Latest News

വിഴിഞ്ഞം സമരം: മല്‍സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍

വിഴിഞ്ഞം സമരം: മല്‍സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം ജില്ലാ കലക്ടര്‍ നിരോധിച്ചു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. വിഴിഞ്ഞം ജങ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധം നടത്താനിരുന്നത്.

അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ പ്രക്ഷോഭം ലത്തീന്‍ അതിരൂപത ശക്തിപ്പെടുത്തുകയാണ്. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം സമരം ശക്തമാക്കാന്‍ സര്‍ക്കുലറില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തും. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സാസ്‌കാരിക സംഗമം നടത്തിയും പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.

Next Story

RELATED STORIES

Share it