Latest News

'അവള്‍ അവിടെ പ്രസവിച്ചാലോ?'; ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയുടെ കുടുംബം ചോദിക്കുന്നു

അവള്‍ അവിടെ പ്രസവിച്ചാലോ?; ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയുടെ കുടുംബം ചോദിക്കുന്നു
X

ന്യൂഡല്‍ഹി: സുനാലി ബിബി, ഭര്‍ത്താവ് ദാനിഷ്,അവരുടെ എട്ടുവയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെട്ടത്. ഡല്‍ഹിയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മാലിന്യം ശേഖരിക്കുകയും വീട്ടുജോലി ചെയ്തും ഉപജീവനം നടത്തുന്നവരാണ് ഈ കുടുംബം. എട്ടുമാസം ഗര്‍ഭിണിയാണ് സുനാലി. സുനാലിയെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടതിന് ഇപ്പോള്‍ ഒരു കാരണമെ ഉള്ളു. അവള്‍ പൂര്‍ണഗര്‍ഭിണിയാണെന്നതു തന്നെയാണ് ആ കാരണം. അഥവാ അവള്‍ ഇവിടെ പ്രസവിച്ചാല്‍ ഒരുപക്ഷേ കുഞ്ഞിനു ഇന്ത്യന്‍ പൗരത്വം കൊടുക്കേണ്ടി വന്നാലോ!. ഇത് ഒരു സുനാലിയുടെ മാത്രം കഥയല്ല, പലരും പല കാരണങ്ങളാലാണ് രാജ്യത്തു നിന്നു പുറംതള്ളപ്പെടുന്നത്.

''അവളുടെ പ്രസവം ഈ മാസം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത മാസം തുടക്കത്തിലോ ആകും. അവിടെ അവളെ എങ്ങനെ പരിപാലിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. അവിടെ എങ്ങനെ അവള്‍ പ്രസവിക്കും? കുട്ടിക്ക് ബംഗ്ലാദേശ് പൗരത്വം ലഭിക്കുമോ?'' എന്ന് സുനാലിയുടെ അമ്മ ജ്യോത്സ്‌നാരാ ബിബി ചോദിക്കുന്നു.

പോലിസ് പിടികൂടിയതിന്റെ പിന്നാലെ സുനാലിയുടെ കുടുംബം ആദ്യം ഡല്‍ഹിയിലെ ഒരു കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിക്കുകയായിരുന്നു. പകരം, പശ്ചിമബംഗാളിലെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമബോര്‍ഡിന്റെ സഹായത്തോടെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചു.

സുനാലിയെ പോലെ തന്നെ, ബീര്‍ഭൂം ജില്ലയിലെ ധിതോറ ഗ്രാമത്തില്‍ നിന്നുള്ള 32 വയസ്സുള്ള സ്വീറ്റി ബിബിയും അവരുടെ ആറും പതിനാറും വയസ്സുള്ള രണ്ടുകുട്ടികളും ഒരേ സമയത്ത് പിടിയിലായി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെട്ടവരാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സുനാലിയും മറ്റു ചിലരും ബംഗ്ലാദേശിലെ അജ്ഞാത സ്ഥലത്തു നിന്ന് സഹായം അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

''ജൂലൈ 8ന് ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചു. കോടതിയില്‍ രണ്ടുതവണ വാദം കേട്ടിട്ടുണ്ട്. ജൂലൈ 7ന് കോടതി ഡല്‍ഹി സര്‍ക്കാരിനോട് വിശദമായ വിവരം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഓഗസ്റ്റ് 6ന്, എല്ലാ കക്ഷികളും സമര്‍പ്പിച്ച അഫിഡവിറ്റുകള്‍ രേഖപ്പെടുത്തണമെന്നും കേസ് ഓഗസ്റ്റ് 20ന് വീണ്ടും കേള്‍ക്കും എന്നുമാണ് കോടതി നിര്‍ദേശിച്ചത്. ഇത് ഗുരുതരമായി കാണേണ്ട വിഷയമാണ്, കാരണം പിടിയിലായവരില്‍ ഒരാള്‍ എട്ടുമാസം ഗര്‍ഭിണിയാണ്,'' സുനാലിയുടെ കുടുംബത്തിന് വേണ്ടി ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സുപ്രതീക് ശ്യാമല്‍ പറയുന്നു.

''ഈ കുടുംബത്തിനൊപ്പമാണ് നാം ആദ്യംമുതല്‍ നില്‍ക്കുന്നത്. സുനാലിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഞങ്ങള്‍ വിഷമത്തിലാണ്, അവള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. അവളെ തിരികെ കൊണ്ടുവരാന്‍ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു,'' എന്ന് പശ്ചിമബംഗാള്‍ കുടിയേറ്റ തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനും രാജ്യസഭാ എംപിയുമായ സമീറുല്‍ ഇസ് ലാം പറഞ്ഞു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടന്ന നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവവും അരങ്ങേറിയത്. മുംബൈ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പിടികൂടപ്പെട്ട് ബംഗ്ലാദേശിലേക്ക് തിരികെ അയക്കപ്പെട്ട ഒമ്പത് പേരെ, പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം അടുത്തിടെ തിരിച്ചുകൊണ്ടുവന്നിരുന്നു എന്ന വാര്‍ത്തയും ഈയടുത്ത് പുറത്തുവന്നിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരെ പൗരത്വത്തിന്റെ പേരില്‍ ഭരണകൂടം എത്രത്തോളം ഉപദ്രവിക്കുന്നു എന്നതിന് സുനാലിയെന്ന ഒരൊറ്റ ഉദാഹരണം മതി.

Next Story

RELATED STORIES

Share it