Latest News

പോലിസ് വെടിവച്ചുകൊന്ന വികാസ് ദുബെയുടെ കൂട്ടാളിയ്ക്ക് 16 വയസ്സുമാത്രം; യുപിയില്‍ ബ്രാഹ്മണ-താക്കൂര്‍ സംഘര്‍ഷം മുറുകുന്നു

പോലിസ് വെടിവച്ചുകൊന്ന വികാസ് ദുബെയുടെ കൂട്ടാളിയ്ക്ക് 16 വയസ്സുമാത്രം; യുപിയില്‍ ബ്രാഹ്മണ-താക്കൂര്‍ സംഘര്‍ഷം മുറുകുന്നു
X

കാണ്‍പൂര്‍: യുപി പോലിസ് ദിവസങ്ങള്‍ക്കു മുമ്പ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഗുണ്ടാനേതാവായ വികാസ് ദുബെയുടെ കൂട്ടാളികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മരിച്ചയാളുടെ കുടുംബം. ദുബെയുടെ ആറ് കൂട്ടാളികളിലൊരാളായ പ്രഭാത് മിശ്രയ്ക്ക് 16 വയസ്സ് തികഞ്ഞതേ ഉള്ളൂ എന്നാരോപിച്ചാണ് മാതാവ് രംഗത്തുവന്നിരിക്കുന്നത്. പ്രഭാത് മിശ്ര യുപി സ്‌കൂള്‍ ബോര്‍ഡ് നടത്തുന്ന 12ാം ക്ലാസ് പരീക്ഷയുടെ ഫലം വന്ന് ഏതാനും ദിവസത്തിനുള്ളിലാണ് കൊല്ലപ്പെടുന്നത്. കുടുംബം പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രഭാത് മിശ്ര ജനിച്ചത് 2004, മെയ് 27നാണ്.

വികാസ് ദുബെ

കാര്‍ത്തികേയ് എന്ന് വിളിപ്പേരുള്ള പ്രഭാത് മിശ്ര, ഗുണ്ടാനേതാവ് ദുബെയുടെ അയല്‍വാസിയാണ്. പ്രഭാത് മിശ്രയെ മറ്റു ചിലരോടൊപ്പം ജൂലൈ 8ന് ഫരീദാബാദില്‍ നിന്നാണ് ഹരിയാന പോലിസ് അറസ്റ്റ് ചെയ്യുന്നത്. അവരില്‍ നിന്ന് രണ്ട് പോലിസ് പസ്റ്റളുകളും തിരകളും കണ്ടെടുത്തുവെന്ന് പോലിസ് പറയുന്നു. ഇവരെയും കൂട്ടി ഫരീദാബാദില്‍ നിന്ന് കാണ്‍പൂരിലേക്ക് വരും വഴി പോലിസ് വാന്‍ ബ്രേക്ക് ഡൗണ്‍ ആയി. ആ സമയം പ്രഭാത് മിശ്ര തോക്ക് തട്ടിയെടുത്ത് പോലിസുകാരെ വെടിവെയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ പോലിസ് പ്രഭാതിനെ വെടിവച്ചുകൊന്നു. ഇതാണ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള പോലിസ് ഭാഷ്യം.

എന്നാല്‍ ഇത് പ്രഭാതിന്റെ മാതാവ് ഗീത മിശ്ര നിഷേധിച്ചു. ഗീത നല്‍കുന്ന മൊഴി അനുസരിച്ച് ജൂലൈ 3ന് പ്രഭാതും ഗീതയും ഭര്‍ത്താവിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. അന്നുതന്നെയാണ് ദുബെ 8 പോലിസുകാരെ കൊന്നത്. പിതാവ് ഈ സമയത്ത് മറ്റൊരിടത്തായിരുന്നു. കൊലപാതകവാര്‍ത്ത അറിഞ്ഞ ഗീത മകനോട് മറ്റെവിടെയെങ്കിലും പോകാന്‍ ആവശ്യപ്പെട്ടു. അവന്‍ പോയി. അതേ രാത്രി പോലിസ് അവരുടെ വീട്ടിലെത്തുകയും അവരുടെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഫോണില്ലാത്തതുകൊണ്ട് മകനെ വിളിക്കാന്‍ ഗീതയ്ക്കു കഴിഞ്ഞില്ല. പിന്നീട് മകന്‍ കൊല്ലപ്പെട്ട വിവരമാണ് അവര്‍ അറിയുന്നത്.

കാര്‍ത്തികേയ് എന്ന് വിളിപ്പേരുള്ള പ്രഭാത് മിശ്ര

നല്ല നിലയില്‍ 10ഉം 12ഉം ക്ലാസുകള്‍ പാസായ മകന്‍ എയര്‍ഫോഴ്‌സില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗീത പറയുന്നു. തന്റെ സഹോദരനെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നെന്ന് സഹോദരിയും കുറ്റപ്പെടുത്തുന്നു.

അതേസമയം ഹരിയാന പോലിസ് പറയുന്നത് പ്രഭാത് മിശ്രയ്ക്ക് 19 വയസ്സു തികഞ്ഞുവെന്നാണ്. പ്രഭാതും ദുബെയുടെ സ്വാധീനത്തില്‍ പെട്ട് ഭീകരനായി മാറിക്കഴിഞ്ഞെന്ന് കാന്‍പൂര്‍ റെയ്ഞ്ച് ഐജി മൊഹിത് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം ദുബെയുടെ കൊലപാതകത്തോടെ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മിണ്‍ താക്കൂര്‍ സംഘര്‍ഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. പ്രഭാത് മിശ്രയുടെ മരണവും ഈ സംഘര്‍ഷത്തെ വലിയ തോതില്‍ വളര്‍ത്തിയിട്ടുണ്ട്.

