Latest News

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; ജാതി മുതലുള്ള നിര്‍ണായക ഘടകങ്ങള്‍ ഇവയാണ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; ജാതി മുതലുള്ള നിര്‍ണായക ഘടകങ്ങള്‍ ഇവയാണ്
X

ഉത്തര്‍പ്രദേശ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 403 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കമ്മീഷന്‍ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായി നടക്കും. ഫെബ്രുവരി 14, 20, 23, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നിവയാണ് മറ്റ് ദിവസങ്ങള്‍. മാര്‍ച്ച് പത്തിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നിസ്സംശയം ജാതിയാണ്. രാഷ്ട്രീയം തന്നെ ജാതിമയമാണ് യുപിയില്‍ എന്നുതന്നെ പറയാം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതിനേതാക്കളെയും ജാതിവിഭാഗങ്ങളെയും കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ബിജെപിയെന്നോ എസ്പിയെന്നോ വ്യത്യാസമില്ല.

ജനുവരി 2ാം തിയ്യതി അഖിലേഷ് യാദവ് യുപിയിലെ മഹുര്‍കലയില്‍ ഒരു പരശുരാമവിഗ്രഹത്തില്‍ പൂജയര്‍പ്പിച്ചു. 108 അടി ഉയരമുളള ഈ വിഗ്രഹത്തില്‍ അര്‍ച്ചന ചെയ്യുന്നത് ബ്രാഹ്മണരെ കയ്യിലെടുക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ്. അഖിലേഷിനു പിന്നാലെ ബിജെപിയും സമാനമായ പരശുരാമ ആരാധന നടത്തി. ലഖ്‌നോവിലായിരുന്നു അത്. ബ്രാഹ്മണ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടി തട്ടിയെടുക്കുമോയെന്ന ഭയമാണ് ബിജെപിയെ ലഖ്‌നോ പരശുരാമക്ഷേത്രത്തോടടുപ്പിക്കുന്നത്. പക്ഷേ, ആരോപണം ബിജെപി നിഷേധിച്ചു. എല്ലാ ജാതികളും തങ്ങള്‍ക്ക് ഒരുപോലെയാണെന്നാണ് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറയുന്നത്. കണക്കനുസരിച്ച് യുപിയില്‍ 13ശതമാനം ബ്രാഹ്മണരാണ്.

ബ്രാഹ്മണരെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായി ബിഎസ്പി, എസ് സി മിശ്രയെ നേതാവായി കൊണ്ടുവന്നിരുന്നു. അതുവഴി ദലിത് വോട്ടുകള്‍ക്കു പുറമെ ബ്രാഹ്മണ വോട്ടുകള്‍ കൂടി പെട്ടിയിലാക്കാമെന്നാണ് കരുതുന്നത്.

ദലിതരും യുപിയിലെ പ്രധാന വിഭാഗമാണ്. ആകെ ജനസംഖ്യയുടെ 21.6 ശതമാനം വരും. 80 ലോക്‌സഭാ സീറ്റില്‍ 17ഉം സംവരണമാണ്. ഇതില്‍ 2019 പൊതുതിരഞ്ഞെടുപ്പില്‍ 14ഉം ബിജെപി നേടി. ബിഎസ്പി രണ്ടും അപ്‌നാ ദള്‍ ഒന്നും നേടി.

ആദ്യകാലത്ത് ബിഎസ്പിക്ക് ദലിത് വോട്ടുകള്‍ ധാരാളം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് വിവിധ പാര്‍ട്ടികളിലേക്ക് വിഭജിച്ചുപോയി.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിന്റെ വീഴ്ചയാണ് മറ്റൊരു ഘടകം. പാര്‍ട്ടികള്‍ വേണ്ടിടത്തോളം അതുപയോഗിക്കുന്നുണ്ട്. ഗംഗയില്‍ ഒഴുകി നടന്ന മൃതദേങ്ങള്‍ ആരും മറന്നിട്ടില്ല.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് റാലികള്‍ നിരോധിച്ചിരിക്കുകയാണ്. അതോടെ പ്രചാരണം ഓണ്‍ലൈനിലേക്ക് മറ്റാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും. എങ്കിലും എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ലഭ്യമല്ലല്ലോ. അതൊരു പ്രതിസന്ധിയാണ്. ഓണ്‍ലൈന്‍ പ്രചാരണം ചെലവ് കാര്യമായി കുറയ്ക്കുമെന്നും കരുതുന്നു.

