Top

സവർണ സംവരണം: പുറത്തുവരുന്നത് ഇടതുസർക്കാരിന്റെ ആസൂത്രിത അട്ടിമറിയെന്ന് പോപുലർ ഫ്രണ്ട്

സവർണ സംവരണം: പുറത്തുവരുന്നത് ഇടതുസർക്കാരിന്റെ ആസൂത്രിത അട്ടിമറിയെന്ന് പോപുലർ ഫ്രണ്ട്
X

കോഴിക്കോട്: ഭരണഘടനാ വിരുദ്ധമായി നടപ്പാക്കിയ സവർണ സംവരണത്തിന്റെ മറവിൽ ആസൂത്രിത അട്ടിമറിയാണ് നടക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. 103ആം ഭരണഘടനാ ഭേദഗതി അനുസരിച്ച് പത്തു ശതമാനം വരെ മുന്നാക്ക സംവരണം ആവാമെന്നാണ് പറയുന്നത്. യാതൊരു പഠനവുമില്ലാതെ സംസ്ഥാനത്ത് 10 ശതാമനം പൂർണ്ണമായും നൽകി ധൃതിപ്പെട്ട് ഉത്തരവിറക്കി. മുന്നാക്ക സംവരണം മെറിറ്റ് സീറ്റിൽ നിന്നേ ആകാവൂ എന്നതും കേരളത്തിൽ അട്ടിമറിച്ച് പിന്നാക്ക സംവരണം ഉൽപ്പടെയുള്ള മുഴുവൻ സീറ്റുകളിൽ നിന്നും പത്തു ശതമാനം ആക്കി. ഫലത്തിൽ സംസ്ഥാനത്ത് 20 ശതമാനമാണ് മുന്നാക്ക സംവരണം അനുവദിച്ചിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ കോഴ്സുകൾക്ക് പ്രവേശനം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഓരോ കോഴ്‌സുകളിലും മെറിറ്റും പിന്നാക്ക സംവരണവും അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പാക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് വേണ്ടി മാത്രം അധികമായി അനുവദിച്ച സീറ്റ് കുറക്കാൻ ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്.

ഹയർസെക്കൻഡറി, എൽഎൽബി കോഴ്സുകളിൽ സവർണ സംവരണത്തിന് നീക്കിവെച്ച സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന വാർത്തയും ഇതോടൊപ്പം വരുന്നുണ്ട്. എൻജിനീയറിങ് പ്രവേശനത്തിൽ മെറിറ്റിലും പിന്നാക്കസംവരണത്തിലും നേടിയതിനെക്കാൾ വളരെ പിറകിലുള്ള മുന്നാക്ക റാങ്കുകാരന് സവർണ സംവരണത്തിലൂടെ പ്രവേശനം ലഭിച്ചിരിക്കുന്നു. മെഡിക്കൽ പിജി ഉൾപ്പടെ എല്ലാ മേഖലയിലും ഈ അനീതി പ്രകടമാണ്.

സവർണ വർഗീയതക്ക് അനുകൂലമായ തങ്ങളുടെ നിലപാട് തിരുത്തുന്നതിന് പകരം സവർണ സംവരണത്തിനെതിരെ നിലപാടെടുത്തവരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ വിജയരാഘവൻ ഉൾപ്പടെയുള്ളവർ ചെയ്തത്. സവർണ അജണ്ടകൾ നടപ്പിലാക്കുന്നതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയേക്കാൾ ഒരുപടി മുന്നിലാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണ് സിപിഎം.

കേരളത്തിൽ മാത്രമാണ് മുസ്ലിംകൾക്ക് സംവരണം ഉള്ളത് എന്നും സമുദായത്തിന് മതിയായ സംവരണം ലഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി മന്ത്രി പിണറായി വിജയൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. കേരളത്തിൽ മാത്രമല്ല മുസ്ലിം സംവരണം ഉള്ളതെന്നത് രാഷ്ട്രീയ താല്പര്യം വെച്ച് മറച്ചുവെക്കുകയാണ് അദ്ദേഹം ചെയ്തത്. സംവരണ സമുദായങ്ങൾക്ക് അനുവദിക്കപ്പെട്ട സംവരണ വിഹിതം ലഭ്യമായിട്ടില്ല എന്നത് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷനും അതിനു ശേഷം വന്ന പാലോളി കമ്മറ്റിയും വസ്തുതകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ്. വസ്തുത ഇതായിരിക്കെ എന്തിന്റെയടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മതിയായ പ്രാതിനിധ്യം ലഭിച്ചുവെന്ന് പറഞ്ഞത് എന്നത് ദുരൂഹമാണ്. അതേ സമയം യാതൊരു പഠനവും വസ്തുതാപരമായ വിലയിരുത്തലും ഇല്ലാതെയാണ് ആവശ്യത്തിലധികം പ്രാതിനിധ്യമുള്ള മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി ഉത്തരവിട്ടിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്ന വ്യാജേന സവർണ വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസവും സർക്കാർ ഉദ്യോഗവും പൂർണ്ണമായും തീറെഴുതിക്കൊടുത്തിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സവർണ സംവരണം ചർച്ചക്ക് വിധേയമാക്കുകയും അതിനെ പിന്തുണക്കുന്നവർക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ സാമൂഹ്യനീതിക്കായി നിലകൊള്ളുന്ന സംഘടനകളും സംവരണ സമുദായങ്ങളും നിലാപാട് സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ്പ്രസിഡന്റ് സി അബ്ദുൽ ഹമീദ് സെക്രട്ടറിമാരായ എസ് നിസാർ, പിപി റഫീഖ്, സിഎ റഊഫ്, ട്രഷറർ കെഎച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it