Latest News

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ കണക്കിലെടുത്ത് വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ തയ്യാറെന്ന് യുഎസ്

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ കണക്കിലെടുത്ത് വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ തയ്യാറെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് കൊണ്ടുവരുന്ന പുതിയ നിയന്ത്രിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി റിപോര്‍ട്ട്. ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ യുഎസ് തയ്യാറാണെന്ന ഊര്‍ജ സെക്രട്ടറി ക്രിസ്റ്റഫര്‍ റൈറ്റിന്റെ അടുത്തകാല പ്രസ്താവനകള്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വെനസ്വേലന്‍ ക്രൂഡ് വാങ്ങല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫോക്സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ്റ്റഫര്‍ റൈറ്റ്, വെനസ്വേലന്‍ എണ്ണയുടെ വിപണനം പുനരാരംഭിക്കുകയാണെന്നും എന്നാല്‍ അത് കര്‍ശനമായി നിയന്ത്രിത ഘടനയിലായിരിക്കുമെന്നും വ്യക്തമാക്കി. യുഎസ് സര്‍ക്കാരുതന്നെ എണ്ണ വിപണനം നടത്തുമെന്നും, നിലവില്‍ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ വെനസ്വേലന്‍ ക്രൂഡ് വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ നടന്ന ഊര്‍ജ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഭാവി ഉത്പാദനത്തില്‍ നിന്നുള്ള എണ്ണ വില്‍പ്പനയും തുടരുമെന്നാണ് സൂചന.

യുഎസ് ഉപരോധങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു ഇന്ത്യ. ഇന്ത്യന്‍ റിഫൈനറികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വലിയ അളവില്‍ വെനസ്വേലന്‍ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം, പുതിയ ക്രമീകരണത്തിലൂടെ 50 ദശലക്ഷം ബാരല്‍ വരെ വെനസ്വേലന്‍ ക്രൂഡ് സംസ്‌കരിച്ച് വില്‍ക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ പ്രമുഖ എണ്ണ കമ്പനികളുടെ എക്സിക്യുട്ടീവുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഈ നീക്കത്തെ ട്രംപ് ഒരു സാമ്പത്തിക അവസരവും രാഷ്ട്രീയ പുനക്രമീകരണവുമെന്ന നിലയിലാണ് അവതരിപ്പിച്ചത്. 'ഞങ്ങളില്‍ നിന്ന് എടുത്തത് ഞങ്ങള്‍ തിരികെ എടുക്കുകയാണ്,' എന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയില്‍ കുറഞ്ഞത് 100 ബില്യണ്‍ ഡോളറെങ്കിലും എണ്ണക്കമ്പനികള്‍ നിക്ഷേപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണ മേഖലയിലെ നിയന്ത്രണം യുഎസിനായിരിക്കുമെന്നും, നിക്ഷേപത്തിന് അനുമതി നല്‍കുന്ന കമ്പനികളെ തന്റെ ഭരണകൂടം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it