യുപിയിലെ രണ്ട് പ്രമുഖ സവര്‍ണ ജാതികളാണ് ബ്രാഹ്മണരും താക്കൂറുകളും. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുപിയില്‍ 10 ശതമാനം ബ്രാഹ്മണരാണ്. ആദ്യ കാലത്ത് കോണ്‍ഗ്രസ്സിന്റെ ഏറ്റവും വിശ്വസ്തരായ വിഭാഗമായിരുന്നു ഇവര്‍. ബിജെപിയും ഒരര്‍ത്ഥത്തില്‍ ഇതേ വിഭാഗത്തെയാണ് കൈവശം വയ്ക്കാന്‍ ശ്രമിച്ചത്. അധികാരത്തില്‍ താക്കൂറുകളും ബ്രാഹ്മണരും തമ്മിലുള്ള സംഘര്‍ഷം പക്ഷേ, പുതിയ പ്രതിഭാസമല്ല, അതിന് മധ്യകാലത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നവാബുമാരുടെയും ബ്രിട്ടിഷ് രാജിന്റെയും കാലം മുതല്‍ അത് നിലവിലുണ്ട്.

പ്രഭാത് മിശ്രയുടെ മാര്‍ക്ക് ഷീറ്റ്

സ്വാതന്ത്ര്യാനന്തരം നിലവില്‍ വന്ന കോണ്‍ഗ്രസ്സ് അടിസ്ഥാനപരമായും ബ്രാഹ്മണരെയാണ് പിന്തുണച്ചത്. ജനസംഖ്യാനുപാതികമായതിനേക്കാള്‍ കൂടുതല്‍ നേട്ടം അവര്‍ കൊയ്തതില്‍ താക്കൂര്‍മാര്‍ക്ക് വലിയ പരാതിയുണ്ടായിരുന്നു. മണ്ഡല്‍ കാലമായതോടെ ഇവര്‍ക്കിടയില്‍ ചില നീക്കുപോക്കുകള്‍ സംഭവിച്ചു. കാരണം പിന്നാക്കക്കാരും ദലിതരും അധികാരത്തിനുള്ള ശ്രമമാരംഭിച്ചു. ബിഎസ്പിയുടെ വിജയം അവരില്‍ അധികാരനഷ്ടമുണ്ടാക്കി. ഇതൊക്കെ പരസ്പരമുള്ള അധികാരവുമായി ബന്ധപ്പെട്ട ശത്രുത വളര്‍ത്താനേ ഉപകരിച്ചുള്ളൂ. ബ്രാഹ്മണരെ കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും കോണ്‍ഗ്രസ്സും മാത്രമല്ല, ബിഎസ്പിയും നടത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബിജെപി യുപിയില്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍ താക്കൂറായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ ബ്രാഹ്മണര്‍ക്കിടയില്‍ വലിയ അധികാര നഷ്ടം അനുഭവപ്പെട്ടു. ഇത് ബ്രാഹ്മണരെ പ്രകോപിപ്പിച്ചിരുന്നു.

പ്രഭാത് മിശ്രയുടെ ആധാര്‍

വികാസ് ദുബെയെ പോലുള്ള പ്രാദേശിക ബ്രാഹ്മണ ഗുണ്ടകള്‍ ബ്രാഹ്മണ യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. ടിക്ക് ടോക്കിലും മറ്റും ഗുണ്ടയായ ദുബെ, ബ്രാഹ്മണയുവാക്കളുടെ ഹീറോയായിരുന്നു. ഒരു രക്ഷക പരിവേഷം തന്നെ ഇത്തരം ഗുണ്ടകള്‍ക്കുണ്ടായിരുന്നു. ടിക് ടോക്ക് നിരോധിച്ചതോടെ ഇപ്പോള്‍ വികാസ് ദുബെ പ്രകീര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്കിലേക്ക് മാറിയിട്ടുണ്ട്. ദുബെയെ പരശുരാമനോട് ഉപമിച്ചുകൊണ്ടുള്ള പ്രചാരണവും നടക്കുന്നു. പ്രഭാത് മിശ്രയെ പോലുള്ള ബ്രാഹ്മണ യുവാക്കളും ദുബെയുടെ സ്വാധീനത്തിലെത്തുന്നതിന്റെ ബലതന്ത്രം ഇതാണ്.

തങ്ങളുടെ രക്ഷകനായ ദുബെയെ കീഴടങ്ങാന്‍ തയ്യാറായിട്ടും പോലിസ് വെടിവച്ചുകൊന്നതാണെന്നാണ് ബ്രാഹ്മണരുടെ പരാതി. ഈ വാര്‍ത്ത പുറത്തുവന്നതോടെ യോഗിക്കെതിരേ ബ്രാഹ്മണര്‍ക്കിടയില്‍ വലിയ തോതിലുളള ക്യാപയിനാണ് നടക്കുന്നത്. മറുഭാഗത്ത് അവസരം മുതലാക്കി കോണ്‍ഗ്രസ്സും മറ്റും ദുബെയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രചാരണവും ആരംഭിച്ചു. ചുരുക്കത്തില്‍ ദുബെ വധവും പ്രഭാത് വധവും പുതിയൊരു ജാതിയുദ്ധത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it