Latest News

നിയമസഭയിലെ അക്രമവും അക്രമം തന്നെ

നിയമസഭയിലെ അക്രമവും അക്രമം തന്നെ
X

ഡോ. ആസാദ്

സിപിഎം ചെയ്യുന്ന കുറ്റകൃത്യങ്ങളെ ന്യയീകരിക്കുന്ന പ്രവണ വളരെ ശക്തമാണ്. പാര്‍ട്ടിക്കുവേണ്ടിയെന്ന് പറയുന്നതോടെ അവര്‍ക്ക് ധാര്‍മികതയുടെ സുരക്ഷ ലഭിക്കുമെന്നാണ് പലരും കരുതുന്നത്. ഇതേ കുറിച്ചാണ് തന്റെ പോസ്റ്റില്‍ എഴുത്തുകാരനായ ഡോ. ആസാദ് പറയുന്നത്.

''കൊന്നതിനല്ല, കവര്‍ന്നതിനല്ല, പ്രതിഷേധിച്ചതിനാണ് കേസ് എന്നു നിയമസഭയിലെ അതിക്രമം സംബന്ധിച്ച കേസിന് സാധൂകരണശ്രമം നടത്തുന്ന ചിലരെ ഫെയ്‌സ്ബുക്കില്‍ കണ്ടു.

കൊന്നവരെയും കവര്‍ന്നവരെയും നിയമത്തിനു വിട്ടു കൊടുക്കുന്നവരോ കൊലയും കവര്‍ച്ചയും നടത്താത്തവരോ ആണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീ പീഡന പരാതികള്‍പോലും പാര്‍ട്ടിക്കോടതി കൈകാര്യം ചെയ്താല്‍ മതി എന്നു ശാഠ്യമുള്ള കൂട്ടരാണ്. രാജ്യത്തിന്റെ ഭരണഘടനയും നിയമ വ്യവസ്ഥയും തങ്ങളുടെ പാര്‍ട്ടിക്കു താഴെയാണ് എന്നു ധരിക്കുന്ന കൂട്ടരാണ്. ഇത് പാര്‍ട്ടിയിലെ ഒരു ന്യൂനപക്ഷത്തിന്റെ ചിന്താവൈകല്യമല്ല. പാര്‍ട്ടി ഒന്നടങ്കം കരുതുന്ന കാര്യമാണ്. അതു ജനാധിപത്യ വഴക്കങ്ങളോടുള്ള വെല്ലുവിളിയാണ്.

തെറ്റുകള്‍ ചെയ്യാം. അവയ്ക്കു ന്യായീകരണം കണ്ടെത്താന്‍ കഥകള്‍ മെനയാം. ഏതു കുത്സിത മാര്‍ഗമുപയോഗിച്ചും കേസുകളില്‍നിന്ന് രക്ഷപ്പെടാം. പൊതുഖജനാവിലെ പണം അതിന് ദുരുപയോഗം ചെയ്യാം. ഇത്രയും നാം അംഗീകരിച്ചുകൊടുത്ത മട്ടാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അധാര്‍മ്മിക വൃത്തികളിലേര്‍പ്പെടാന്‍ സവിശേഷാധികാരമുണ്ടെന്ന് കരുതുന്ന മൂഢജനതയായി നാം മാറി എന്നതാണ് വാസ്തവം. ദയനീയവും.

തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന വോട്ടുകള്‍ ഇത്തരം ദുര്‍വൃത്തികള്‍ക്കു ജനം നല്‍കുന്ന സമ്മതപത്രമാണെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും സമാനമായ അവകാശവാദം ഉന്നയിക്കുന്നത് നാം കണ്ടിട്ടുണ്ട്. കുമാര്‍ഗികള്‍ക്ക് ഒരേമട്ട് ന്യായവാദങ്ങളേ നിരത്താനുള്ളൂ. തെറ്റ് അംഗീകരിക്കാനും തിരുത്താനുമുള്ള ആത്മബലം നഷ്ടമായവരാണവര്‍.

വ്യക്തിപരമായി ചെയ്തുകൂട്ടുന്ന കൃത്യങ്ങളല്ല പാര്‍ട്ടിക്കുവേണ്ടി ചെയ്യുന്ന രാഷ്ട്രീയവൃത്തികളാണ് അവയെന്ന് കുറ്റാരോപിതര്‍ പറയുന്നു. പാര്‍ട്ടി അതു നിഷേധിക്കുന്നില്ല. കുറ്റത്തിന്റെ ബാദ്ധ്യത പാര്‍ട്ടിയാണ് ഏല്‍ക്കേണ്ടത് എന്ന സമ്മതമാണത്. പൊതുസമൂഹത്തിന് വരുത്തുന്ന നഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും ഉത്തരവാദി പാര്‍ട്ടി മാത്രമാണെന്ന് ശിവന്‍കുട്ടിയും ജലീലും ധ്വനിപ്പിച്ചുകഴിഞ്ഞു. കുഞ്ഞനന്തനും കൊടി സുനിയും ഷാഫിയും കിര്‍മ്മാണിയുമൊക്കെ നമ്മോടു പറഞ്ഞുകൊണ്ടിരുന്നതും അതുതന്നെ.

