Latest News

പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചു; രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ നില ഗുരുതരം

പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചു; രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ നില ഗുരുതരം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ടു നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരെയും ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ചികില്‍സ തുടരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബരാസാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കഴിഞ്ഞ പത്തുദിവസമായി ചികില്‍സയിലാണ്. ഡിസംബര്‍ പകുതിയോടെ നാദിയ ജില്ലയില്‍ ഉള്ള വീട്ടിലേക്ക് പോയി മടങ്ങിയതിന് പിന്നാലെയാണ് യുവതി നഴ്‌സിന് രോഗലക്ഷണങ്ങള്‍ പ്രകടമായത്. പിന്നാലെ സഹപ്രവര്‍ത്തകനായ പുരുഷ നഴ്‌സിനും സമാന ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തതയില്ലെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. രോഗസ്ഥിരീകരണത്തെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും സംയുക്തമായി കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

1998ല്‍ മലേഷ്യയിലാണ് നിപ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിംഗപ്പൂരിലേക്കും പിന്നീട് ഇന്ത്യയിലേക്കും രോഗവ്യാപനം ഉണ്ടായി. ഇന്ത്യയില്‍ 2001ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 66 കേസുകളും 45 മരണങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ നാദിയ ജില്ലയിലും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് 2018, 2021, 2023, 2024 വര്‍ഷങ്ങളില്‍ കേരളത്തിലും നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തു. 2018ല്‍ 23 കേസുകളില്‍ 21 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it