Latest News

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: 2022 തിരഞ്ഞെടുപ്പ് നേരിടാന്‍ മോദിയുടെ 'സോഷ്യല്‍ എഞ്ചിനീയറിങ്'

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: 2022 തിരഞ്ഞെടുപ്പ് നേരിടാന്‍ മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്
X

എന്തായിരുന്നു മന്ത്രിസഭാ പുനസ്സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മോദിയുടെ പ്രായോഗിക പദ്ധതി? കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനും 50 വയസ്സിനു താഴെയുള്ള നിരവധി പേരെ ഉള്‍ക്കൊള്ളാനും ഈ മന്ത്രിസഭക്ക് കഴിഞ്ഞുവെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ അത് ശരിയാണ് താനും. കാരണം സ്ത്രീകളുടെയും ദലിത്, പിന്നാക്ക, ആദിവാസി വിഭാഗങ്ങളുടെയും എണ്ണം ഈ മന്ത്രിസഭയില്‍ വളരെ അധികമാണ്. അബ്രാഹ്മണരുടെ എണ്ണം 60 ശതമാനത്തിന് മുകളില്‍ വരും. സവര്‍ണ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ബിജെപിയാണ് ഇത് ചെയ്തത്. അടുത്ത തിരഞ്ഞെടുപ്പ് നേരിടുന്നതിനുളള മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് പരീക്ഷണത്തിന്റെ ഒരു സാംപിളാണ് ഇത്.

2014ല്‍ മോദിയുടെ പ്രധാന അജണ്ടകളായിരുന്ന കശ്മീര്‍, രാംമന്ദിര്‍, സിഎഎ ആക്റ്റ് എന്നിവ പാസ്സാക്കിക്കഴിഞ്ഞു. കാര്‍ഷിക നിയമത്തിലുണ്ടായ ഭേദഗതി ഇപ്പോഴും തെരുവില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തോട് മോദിയെടുത്ത സമീപനമാണ് ഏറെ വിമര്‍ശനമേറ്റുവാങ്ങിയത്. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മരിച്ചുവീണത് ലക്ഷങ്ങളാണ്. ഗംഗാ നദി കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കൊണ്ട് നിറഞ്ഞു. ഈ സാഹചര്യത്തില്‍ വേണം മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍. ഇത് ഉന്നംവച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കേന്ദ്ര മന്ത്രിസഭക്ക് രൂപം നല്‍കിയിരിക്കുന്നത്. ജാതി വിഭാഗങ്ങളെ കൂടെ നിര്‍ത്തിയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുമുള്ള നീക്കം.

ഇതുവരെ രാജ്യത്തെ പ്രധാനമന്ത്രിമാരൊന്നും ചെയ്യാത്ത വമ്പന്‍ നീക്കമാണ് പ്രധാനമന്ത്രി മോദി നടത്തിയിരിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ നാലിലൊന്നു പേരെ അദ്ദേഹം തന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. 23 പേരില്‍ ആറ് കാബിനറ്റ് മന്ത്രിമാരടക്കം 12 മന്ത്രിമാരെയാണ് അദ്ദേഹം പുറത്താക്കിയത്. പകരം 43 പേരെ പുതുതായി ഉള്‍പ്പെടുത്തി. കാബിനറ്റ് മന്ത്രിമാരായി 15 പേരും സഹമന്ത്രിമാരായി 28 പേരും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. നിലവില്‍ ആകെ 78 പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്. നിയമപരമായി 81 ആണ് കേന്ദ്ര കാബിനറ്റിന്റെ പരമാവധി അംഗസംഖ്യ. അതിന്റെ അങ്ങേയറ്റം വരെ നരേന്ദ്ര മോദി ഉപയോഗിച്ചുകഴിഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രിക്കു പുറമെ 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 2 സഹമന്ത്രിമാരും 45 സഹമന്ത്രിമാരുമുണ്ട്.

ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജവദേക്കര്‍, സദാനന്ദ ഗൗഢ, രമേശ് പൊക്രിയാല്‍ തുടങ്ങിയവരാണ് 2019ല്‍ അധികാരം ഏറ്റെടുത്തവരില്‍ പുറത്തുപോയ പ്രമുഖര്‍. പകരം ഒരു മുന്‍ ഉദ്യോഗസ്ഥനെയും സ്വകാര്യ മേഖലയിലെ പ്രമുഖനെയും നേരിട്ട് മന്ത്രിസഭയിലെത്തിച്ചു. മാത്രമല്ല, അവര്‍ക്ക് സുപ്രധാനമായ വകുപ്പുകളും നല്‍കി.

