോട് അടുത്തുവരുന്ന ക്രിസ്ത്യന്‍ സമുദായത്തെ അകറ്റി, പാര്‍ട്ടിയോട് ആലോചിച്ചില്ല- ഇങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്‍. അദ്ദേഹം മറ്റൊന്നുകൂടി വെളിപ്പെടുത്തി. സിപിഎം ലൗ ജിഹാദിനെതിരേ രേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. നേതാവിനു മാത്രമല്ല, പാര്‍ട്ടിക്കും ലൗ ജിഹാദ് വിഷയത്തില്‍ ചിലത് ഒളിപ്പിക്കാനുണ്ടെന്നാണ് അതിന്റെ അര്‍ത്ഥം. സ്വതന്ത്രപ്രണയത്തെ ലൗ ജിഹാദ് പോലുള്ള വംശീയവ്യാഖ്യാനം വഴി നേരിടുന്നത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

ഇപ്പോഴാണ് സിപിഎം നേതാവ് സത്യം പറഞ്ഞതെന്നും ഇനിയത് തുടരുമോയെന്ന് അറിയില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പരിഹസിച്ചു. തങ്ങളുടെ അജണ്ടകള്‍ സിപിഎം മോഷ്ടിക്കുകയാണെന്ന് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത് വെറുതേയായിരുന്നില്ല.

അവസാനമായി ഇതുകൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം: മുസ് ലിംകള്‍ വംശഹത്യയെ അഭിമുഖീകരിക്കുമ്പോള്‍ ഇതുപോലുള്ള പ്രതികരണവുമായി മുന്നില്‍ വരുന്നത് ആര്‍ക്കും ഭൂഷണമല്ല. സിപിഎം നേതാവിന്റെ പ്രതികരണം മുസ് ലിം സമുദായത്തിന് ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധിയും ചെറുതല്ല. നാളെ മിശ്രവിവാഹം കഴിച്ച പ്രാദേശിക പാര്‍ട്ടി നേതാവിനെതിരേ എന്‍ഐഎയോ മറ്റു ഏജന്‍സികളോ അന്വേഷം നടത്തുകയാണെങ്കില്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ല. കാരണം ഹാദിയയുടെ അനുഭവം നമ്മുടെ മുന്നിലൂണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്ന് മാത്രം ആശംസിക്കുന്നു.

Next Story

RELATED STORIES

Share it