Latest News

അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെ മദ്യവില്‍പന; കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പന അപകടകരമെന്ന് വിഎം സുധീരന്‍

അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെ മദ്യവില്‍പന; കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പന അപകടകരമെന്ന് വിഎം സുധീരന്‍
X

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യവില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ അറിയിച്ചത്. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു.

കെഎസ്ആര്‍ടിസിയില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടന്‍ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതിയും പ്രതികരിച്ചു.

Next Story

RELATED STORIES

Share it