Latest News

റഷ്യന്‍ എണ്ണ വ്യാപാരത്തിന് കടിഞ്ഞാണിട്ട് അമേരിക്ക; ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടുത്ത തീരുവ വര്‍ധനയ്ക്ക് സാധ്യത

റഷ്യന്‍ എണ്ണ വ്യാപാരത്തിന് കടിഞ്ഞാണിട്ട് അമേരിക്ക; ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടുത്ത തീരുവ വര്‍ധനയ്ക്ക് സാധ്യത
X

വാഷിങ്ടണ്‍: റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുഡിന്റെ യുദ്ധനടപടികള്‍ക്ക് ധനസഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനുള്ള ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പുതിയ ഉപരോധ ബില്ലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതോടെയാണ് ഇന്ത്യ, ചൈന എന്നിവയ്‌ക്കെതിരായ ഇറക്കുമതി തീരുവകളില്‍ വന്‍ വര്‍ധനയ്ക്ക് സാധ്യത ഉയര്‍ന്നത്. ട്രംപ് അംഗീകരിച്ച പുതിയ ബില്ല് പ്രകാരം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ 500 ശതമാനം വരെ തീരുവ വര്‍ധിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. അടുത്ത ആഴ്ച തന്നെ ബില്ല് വോട്ടിങ്ങിന് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം അറിയിച്ചു. എണ്ണയ്ക്ക് പുറമെ, റഷ്യയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഈ തീരുവ ബാധകമായിരിക്കും. കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ചൈനയ്ക്ക് പിന്നാലെ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഈ വ്യാപാരബന്ധം ഇതിനകം തന്നെ ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉല്‍പ്പന്നങ്ങളിലെ ആകെ നികുതി 50 ശതമാനമായി ഉയര്‍ന്നിരുന്നു

റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ചൈനയും കടുത്ത നടപടികള്‍ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. പ്രതികാരമായി, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപരോധ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍, ആഗോള വ്യാപാര രംഗത്ത് കൂടുതല്‍ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയാണ്.

Next Story

RELATED STORIES

Share it