Latest News

പഞ്ചാബില്‍ ദലിതന്‍ മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍

പഞ്ചാബില്‍ ദലിതന്‍ മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍
X

ഛണ്ഡിഗഢ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസ്സിലുണ്ടായ കാറ്റിലും കോളിലുമാണ് പുതിയൊരാള്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരേണ്ടിവന്നത്. എന്നാല്‍ ആ വരുന്നത് ഒരു ജാട്ട് സിഖുകാരനോ സവര്‍ണ ഹിന്ദുവോ ആയിരിക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിലാണ് സ്വാഭാവികതയും. പക്ഷേ, സംഭവിച്ചതതല്ല. ഒരു ദലിതന്‍ മുഖ്യമന്ത്രിയായി. ദലിതനെ നോക്കാനെന്നവണ്ണം ഒരു ജാട്ട് സിഖിനെയും ഒരു ഹിന്ദുവിനെയും ഉപമുഖ്യമന്ത്രിമാരായി വച്ചുവെന്നത് മാറ്റിവച്ചാലും ഒരു ദലിതന്‍ മുഖ്യമന്ത്രിപദത്തിലെത്തി എന്നത് പ്രധാനം തന്നെ.

സംസ്ഥാനത്ത് ഇതുവരെ 13 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. അതില്‍ ഒരാള്‍ പോലും ദലിതനായില്ല. ആ ചരിത്രമാണ് ചരന്‍ജിത് സിങ് ചന്നി മുഖ്യമന്ത്രി പദത്തിലെത്തിയതോടെ തിരുത്തിയത്.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ സുപ്രധാനമായ നീക്കമെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നുവരുന്ന ദലിത് വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

രവിദാസിയ, രാംദാസിയ, വാല്മീകി, അഡ്ധര്‍മി, മഴബി സിഖ് തുടങ്ങി സംസ്ഥാനത്തെ പ്രധാന ദലിത് സമുദായങ്ങള്‍ക്ക് ഈ നീക്കം വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ദലിത് വോട്ടുകള്‍ പൊതുവെ ഏതാനും പാര്‍ട്ടികളിലായി അടിഞ്ഞുകിടക്കുകയാണെങ്കിലും എല്ലായ്‌പ്പോഴും ചലിച്ചുകൊണ്ടിരിക്കുകയോ ചാഞ്ചാടുകയോ ചെയ്യുന്ന 5-7 ശതമാനം ദലിത് വോട്ടുകള്‍ കയ്യിലാക്കാന്‍ കോണ്‍ഗ്രസ്സിന് ഇത്തവണ പണിപ്പെടേണ്ടിവരില്ല. പുതിയ മുഖ്യമന്ത്രി ചന്നി വേണ്ട വിധം തന്നിലേല്‍പ്പിച്ച കര്‍ത്തവ്യം നിറവേറ്റണമെന്നേയുള്ളൂ.

ഒരു ദലിതന്‍ മുഖ്യമന്ത്രിയായി എന്നതിന് പല സാമൂഹികശാസ്ത്രജ്ഞരും ചരിത്രനിമിഷമായാണ് കരുതുന്നത്. എന്തുകാരണം കൊണ്ടായാലും ഈ സംഭവത്തിന് ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യമുണ്ടെന്ന് അത്തരക്കാര്‍ കരുതുന്നു. എത്ര മന്ത്രിമാര്‍ എന്നതിനേക്കാള്‍ സംസ്ഥാനത്തെ ദലിതര്‍ ഇത്തരമൊരു അവസരത്തിന് കാത്തിരിക്കുകയായിരുന്നു. പ്രാന്തവല്‍കൃതരെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയമാണ് ഇതെന്നും നിസ്സംശയം പറയാം.

