Big stories

വിഴിഞ്ഞം സമരം 26ാം ദിനത്തിലേക്ക്; റിലേ ഉപവാസ സമരവും തുടരുന്നു

വിഴിഞ്ഞം സമരം 26ാം ദിനത്തിലേക്ക്; റിലേ ഉപവാസ സമരവും തുടരുന്നു
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26ാം ദിനത്തിലേക്ക്. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്‌സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും ശക്തിപ്പെടുകയാണ്. ഇത് ആറ് ദിവസം പിന്നിട്ടു. മൂന്ന് വൈദികരും മൂന്ന് അല്‍മായരുമാണ് ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേര്‍ന്നിരുന്നു.

മൂലമ്പിള്ളിയും ചെല്ലാനവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തിരുവോണനാളിലും വിഴിഞ്ഞം സമരം സജീവമായിരുന്നു. ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ തിരുവോണനാളില്‍ സമരമുഖത്ത് തുടര്‍ന്നത്. ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച് സമരസാഹചര്യത്തെ പ്രതീകാത്മകമായി ആവിഷ്‌കരിച്ചു. പൂന്തുറയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് തിരുവോണനാളില്‍ സമരമിരുന്നത്. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം രൂപതയും കഴിഞ്ഞദിവസം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

അതേസമയം, കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളത്ത് ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും. വൈകീട്ട് നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. വിഴിഞ്ഞം തുറമുഖം വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുനല്‍കുക, എന്നീ ആവശ്യങ്ങളുമായാണ് മനുഷ്യച്ചങ്ങല.

മനുഷ്യച്ചങ്ങലയില്‍ 17,000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനും കോടതിക്കുമെതിരേ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം രംഗത്തുവന്നു. മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരമെന്ന് ഡോ.എം സൂസപാക്യം പറഞ്ഞു.

Next Story

RELATED STORIES

Share it