Latest News

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉംറ: ആറു മാസത്തിനിടെ എത്തിയത് 45 ലക്ഷം തീര്‍ഥാടകര്‍

ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഉംറ, സിയാറത്ത് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പടിപടിയായി അനുമതി നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉംറ: ആറു മാസത്തിനിടെ എത്തിയത് 45 ലക്ഷം തീര്‍ഥാടകര്‍
X

മക്ക: കൊവിഡിന്റെ രണ്ടാം ഘട്ടം വ്യാപിക്കുമ്പോഴും സൗദിയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന എല്ലാവിധ കൊവിഡ് പ്രോട്ടോകോളുകളും പാലിച്ചാണ് വിശുദ്ധഗേഹത്തില്‍ തീര്‍ഥാടകരെ ഉംറ ചെയ്യാന്‍ അനുവദിക്കുന്നത്. കര്‍ശനമായ നിരീക്ഷണങ്ങളും നിബന്ധനകളുമുണ്ടായിട്ടുപോലും കഴിഞ്ഞ ആറു മാസത്തിനിടെ ദശലക്ഷങ്ങളാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. ഒക്‌ടോബര്‍ നാലു മുതല്‍ റമദാന്‍ ഒന്ന് (ഏപ്രില്‍ 13) വരെയുള്ള ദിവസങ്ങളില്‍ 45 ലക്ഷത്തിലേറെ പേര്‍ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകരും അടക്കം ആകെ 45,14,000 ത്തോളം പേരാണ് ഉംറ നിര്‍വഹിച്ചത്. ഇക്കാലയളവില്‍ ആകെ 1,06,11,000 പേര്‍ വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഉംറ നിര്‍വഹിക്കാനും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും ഒന്നര കോടിയിലേറെ ജനങ്ങള്‍ വിശുദ്ധ ഹറമിലെത്തി.


ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഉംറ, സിയാറത്ത് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പടിപടിയായി അനുമതി നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്. ഒക്‌ടോബര്‍ 4 ന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ഉംറ അനുമതി നല്‍കിയത്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കണക്കിലെടുത്തുള്ള വിശുദ്ധ ഹറമിന്റെ ശേഷിയുടെ 30 ശതമാനം പേര്‍ക്കു (ദിവസത്തില്‍ 6,000 പേര്‍) മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഉംറ അനുമതി നല്‍കിയത്. ഒക്‌ടോബര്‍ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാനും മസ്ജിദുബവി സിയാറത്ത് നടത്താനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കി. മുന്‍കരുതല്‍ നടപടികള്‍ കണക്കിലെടുത്ത് ഹറമിന്റെയും റൗദ ശരീഫിന്റെയും ശേഷിയുടെ 75 ശതമാനം പേര്‍ക്കു വീതമാണ് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കിയത്. ഇതു പ്രകാരം ദിവസത്തില്‍ 15,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും 40,000 പേര്‍ക്ക് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കി.


നവംബര്‍ ഒന്നിന് നിലവില്‍ വന്ന മൂന്നാം ഘട്ടത്തില്‍ സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറയും സിയാറത്തും നിര്‍വഹിക്കാനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കിത്തുടങ്ങി. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പ്രകാരമുള്ള വിശുദ്ധ ഹറമിന്റെയും മസ്ജിദുബവിയുടെയും 100 ശതമാനം ശേഷിയില്‍ മൂന്നാം ഘട്ടത്തില്‍ ഉംറ, സിയാറത്ത് അനുമതി നല്‍കുന്നുണ്ട്. ഇതുപ്രകാരം ദിവസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ 20,000 തീര്‍ഥാടകര്‍ക്കും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ 60,000 പേര്‍ക്കുമാണ് അനുമതി നല്‍കുന്നത്. റമദാന്‍ സമാഗതമായതോടെ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it