വര്‍ഗീയതയാണ് യുപിയിലെ മറ്റൊരു ഘടകം. ദലിത്, മുസ് ലിം ബ്രാഹ്മണ വോട്ടുകള്‍ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യോഗി ആദിത്യനാഥ് കഴിഞ്ഞ നാളുകളില്‍ കോണ്‍ഗ്രസ്സിനെ 'യാദൃശ്ചിക ഹിന്ദു'ക്കളെന്നാണ് പരിഹസിച്ചിരുന്നത്. ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ 'തിരഞ്ഞെടുപ്പ് ഹിന്ദു'ക്കളെന്നും വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസ് ഹിന്ദുക്കളാവുന്നതെന്നായിരുന്നു ബിജെപിയുടെ പ്രചാരണം.

2007ല്‍ മുസ് ലിംകള്‍ ബിഎസ്പിക്ക് വോട്ട് ചെയ്തു. 2012ല്‍ എസ്പിയ്‌ക്കൊപ്പം നിന്നു. 2017ല്‍ എസ്പി, കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ സംഘടനകള്‍ക്ക് വോട്ടുകള്‍ വിഭജിച്ചു നല്‍കി. സാധാരണ എസ് പിക്കാണ് മുസ് ലിം വോട്ടുകള്‍ ലഭിക്കുക പതിവ്. ഇത്തവണ അത് വിഭജിച്ചുപോവും. കൂടാതെ എഐഎംഐഎമ്മിനും കുറച്ചു വോട്ടുകള്‍ ലഭിക്കും. സംസ്ഥാനത്തെ ഏറ്റവും നിര്‍ണായകമായ മതവിഭാഗം മുസ് ലിംകളാണ്, രണ്ടാം സ്ഥാനത്ത്. അവരുടെ വോട്ടുകള്‍ ഒന്നിച്ചുനില്‍ക്കാതെ വിഭജിക്കപ്പെടുകയാണ് പതിവ്.

വിലക്കയറ്റമാണ് സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ മറ്റൊരു പ്രശ്‌നം. പണപ്പെരുപ്പം ജനങ്ങളെ തകര്‍ത്തുകളഞ്ഞു. തൊഴിലില്ലായ്മയും രൂക്ഷമായി. ഇന്ധന, പാചകവാതക വിലവര്‍ധനക്കെതിരേ അതി രൂക്ഷമായ സമരമാണ് കഴിഞ്ഞ നാളുകളില്‍ എസ്പി നടത്തിയത്. എംപിമാരും എംഎല്‍സികളും നേരിട്ട് സമത്തിനിറങ്ങി. അത് അവരെ തിരഞ്ഞെടുപ്പില്‍ സഹായിച്ചേക്കും.

അതിനിടിയില്‍ പല പാര്‍ട്ടികളും നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എഎപി 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ആകെ സീറ്റില്‍ 40 ശതമാനം വനിതകള്‍ക്ക് നല്‍കും. വൈദ്യുത സ്‌കൂട്ടറുകള്‍ നല്‍കും. മുതിര്‍ന്ന സ്ത്രീകള്‍ക്കും വിധവകള്‍ക്കും സഹായധനം നല്‍കും. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, അംഗന്‍വാടികളിലെ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കല്‍- ഇങ്ങനെ പോകുന്ന സൗജന്യങ്ങള്‍.

രാഷ്ട്രീയ ലോക് ദള്‍ ഒരു കോടി തൊഴില്‍ നല്‍കും. സ്ത്രീകളുടെ രാഷ്ട്രീയപ്രാതിനിധ്യം വര്‍ധിപ്പിക്കാനും നടപടിയുണ്ടാവും. പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നേയുള്ളൂ.

സംസ്ഥാനത്തെ ക്രമസമാധാനമാണ് മറ്റൊരു പ്രശ്‌നം. ആള്‍ക്കൂട്ടക്കൊലകളും വംശീയ കൊലപാതകങ്ങളും വിദ്വേഷപരാമര്‍ശങ്ങളും യുപിയില്‍ പതിവായിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യവും വര്‍ധിച്ചു. ഇതൊക്കെ മനസ്സില്‍വച്ചായിരിക്കും ഇത്തവണ വോട്ടര്‍മാര്‍ ബൂത്തില്‍ പോകുന്നത്.

Next Story

RELATED STORIES

Share it