Latest News

വന്ദേ ഭാരത് മിഷന്‍: വിദേശത്ത് കുടുങ്ങിയ 800 ഇന്ത്യക്കാര്‍ നാല് വിമാനങ്ങളിലായി തിരിച്ചെത്തി

വന്ദേ ഭാരത് മിഷന്‍: വിദേശത്ത് കുടുങ്ങിയ 800 ഇന്ത്യക്കാര്‍ നാല് വിമാനങ്ങളിലായി തിരിച്ചെത്തി
X

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ 800 ഇന്ത്യക്കാര്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി നാല് വിമാനങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തി. ദോഹ, സാന്‍ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, സിഡ്‌നി തുടങ്ങി നാല് നഗരങ്ങളില്‍ നിന്ന് നാല് വിമാനങ്ങളിലായാണ് പ്രവാസ ഇന്ത്യക്കാര്‍ തിരിച്ചെത്തിയതെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

''പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വന്ദേ ഭാരത് മിഷനില്‍ 833 ഇന്ത്യക്കാര്‍ ദോഹ, സാന്‍ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ നാല് നഗരങ്ങളില്‍ നിന്ന് നാല് വിമാനങ്ങളില്‍ ഡല്‍ഹി, കൊച്ചി, ഗയ, അഹമ്മദാബാദ് നഗരങ്ങളില്‍ എത്തി''- പുരി ട്വീറ്റ് ചെയ്തു.

മെയ് 7നാണ് സര്‍ക്കാര്‍ വിദേശങ്ങളില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍ ആരംഭിച്ചത്. മിഷന്റെ രണ്ടാം ഘട്ടം മെയ് 16ന് ആരംഭിച്ചു.

ഇരുപതിനായിരം പേര്‍ മിഷന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയെന്ന് പുരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വരുന്ന ആഴ്ചകളില്‍ ഇവരുടെ എണ്ണം വീണ്ടും വര്‍ധിക്കും.

രണ്ടാം ഘട്ട മിഷന്‍ ജൂണ്‍ 13 വരെ നീളുമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

''മെയ് 16നാണ് ഇതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. അത് ജൂണ്‍ 13 വരെ നീണ്ടുനില്‍ക്കും. 47 രാജ്യങ്ങളില്‍ നിന്നായി 162 വിമാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് ഈ ഘട്ടത്തിലെ ശ്രമം''- വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

''ഈ ഘട്ടത്തില്‍ ഇസ്താംബൂള്‍, ഹോച്മിന്‍ സിറ്റി, ലാഗോസ് തുടങ്ങിയ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. മാത്രമല്ല, യുഎസ്സിലേക്കും യൂറോപ്പിലേക്കും കൂടുതല്‍ വിമാനങ്ങള്‍ അയക്കാനും ആലോചിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ടിനെ ഒരു ഇടത്താവളമായി ഉപയോഗിക്കാനും ഉദ്ദേശിക്കുന്നു.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it