Latest News

ലക്ഷദ്വീപില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും

സംഘപരിവാര്‍ ലക്ഷദ്വീപിന് മേല്‍കണ്ണുവെക്കാന്‍ ഒറ്റക്കരണമേയുള്ളൂ, ദ്വീപുകാര്‍ 99 ശതമാനവും മുസ്‌ലിംകളാണ്

ലക്ഷദ്വീപില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും
X

ആബിദ് അടിവാരം

കൊച്ചിയില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ അകലെ അറബിക്കടയില്‍ സ്ഥിതി ചെയ്യുന്ന 36 ദ്വീപുകളാണ് ലക്ഷദ്വീപുകള്‍ എന്നറിയപ്പെടുന്നത് ഇതില്‍ പത്ത് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ, ആകെ വിസ്തീര്‍ണ്ണം 32 കിലോമീറ്റര്‍ സ്‌ക്വയര്‍. 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 64,473 ആണ്. ഇപ്പോള്‍ 93,000 എന്നാണ് അനൗദ്യോഗിക കണക്കുകള്‍ .

ക്രിസ്തുവിന് 1500 വര്‍ഷം മുമ്പ് തന്നെ ലക്ഷദ്വീപില്‍ ജനവാസം തുടങ്ങിയതായി കരുതപ്പെടുന്നുണ്ട്, കേരളം ഭരിച്ചിരുന്ന ചേര രാജവംശവും, കണ്ണൂര്‍, അറക്കല്‍ രാജാക്കന്മാരും പോര്‍ച്ചുഗീസുകാരും

ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാരും ലക്ഷദ്വീപ് ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടുമ്പോള്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യക്ക് കൈമാറിയ ലക്ഷ്വദീപാണ് ഇന്ത്യയില്‍ മനുഷ്യര്‍ ഏറ്റവും സമാധാനമായി ജീവിക്കുന്ന പ്രദേശം. കൊലപാതകം പിടിച്ചു പറി മോഷണം തുടങ്ങിയ ഒരു വിധ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സമാധാനകാംക്ഷികളായ മനുഷ്യര്‍ ജീവിക്കുന്ന കടലിന് നടുവിലെ കൊച്ചു ഭൂപ്രദേശം. അവിടെയാണ് കഴിഞ്ഞ 6 മാസമായി സംഘപരിവാര്‍ നരകം പണിതു കൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ ലക്ഷദ്വീപിന് മേല്‍കണ്ണുവെക്കാന്‍ ഒറ്റക്കരണമേയുള്ളൂ, ദ്വീപുകാര്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖിന്റെ ബന്ധു ഷെയ്ഖ് ഉബൈദുല്ല വഴിയാണ് ലക്ഷദ്വീപില്‍ ഇസ്ലാം എത്തിച്ചേരുന്നത്, ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രബോധന ദൗത്യവുമായി ലക്ഷദ്വീപില്‍ എത്തിയ ശൈഖിന്റെ പ്രബോധനം സ്വീകരിച്ചു കൊണ്ട് 97 ശതമാനം ലക്ഷദ്വീപ് നിവാസികളും ഇസ്‌ലാം സ്വീകരിച്ചു എന്നാണ് ചരിത്രം,അദ്ദേഹത്തിന്റെ മഖ്ബറ ആന്ത്രോത്ത് ദ്വീപിലാണ്.

പോര്‍ച്ചുഗീസുകാരുടെ അക്രമം ഉള്‍പ്പടെ പല വിധ പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള ലക്ഷദ്വീപുകാരുടെ ജീവിതം ഏറ്റവും വലിയ പരീക്ഷണ കാലഘട്ടത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയത് ആറു മാസം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2020 ഡിസംബര്‍ 5 ന്. അന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സുഹൃത്തും ഗുജറാത്ത് സ്വദേശിയും ആര്‍എസ്എസ് കാരനുമായ പ്രഫുല്‍ ഖോദ പട്ടേല്‍ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദീപിന്റെ അഡ്മിനിസ്‌ട്രേറ്ററായി ദ്വീപില്‍ കാലുകുത്തിയത്.

ജഗ്മോഹന്‍ എന്ന ആര്‍എസ്എസ് കാരന്‍ കാശ്മീരില്‍ അസമാധാനം വിതച്ച് ആ നാടിനെ കൊന്നുകളഞ്ഞ അതെ രീതിയാണ് പ്രഫുല്‍ പട്ടേലും സ്വീകരിച്ചിരിക്കുന്നത് .