പാര്‍ട്ടി ചുമതലപ്പെടുത്തിയതേ തങ്ങള്‍ ചെയ്തുള്ളു എന്ന വാദം തള്ളിക്കളയാനാവില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പു നടത്തിയതും അവിടെ പാര്‍ട്ടി നിയോഗിച്ച ആളുകള്‍തന്നെ. അവര്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ നികത്താന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. നയപരമായ തീരുമാനങ്ങളില്‍ മാത്രമല്ല ദേനംദിന നടത്തിപ്പിലും പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാര്‍ട്ടി നിയോഗിച്ച ആളുകള്‍ നിര്‍വ്വഹിക്കുന്നത്. റബ്‌കോയും മറ്റും വരുത്തിവെച്ച നഷ്ടങ്ങളും നികത്തേണ്ടത് പൊതുജനങ്ങളുടെ പണം ഉപയോഗിച്ചല്ല. പാര്‍ട്ടിയുടെ സമ്പാദ്യം ഉപയോഗിച്ചാണ്.

കൊലയോ കൊള്ളയോ സ്ത്രീപീഡനമോ ഭൂമി കൈയേറ്റമോ ഏതുമാവട്ടെ, കുറ്റകൃത്യമായി കാണാന്‍ കഴിയണം. രാഷ്ട്രീയമോ സാമുദായികമോ ആയ അതിരുകള്‍ക്കപ്പുറം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കണ്‍വെട്ടത്തേക്ക് മാറ്റി നിര്‍ത്തണം. പാര്‍ട്ടികള്‍ സമരമാര്‍ഗം എന്ന രീതിയില്‍ ചെയ്യുന്ന ക്ഷുഭിത വൃത്തികള്‍ അവ അര്‍ഹിക്കുന്ന നിയമ നടപടികള്‍ നേരിടാനുള്ള സന്നദ്ധതയോടെ മാത്രമേ ചെയ്യാവൂ. ഡെയ്‌സ് നോണ്‍ ഏര്‍പ്പെടുത്തില്ല എന്ന ഉറപ്പില്‍ സമരത്തിനു ചാടിയിറങ്ങുന്ന മദ്ധ്യവര്‍ഗ സേവകരുടെ വിലപേശലുകള്‍ രാഷ്ട്രീയ ധാര്‍മ്മികതക്കു നിരക്കുന്നതല്ല. സമരങ്ങളും പ്രക്ഷോഭങ്ങളും എത്തിപ്പെട്ട അരാഷ്ട്രീയവും ആദര്‍ശരഹിതവുമായ ദയനീയാവസ്ഥ പ്രകടമാണ്.

നിയമസഭയില്‍ അക്രമം നടന്നത് രാഷ്ട്രീയസമരത്തിന്റെ ഭാഗമാമായാണെങ്കില്‍ ആ സമരത്തിന്റെ മുദ്രാവാക്യത്തെച്ചൊല്ലി നാണിക്കേണ്ട അവസ്ഥയുണ്ടാവരുത്. സമരങ്ങള്‍ നടത്തുമ്പോള്‍ വരാവുന്ന കേസുകളെച്ചൊല്ലി പരിഭ്രമിക്കരുത്. നേരിടാനുള്ള കരുത്തുണ്ടാവണം. എന്നാല്‍ കെ എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പാര്‍ട്ടി പിറകോട്ടു പോയി. 'അഴിമതിവീര'ന് സ്മാരകമുണ്ടാക്കാന്‍ അഞ്ചുകോടി അനുവദിച്ചു. ആ അഴിമതിയുടെ കൂടി പിന്‍ബലത്തില്‍ രണ്ടാംവരവ് ആഘോഷപൂര്‍വ്വം നടത്തി. ഇനി പഴയ മുദ്രാവാക്യങ്ങളും അതിന്റെ കേസടയാളങ്ങളും മായ്ച്ചു കളയണം! ഒരു പാര്‍ട്ടിക്ക് ഇതില്‍പ്പരം നാണക്കേട് വരാനുണ്ടോ!

ഈ വഴി തെറ്റായ വഴിയാണ്. 'വിപ്ലവപാത'യിലെ മുന്‍കാല ചുവടുകള്‍ റദ്ദു ചെയ്യലാണ്. സ്വയം അപഹാസ്യമാവലാണ്. തിരുത്താന്‍ കഴിയുമെങ്കില്‍ നന്ന്''.

Next Story

RELATED STORIES

Share it