എല്ലാ തരത്തിലുള്ള പ്രാദേശിക, ജാതി പരിഗണനകള്‍ക്കനുസരിച്ചാണ് പുതിയ മന്ത്രിമാരെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുടെ വകുപ്പുകളില്‍ മാറ്റമൊന്നുമില്ല. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പില്‍ മാറ്റമില്ല, നിര്‍മലതന്നെ തുടരുന്നു. കൂടുതല്‍ പ്രശ്‌നം നേരിട്ടത് സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെയും കൊവിഡ് ബാധയ്ക്കിരയായ വകുപ്പുകളുടെയും മന്ത്രിമാര്‍ക്കാണ്, ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധനാണ് അതില്‍ പ്രമുഖന്‍.

ആദ്യ കാലത്ത് മിനിമം ഗവണ്‍മെന്റിലാണ് മോദി വിശ്വസിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവസരമൊരുക്കാന്‍ മാക്‌സിമം ഗവണ്‍മെന്റിലേക്ക് മാറിയിരിക്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നുവന്ന കാലുമാറ്റക്കാര്‍ക്കും മോദി കാബിനറ്റില്‍ ഇടം കൊടുത്തു, ഉദാഹരണം ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹത്തിന് കാബിനറ്റ് പദവിയാണ് ലഭിച്ചത്.

പുതിയ മന്ത്രിസഭയില്‍ 27 ഒബിസി ജാതിക്കാരാണ് ഉള്ളത്. 12 പേര്‍ പട്ടികജാതിക്കാരും 8 പേര്‍ പട്ടികവര്‍ഗക്കാരുമാണ്. 5 പേരാണ് ന്യൂനപക്ഷക്കാര്‍. മുസ് ലിം വിഭാഗത്തില്‍ നിന്ന് ആകെ ഒരാള്‍ മാത്രം. 11 പേര്‍ സ്ത്രീകളാണ്. അവരാകട്ടെ ചില പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

77 പേരില്‍ 48 പേര്‍ സവര്‍ണേതര വിഭാഗക്കാരാണ്. 62 ശതമാനം. സവര്‍ണ വിഭാഗത്തിന്റെ പാര്‍ട്ടിയെന്ന ടാഗ് ലൈന്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. ഒപ്പം ഒറ്റുകാരായി പ്രവര്‍ത്തിക്കുന്ന ജാതി നേതൃത്വത്തെ കൂടെ നിര്‍ത്താനുള്ള നീക്കവും.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പല തീരുമാനങ്ങളും. യുപിയാണ് പട്ടികയില്‍ ആദ്യം. യുപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരായി. അതില്‍ 3 പേര്‍ ഒബിസി, മൂന്ന് പേര്‍ എസ് സി, ഒരാള്‍ മാത്രം ബ്രാഹ്മണന്‍!

വടക്ക് കിഴക്കന്‍ പ്രദേശങ്ങളായ അസം, മണിപ്പൂര്‍, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മന്ത്രിമാരുണ്ട്. മഹാരാഷ്ട്രയാണ് മറ്റൊരു പ്രധാന ഘടകം. സംസ്ഥാനത്തുനിന്ന് 4 പേരാണ് മന്ത്രിസഭയിലെത്തിയത്, മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ അടക്കം. മഹാരാഷ്ട്ര ബിജെപിയുടെ പ്രസ്റ്റീജ് പ്രശ്‌നമാണ്. മുസ് ലിംകളെ കൂടെ നിര്‍ത്താന്‍ മോദി ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മന്ത്രിസഭയില്‍ ആകെ ഒരാള്‍ മാത്രം.

ഇതിനര്‍ത്ഥം മോദി.2 കാര്യങ്ങള്‍ മാറ്റിമറിക്കുമെന്നൊന്നുമല്ല. ഭരണം പിടിക്കാനുള്ള ചില പൊടിക്കൈകള്‍ മാത്രം. ഒപ്പം ഹിന്ദുത്വം എത്ര തന്മയത്വത്തോടെയാണ് വംശീയത പ്രയോഗിക്കുന്നതെന്നും നാം തിരിച്ചറിയണം.

Next Story

RELATED STORIES

Share it