Latest News

യുഎഇയില്‍ എണ്ണയിതര മേഖലകളുടെ മുന്നേറ്റം; ജിഡിപി 1.4 ലക്ഷം കോടി ദിര്‍ഹമായി

യുഎഇയില്‍ എണ്ണയിതര മേഖലകളുടെ മുന്നേറ്റം; ജിഡിപി 1.4 ലക്ഷം കോടി ദിര്‍ഹമായി
X

ദുബയ്: എണ്ണയിതര മേഖലകളിലും മറ്റു പ്രധാന വ്യവസായ മേഖലകളിലും രേഖപ്പെടുത്തിയ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 1.4 ലക്ഷം കോടി ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിലാണിത് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചത്.

ഫെഡറല്‍ കോംപറ്റിറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസറ്റിക്ക് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ ജിഡിപി 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും രാജ്യത്തിന്റെ സ്ഥിരതയാര്‍ന്ന സാമ്പത്തിക മുന്നേറ്റമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. എണ്ണയിതര മേഖലകളുടെ പുരോഗതിയാണ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പ്രധാന ആധാരമായി മാറിയത്. ഈ മേഖലയില്‍ 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഒരു ലക്ഷം കോടി ദിര്‍ഹം കടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക ഇന്‍ഷുറന്‍സ് സേവന മേഖല ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിച്ചു. നിര്‍മ്മാണ മേഖലയില്‍ 8.7 ശതമാനവും ഉല്‍പാദന മേഖലയില്‍ 6.9 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് മൊത്തചെറുകിട വ്യാപാര മേഖലയാണ്. ആകെ വളര്‍ച്ചയില്‍ 16.1 ശതമാനം സംഭാവന ഈ മേഖല നല്‍കിയിട്ടുണ്ട്. ഉല്‍പാദന മേഖല 13.9 ശതമാനവും സാമ്പത്തിക സേവന മേഖല 13.5 ശതമാനവും നിര്‍മ്മാണ മേഖല 11.9 ശതമാനവും സംഭാവന നല്‍കി. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെ ശക്തിപ്പെടുത്താനുള്ള ദീര്‍ഘകാല നയങ്ങളും പരിഷ്‌കരണങ്ങളും ഫലപ്രദമായി നടപ്പാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിന്‍ തുഖ് അല്‍ മര്‍റി വ്യക്തമാക്കി.

'യുഎഇ 2031' എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത പത്തു വര്‍ഷത്തിനകം ജിഡിപി ഇരട്ടിയാക്കി മൂന്നു ലക്ഷം കോടി ദിര്‍ഹമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it