Latest News

മദ്രസകളില്‍ എന്താണ് നടക്കുന്നതെന്ന് അറിയണം; അവിടെ സയന്‍സും കണക്കും പഠിപ്പിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍

മദ്രസകളില്‍ എന്താണ് നടക്കുന്നതെന്ന് അറിയണം; അവിടെ സയന്‍സും കണക്കും പഠിപ്പിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍
X

ബെംഗളൂരു: മദ്രസകളില്‍ മതവിദ്യാഭ്യാസംമാത്രം പോരെന്നും കണക്കും സയന്‍സും പോലുള്ളവിഷയങ്ങള്‍ പഠിപ്പിക്കണമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി. മദ്രസകളിലേക്ക് ഉദ്യോഗസ്ഥരെ അയച്ച് വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

മദ്രസയില്‍ പഠിക്കുന്നവര്‍ക്ക് സയന്‍സും കണക്കും പോലുള്ള വിഷങ്ങള്‍ പഠിപ്പിക്കണം. അവര്‍ക്ക് തൊഴില്‍ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസവും നല്‍കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കളെയും കാണുമെന്ന് പുറത്തുവന്ന വാര്‍ത്തകളില്‍ കാണുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച അവസാന തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അതേസമയം പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ഈ നീക്കം മതവിദ്യാഭ്യാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറയുന്നു.

ഇത് ആര്‍എസ്എസ്സിന്റെ ഗൂഢനീക്കമാണെന്ന് എസ്ഡിപിഐ നേതാവ് അഫ്‌സര്‍ കോടാലിപേട്ട് കുറ്റപ്പെടുത്തി.

'''1400 വര്‍ഷം പഴക്കമുള്ളതാണ് മദ്രസ സമ്പ്രദായം. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുതിര സവാരി പോലുള്ളവ എന്നിവ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നുണ്ട്. വഖഫ് ബോര്‍ഡിന് കീഴില്‍ 990ലധികം മദ്രസകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ പഠിപ്പിക്കുന്നുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ പോലും നല്‍കുന്നുണ്ട്. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുമായിരുന്നു. ഇത് ബിജെപിയുടെ ഹിഡന്‍ അജണ്ടയാണ്. ഈ വര്‍ഷം കര്‍ണാടകയിലെ 8,000 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി, അതേക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല''അഫ്‌സര്‍ പറഞ്ഞു.

മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് മദ്രസകളിലെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി നാഗേഷ് വ്യക്തമാക്കിയിരുന്നു.

മദ്രസകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. തങ്ങളുടെ കുട്ടികള്‍ കണക്കും സയന്‍സും പഠിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ടത്രെ. മദ്രസ അധികാരികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.

Next Story

RELATED STORIES

Share it