Latest News

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നതിനു പിന്നില്‍ യുപിയും ഹരിയാനയും; വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നതിനു പിന്നില്‍ യുപിയും ഹരിയാനയും; വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് ലഭിക്കേണ്ട ഓക്‌സിജന്‍ സപ്ലെ ഹരിയാനയും യുപിയും തടസ്സപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സിസോദിയ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ ക്വാട്ട വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഓക്‌സിജനുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകേണ്ട യുപിയിലെയും ഹരിയാനയിലെയും പോലിസ് വിതരണം തടസ്സപ്പെടുത്തുകയാണെന്ന് സിസോദിയ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്കു പിന്നില്‍ ഹരിയാനയുടെയും ഉത്തര്‍പ്രദേശിന്റെയും 'കാട്ടുനീതി'യാണ്. അവിടെയുള്ള ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും പോലിസും അനുവദിക്കുന്നില്ല. ഞങ്ങള്‍ അവിടത്തെ ഉദ്യോഗസ്ഥരുമായും പോലിസുമായും സംസാരിച്ചു. കേന്ദ്രവുമായും ബന്ധപ്പെട്ടു. പക്ഷേ, താഴെത്തട്ടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല''- സിസോദിയ പറഞ്ഞു. ഇത് പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ലെന്നും ഐക്യത്തോടെ തുടരേണ്ട സമയമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രിതിദിനം 700 മെ.ടണ്‍ ഓക്‌സിജനാണ് ആവശ്യം. കേന്ദ്രം 378 മെ. ടണ്ണാണ് നേരത്തെ നല്‍കിക്കൊണ്ടിരുന്നത്. ഇത് കഴിഞ്ഞ ദിവസം 480 മെ. ടണ്ണായി വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന് ഇനിയും കൂടുതല്‍ ഓക്‌സിജന്‍ വേണം. എങ്കിലും കൂടുതല്‍ അനുവിച്ചതില്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് നന്ദി പറഞ്ഞിരുന്നു.

സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് ഇല്ലാത്ത ഡല്‍ഹി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. ഓക്‌സിജന്‍ നല്‍കാമെന്നേറ്റ ഒരു കമ്പനി കരാറനുസരിച്ച് നല്‍കാതിരുന്നതിനെതിരേ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു.

Next Story

RELATED STORIES

Share it