ആറു മാസം കൊണ്ട് അയാള്‍ ഉണ്ടാക്കിയ ഭരണ പരിഷ്‌കാരങ്ങളില്‍ ചിലത്..

സീറോ കൊറോണയായിരുന്ന ദ്വീപില്‍ കൊറോണ നിയന്ത്രങ്ങള്‍ എടുത്ത് കളഞ്ഞു, ഇന്ന് ആയിരക്കണക്കിന് രോഗികളുണ്ട്.

പ്രാദേശീക ഭരണകൂടത്തിന്റെ അധികാരങ്ങള്‍ എടുത്തു കളഞ്ഞു, എല്ലാ അധികാരവും അഡ്മിനിസ്‌ട്രേറ്ററില്‍ കേന്ദ്രീകരിച്ചു

ഗോവധ നിരോധനം നടപ്പിലാക്കി, ആടിനെ അറുക്കാന്‍ പോലും അനുമതി വാങ്ങണം

തീരദേശ നിയമം ലംഘിച്ചു എന്നാരോപിച്ച്, കടല്‍ത്തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു കളഞ്ഞു, ബോട്ടുകള്‍ തകര്‍ത്തു. ഏറ്റവും വലിയ ദ്വീപായ ആന്ത്രോത്ത് വെറും 7 കിലോമീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള ഒരു തുരുത്താണ് അവിടെയാണ്, നിയമ ലംഘനം ആരോപിക്കുന്നത് എന്നോര്‍ക്കണം .

കുറ്റവാളികളോ കുറ്റകൃത്യങ്ങളോ ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ നിയമം നടപ്പിലാക്കി, അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടാനിയമം പ്രായോഗിച്ച് ജയിലില്‍ ആക്കാന്‍ തുടങ്ങി.

ടൂറിസം വികസനത്തിന്റെ മറവില്‍ ദ്വീപില്‍ മദ്യശാലകള്‍ തുറക്കാനുള്ള നിയമം നടപ്പാക്കി തുടങ്ങി.

ദ്വീപിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുക്കുന്ന ഭക്ഷണം വെജിറ്റേറിയന്‍ ആയിരിക്കണം എന്ന് തീരുമാനിച്ചു.

ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത മറ്റൊരു നിയമം കൊണ്ടുവന്നിട്ടുണ്ട്, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ സമ്മതിക്കില്ല...!

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെയും അദ്ധ്യാപകരെയും പിരിച്ചുവിട്ടു, ഇവര്‍ക്ക് പകരം പുറമെ നിന്ന് മുസ്ലിംകളല്ലാത്തവരെ കൊണ്ട് വരാന്‍ ശ്രമം നടക്കുന്നു.

കേരളവുമായി ദ്വീപിന്റെ ബന്ധം ഇല്ലാതാക്കാന്‍ ബേപ്പൂരിലേക്കുള്ള വാണിജ്യ കപ്പലുകളുടെ സര്‍വീസ് ഒഴിവാകുകയും മംഗലാപുരവുമായി പുതിയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

ദ്വീപുകാരെ പ്രകോപിപ്പിക്കുക എന്ന ഒറ്റലക്ഷ്യവുമായി കഴിഞ്ഞ ആറു മാസം കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെ നടക്കുന്ന അക്രമങ്ങളില്‍ ചിലതു മാത്രമാണിത്. സാംസ്‌കാരികമായും സ്വത്വപരമായും വിശ്വാസപരമായും ദ്വീപ് നിവാസികളെ അരക്ഷിതരാക്കുകയാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ലക്ഷ്യം.

ഇങ്ങനെ പോയാല്‍ എന്ത് സംഭവിക്കും.

ആന്ത്രോത്ത് സ്വദേശിയും ദ്വീപിലെ പോലീസ് ഉദ്യോഗസ്ഥനുമായ എന്റെ സഹപാഠിയോട് ഇന്ന് സംസാരിച്ചിരുന്നു,

അവന്റെ അഭിപ്രായം അഡ്മിനിസ്‌ട്രേറ്റര്‍ പ്രകോപനം ഉണ്ടാക്കുകയാണ്, ദ്വീപ് നിവാസികള്‍ പ്രതികരിക്കണം പ്രക്ഷോഭങ്ങള്‍ ഉണ്ടാവണം എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്, അത് നടന്നു കഴിഞ്ഞാല്‍ ഒരു രാത്രിയില്‍ പുറമെ നിന്ന് അക്രമികള്‍ വരികയും അഡ്മിനിസ്‌ട്രേറ്ററെയോ അദ്ധേഅഹത്തിന്റെ ഓഫീസ് സ്റ്റാഫിനെയോ ആക്രമിക്കും. വന്നവര്‍ക്ക് അവര്‍ തന്നെ അറബിയില്‍ ഒരു പേരിടും. അതോടെ ചിത്രം മാറും, ദ്വീപില്‍ തീവ്രവാദം എന്ന വാര്‍ത്ത വരും.പട്ടാളമിറങ്ങും, ദ്വീപുകാരുടെ സ്വസ്ഥത നഷ്ടപ്പെടും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെയാകും. ജന ജീവിതം താറുമാറാകും. ദ്വീപുകാര്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ മരണം അര്‍ഹിക്കുന്നവരാണെന്ന് പൊതു ബോധം വിധി പറയും.

