Latest News

കാസര്‍കോട് വിഎച്ച്പി പ്രാദേശിക നേതാവടക്കം രണ്ടുപേര്‍ ചികില്‍സ കിട്ടാതെ മരിച്ചു; മരിച്ചവരിലൊരാള്‍ കെ സുരേന്ദ്രന്റെ അംഗരക്ഷകന്‍

കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ ഏഴു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

കാസര്‍കോട് വിഎച്ച്പി പ്രാദേശിക നേതാവടക്കം രണ്ടുപേര്‍ ചികില്‍സ കിട്ടാതെ മരിച്ചു; മരിച്ചവരിലൊരാള്‍ കെ സുരേന്ദ്രന്റെ അംഗരക്ഷകന്‍
X

പി സി അബ്ദുല്ല

കാസര്‍കോട്:കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ചികിത്സ കിട്ടാതെ വീണ്ടും രണ്ടു മരണം. വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും മറ്റൊരാളുമാണ് മരിച്ചത്. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രി(60) ഇന്ന് രാവിലെയാണ് മരിച്ചത്. ഉച്ചയോടെ തുമിനാട് സ്വദേശി യൂസഫും നെഞ്ചുവേദനയെ തുടര്‍ന്ന് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടു. കര്‍ണാടക അതിര്‍ത്തി തുറക്കാത്തതുമൂലം കാസര്‍കോട് ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഇതോടെ ഒന്‍പതായി.

ഹൃദ്രോഗിയായിരുന്ന രുദ്രപ്പ, മംഗളൂരുവിലാണ് ചികില്‍സ തേടിയിരുന്നത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു മരണം സംഭവിച്ചത്.

വിവിധ സംഘപരിവാര സംഘടനകളില്‍ പ്രധാന ചുമതലകള്‍ വഹിച്ച വ്യക്തിയാണ് ഇന്നു മരണപ്പെട്ട രുദ്രപ്പ. ഇപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചു. വിഎഛ്പിയുടെ ഫിസിക്കല്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹൊഹങ്കടയില്‍ വിഎച്ച്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ ഭജന മന്ദിരം ഭാരവാഹിയുമായിരുന്നു.

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ഹൊസങ്കടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് രുദ്രപ്പ ചികില്‍സ തേടിയിരുന്ന ബംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. ഹൃദ്രോഗം മൂര്‍ഛിച്ചിട്ടും രുദ്രപ്പക്ക് വിദഗ്ദ ചികില്‍സ നല്‍കാനായില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി മംഗലാപുരത്ത് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ കാസര്‍കോടോ എത്തിക്കാനായിരുന്നു നിര്‍ദേശം. മംഗലാപുരത്തേയ്ക്ക് പോകാന്‍ എളുപ്പമായിരുന്നുവെങ്കിലും സാധിക്കാത്തതുകൊണ്ട് കാസര്‍കോട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.

ഉച്ചയോടെയാണ് തുമിനാട് സ്വദേശി യൂസുഫ് ചികില്‍സ കിട്ടാതെ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വിദഗ്ധ ചികില്‍സക്കായി റഫര്‍ ചെയ്യുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ ഏഴു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

ഇരുസംസ്ഥാനങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശമുണ്ടായിട്ടും കാസര്‍കോട് നിന്നുള്ള അതിര്‍ത്തികള്‍ തുറക്കില്ല എന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. കാസര്‍കോട് മംഗളൂരു അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ നിലപാട്.

Next Story

RELATED STORIES

Share it