ഇപ്പോഴത്തെ നീക്കം പഞ്ചാബില്‍ മാത്രമല്ല, യുപിയിലും കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. യുപിയിലെ ദലിത് രാഷ്ട്രീയത്തിന് പഞ്ചാബുമായി അടുത്ത ബന്ധമാണ് ഉള്ളത്. കാന്‍ഷിറാം തന്റെ ദലിത് പക്ഷ രാഷ്ട്രീയത്തിന് തുടക്കമിടുന്നത് യുപിയില്‍ നിന്നല്ല പഞ്ചാബില്‍ നിന്നത്രെ. യുപി തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുമെന്നത് ഈ ഘടകത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

ഇതുവരെയും ഒട്ടും അയയാതെ നിന്നിരുന്ന ഉയര്‍ന്ന ജാതിക്കാരായ ജാട്ടുകള്‍ മറ്റ് പിന്നാക്കക്കാരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമെന്നതാണ് ഇതിന്റെ ഒരു വശം. അതേസമയം ഇതില്‍ എന്തൊക്കെ രാഷ്ട്രീയതന്ത്രജ്ഞത ഉണ്ടെന്ന് എതിരാളികള്‍ പരിഹസിച്ചാലും പഞ്ചാബ് പോലുള്ള ഒരു സംസ്ഥാനത്ത് ഒരു ദലിതനെ മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തിച്ചത് ഒരു നിലക്കും ചെറിയകാര്യമല്ല. കാര്‍ഷിക മേഖലയെ മാത്രം ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയത്തില്‍ നിന്ന് മറ്റ് ഘടകങ്ങള്‍കൂടി പ്രധാനമാവുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. സാധാരണ ഒരു ജാട്ട് സിഖുകാരന് ദലിതനെ കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കിലും അധികാരരാഷ്ട്രീയം അവനെ അതിന് നിര്‍ബന്ധിതമാക്കുമെന്നത് ഈ തീരുമാനത്തിന്റെ സുപ്രധാന വശമാണ്.

2011 സെന്‍സസ് പ്രകാരം പഞ്ചാബില്‍ 2.77 കോടി പേരാണ് ദലിതര്‍, അതായത് 31.9 ശതമാനം. അതില്‍ 19.4 ശതമാനം ദലിത് സിഖുകാരാണ്. 12.4 ശതമാനം ദലിത് ഹിന്ദുക്കളാണ്. 0.098 ദലിത് ബൗദ്ധരാണ്. ഈ ദലിത് വിഭാഗങ്ങളില്‍ 26.33 ശതമാനം മസാബി സിങും 20.7 ശതമാനം രവിദാസ്സിയ, രാംദാസിയ വിഭാഗവുമാണ്. 10 ശതമാനം ആദി ധര്‍മികളാണ്. 8.6 ശതമാനമാണ് വാത്മീകികള്‍.

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സ് 220, 2007, 2012, 2017 വര്‍ഷങ്ങളില്‍ 33 ശതമാനം, 49 ശതമാനം, 51 ശതമാനം, 41 ശതമാനം ദലിത് സിഖ് വോട്ടുകള്‍ നേടി. കൂടാതെ ഇതേ കാലയളവില്‍ 47 ശതമാനം, 56 ശതമാനം, 37 ശതമാനം, 43 ശതമാനം ഹിന്ദു ദലിത് വോട്ടുകളും നേടി.

ദലിത് ഹിന്ദു, ദലിത് സിഖ് വിഭാഗങ്ങള്‍ക്ക് ഒരു പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്ന ശീലമില്ല. അവരുടെ വോട്ടുകള്‍ ചിതറിക്കിടക്കുകയാണ്. എങ്കിലും വിചാരിച്ചാല്‍ ഒരു ദലിത് മുഖ്യമന്ത്രിക്ക് 5-7 ശതമാനം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയും. 2022 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അതിന്റെ ഗുണം ലഭിക്കും.

ദലിതരുടെ സ്വന്തം പാര്‍ട്ടിയാണ് ബിഎസ്പിയെങ്കിലും പഞ്ചാബില്‍ അവര്‍ക്ക് വലിയ മെച്ചമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാന്‍ഷി റാം പഞ്ചാബില്‍ നിന്നാണ് തന്റെ ജൈത്രയാത്ര തുടങ്ങിയതെന്ന സംഭവം സത്യമാണെങ്കിലും. കാന്‍ഷിറാം തന്നെ പഞ്ചാബല്ല, യുപിയാണ് തന്റെ തട്ടകമായി തിരഞ്ഞെടുത്തത്. അത് പഞ്ചാബി വോട്ടര്‍മാരില്‍ ബിഎസ്പിയെ ഒരു യുപി പാര്‍ട്ടിയായി കാണാനുള്ള പ്രവണത ഉണ്ടാക്കിയിരിക്കാം.

Next Story

RELATED STORIES

Share it