അതെ കാശ്മീരില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് വരാന്‍ പോകുന്നത്, ഓടിപ്പോകാന്‍ ഒരിടമോ സഹായിക്കാന്‍ മറ്റാളുകളോ ഇല്ലാത്ത ദ്വീപുകാരുടെ ജീവിതം, അവര്‍ മുസ്ലിംകളാണ് എന്ന ഒറ്റക്കാരണം കൊണ്ട് നരക തുല്യമാകാന്‍ പോവുകയാണ്, ദ്വീപുകാര്‍ ആയുധമെടുത്തത് കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്ന ന്യായീകരണം, മുസ്ലിംകളാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു ഭൂ പ്രദേശം ഇന്ത്യയില്‍ വേണ്ട എന്ന ആക്രോശം... എല്ലാം കേള്‍ക്കാനിരിക്കുന്നു, കാട്ടില്‍ ജീവിക്കുന്ന ആദിവാസികള്‍ക്ക് അവരുടെ ജീവിതവും സംസ്‌കാരവും നിലനിര്‍ത്താന്‍ അവകാശമുണ്ട് , നാട്ടില്‍ ഉള്ളവര്‍ അവരെ ബുദ്ധിമുട്ടിക്കരുത് എന്ന് പറയുന്ന മനുഷ്യര്‍ കടലില്‍ ജീവിക്കുന്ന മനുഷ്യരുടെ കാര്യത്തില്‍ നേരെ തിരിച്ചു പറയും. ഗോത്ര പാരമ്പര്യത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ടൂറിസത്തിന്റെ പേരില്‍ അലങ്കോലപ്പെടുത്തരുത് എന്ന് നിര്‍ബന്ധമുള്ളവര്‍ ലക്ഷദീപിലെ പൗരാണീക ജീവിത്തെ തകര്‍ത്തെറിയാന്‍ സമ്മതം കൊടുക്കും.

ടൂറിസം വേണമെങ്കില്‍ ആയിക്കോ ഒഴിഞ്ഞു കിടക്കുന്ന 25 ദ്വീപുകളില്‍ നിങ്ങളുടെ ടൂറിസം വികസനം നടത്തിക്കോളൂ, മത്സ്യത്തൊഴിലാളികളും കര്‍ഷകരുമായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്ന ദീപ് നിവാസികളുടെ ദയനീയ നിലവിളി ആഴിയിലെ തിരമാലകളില്‍ ലയിച്ച് ഇല്ലാതാവുകയാണ്.

മലയാളം സംസാരിക്കുന്ന, സാംസ്‌കാരികമായും ജീവശാത്രപരമായും മലയാളിയോട് പൊക്കിള്‍ക്കൊടി ബന്ധമുള്ള സമൂഹമാണ് ദ്വീപ് നിവാസികള്‍, അവരെ ഒറ്റക്കാക്കരുത്. ശവംതീനികളായ കഴുകന്മാര്‍ക്ക് ഇട്ടു കൊടുക്കരുത്. അവരെ ചേര്‍ത്തു പിടിക്കണം, അവര്‍ സമാധാനമായി ജീവിക്കുന്നു എന്ന് ഉറപ്പ് വരുത്തണം, പുറം കടലില്‍ അവരുയവര്‍ത്തുന്ന ശബ്ദം കടല്‍കാറ്റില്‍ അലിഞ്ഞു പോകും, കരയിലുള്ള നമ്മള്‍ ശബ്ദമുയര്‍ത്തണം, ദ്വീപിലെ മനുഷ്യരെ കൊലക്ക് കൊടുക്കുന്നവരുടെ കൈപിടിക്കണം, മത ജാതി പാര്‍ട്ടി ഭേദമന്യെ നമ്മുടെ ശബ്ദം ഉയരേണ്ടത് നാളെയല്ല , ഇന്നാണ്, ഇന്ന്.

Next Story

RELATED STORIES

Share it